Sorry, you need to enable JavaScript to visit this website.

പെയ്തുതോരാത്ത മഴകള്‍...

പെയ്തുതീര്‍ന്ന ഇന്നലെകളെയാണ് മഴ എന്നെ ഓര്‍മിപ്പിക്കാറുള്ളത്. ഇനിയും പറഞ്ഞറിയിക്കാനാകാത്ത അനുഭൂതിയും ഗൃഹാതുരതയുമാണ് മഴ മനസില്‍ ജനിപ്പിക്കുന്ന ആദ്യവികാരം. പ്രണയത്തിനും വിരഹത്തിനും ദു:ഖത്തിനും സന്തോഷത്തിനും ഒരു പോലെ അകമ്പടി പോകാന്‍ മഴക്കല്ലാതെ മറ്റെന്തിനാകും.
ഇത്രയേറെ ചിരപരിചിതയായിട്ടും ഇനിയും മഴയെ മടുത്തില്ലല്ലോ!
ആദ്യമായി കണ്ട മഴയും ആദ്യമായി കൊണ്ട മഴയും ആദ്യമായി അനുഭവിച്ച മഴയും ഓര്‍മയിലുണ്ടോ.
ഇരമ്പിയാര്‍ത്തു പെയ്യുന്ന മഴയെ ഉമ്മയുടെ മടിത്തട്ടിലിരുന്ന് കണ്ട് കണ്ണുകള്‍ വിടര്‍ത്തി അത്ഭുതപ്പെട്ട ശൈശവം മറവിയുടെ ഏത് കോണിലാണ് ഒളിച്ചിരിക്കുന്നത്?
കുഞ്ഞു ചരല്‍ക്കല്ലുകള്‍ പതിക്കും പോലെ തറവാടു വീടിന്റെ ഓട്ടിന്‍ പുറത്ത് പതിക്കുന്ന മഴയാണ് ബാല്യത്തിലെ നിറച്ചുപെയ്യുന്ന മഴയോര്‍മ്മ. ഓട്ടിന്‍ പുറത്തിലൂടെ വരയൊപ്പിച്ചു ഒലിച്ചിറങ്ങി നൂലുപോലെ പെയ്യുന്ന മഴ ഇന്നും മോഹിപ്പിച്ചു കൊണ്ടേയിരിക്കുന്നു. സന്ധ്യാസമയത്ത് പെയ്യുന്ന മഴയോട് അന്നും ഇന്നും കെടാത്ത അനുരാഗമാണെനിക്ക്. അരത്തിണ്ണയിലേക്ക് ഇറങ്ങിനിന്ന് ഓട്ടിന്‍പുറത്തു നിന്നും ഊര്‍ന്നിറങ്ങി വരുന്ന മഴത്തുള്ളികളെ വിരല്‍കൊണ്ട് തട്ടിതെറിപ്പിക്കാന്‍ എന്ത് രസമായിരുന്നു. ആ മഴവെള്ളം കൊണ്ട് മുഖം കഴുകിയപ്പോഴത്തെ തണുപ്പില്‍ ഇപ്പോഴും കുളിരുന്നു.
ഉമ്മറക്കോലായില്‍ കത്തുന്ന വൈദ്യുതവിളക്കിന്റെ മഞ്ഞവെളിച്ചം ഇടയ്ക്കിടെ പ്രതിഫലിപ്പിച്ചു ഓട്ടിന്‍ പുറത്തുകൂടെ ഒലിച്ചുവരുന്ന കുഞ്ഞു ജലപാതമായി തോന്നുമായിരുന്നു സന്ധ്യാനേരമഴ. മഴ അല്പം ശമിച്ചാല്‍ വൈദ്യുതവിളക്കിനു ചുറ്റും പറക്കുന്ന ഈയാംപാറ്റകളും മനസ്സിനുള്ളിലെ ചിത്രത്തിലിന്നും ഭദ്രം.
വടക്കിനിയുടെ വാതില്‍പ്പടിയില്‍ നിന്ന്, നടുത്തളത്തില്‍ വെട്ടിയിട്ട ഉണങ്ങാത്ത തേങ്ങാപ്പൂളുകളെ നോക്കി,കര്‍ക്കടക മഴക്കു നേരെ ആവോളം ശകാര വര്‍ഷം ചൊരിഞ്ഞ വല്ലിമ്മച്ചി.


അടുപ്പിന്‍ തിണ്ടിലെ ചുള്ളിക്കമ്പുകള്‍ക്കും ചകിരികള്‍ക്കുമിടയില്‍ മഴയില്‍ നനഞ്ഞമര്‍ന്ന എന്റെ പുസ്തകങ്ങളും ഇടം നേടിയ നാളുകള്‍.
തലമുടിയില്‍ നിന്നും ഇറ്റു വീണ മഴത്തുള്ളികളെ തുടച്ച ഉമ്മയുടെ തട്ടത്തിന്‍ തുമ്പും നെറുകിലിട്ടു തന്ന രാസനാദിപ്പൊടിയുടെ തിരുമ്മലും ആസ്വദിച്ച മഴക്കാലം.
ശാഠ്യത്തിനൊടുവില്‍ നനഞ്ഞു തീര്‍ത്ത മഴ നല്‍കിയ പനിച്ചൂടില്‍ വിറച്ചു കിടന്ന മൂവന്തി നേരത്ത്, ചൂടുള്ള പൊടിയരിക്കഞ്ഞിയായി തൊണ്ടയിലേക്കിറങ്ങിയ ഉമ്മയുടെ കരുതലിനും ഉണ്ടായിരുന്നു മഴയുടെ മാര്‍ദ്ദവം. മഴയുടെ സംഗീതത്തിലമര്‍ന്ന് പുതച്ചുമൂടിയുറങ്ങിയ ബാല്യം ഏത് മഴയിലാണ് ഒലിച്ചുപോയത്.
പുള്ളിക്കുട ചൂടി കൂട്ടുകാരികള്‍ക്കൊപ്പം കനത്തമഴയില്‍ കുത്തിയൊലിച്ചിറങ്ങിയ മലവെള്ളത്തില്‍ വെള്ളം തെറിപ്പിച്ച് നടന്ന ബാല്യം.
ഉടുപ്പിന്റെ പിറകില്‍ മഴവെള്ളത്തില്‍ കുതിര്‍ന്ന ചെളിക്കുത്തുകളുമായി ക്ലാസ്സിലെ ബെഞ്ചില്‍ അമര്‍ന്നിരുന്ന നാളുകള്‍.
ടീച്ചറുടെ തറ പറ പറച്ചിലുകള്‍ക്കിടയില്‍ ജാലകത്തിലൂടെ അനുവാദമില്ലാതെ അകത്തേക്കിരമ്പിയെത്തി മുച്ചൂടും നനച്ച മഴ.
തോരാതെ പെയ്ത മഴയില്‍ മണ്ണില്‍ കുതിര്‍ന്നു കിടന്ന ഇലഞ്ഞിപ്പൂക്കളെ പെറുക്കിയെടുത്തു വാസനിച്ചു മാറോടണച്ച കഥകളെത്രയോ ഇനിയും പറയാന്‍ ബാക്കികിടക്കുന്നു. കലഹിച്ചും സ്‌നേഹിച്ചും പങ്കു വെച്ചും ആസ്വദിച്ചു തീര്‍ത്ത ബാല്യത്തിലെ സൗഹൃദങ്ങളുടെ ഓര്‍മ്മകള്‍ക്കും പുതുമഴ മണ്ണില്‍ ജനിപ്പിക്കുന്ന ഗന്ധമാണിന്നും.
മഴക്കാലത്ത് ഇടവഴിയിലെ മതിലുകളില്‍ ധാരാളം ഉറവകള്‍ പ്രത്യക്ഷപ്പെടും. പാടം നിറഞ്ഞു കവിഞ്ഞൊഴുകും .കോരിച്ചൊരിയുന്ന മഴ ബാക്കിയാകുന്ന വൈകുന്നേരങ്ങളില്‍ സ്കൂള്‍ വിട്ടു വരുമ്പോള്‍ കൂറ്റന്‍ പഞ്ചാര മാവു പൊഴിച്ച മാങ്ങയെ പെറുക്കാനോടിയ നേരിയ മുണ്ടെടുത്ത് നിറഞ്ഞുകവിഞ്ഞ പാടത്തേക്കിറങ്ങി പരല്‍മീനുകളെ പരതിയ ബാല്യമേ നീ ഇനി ഒന്നു കൂടെ പിറക്കുമോ.
മഴ നനയാത്ത ചേമ്പിലകള്‍ അത്ഭുതമായി തോന്നിയ കാലം. ചേമ്പിലകളിലിട്ട് മഴത്തുള്ളികളെ ഉരുട്ടിക്കളിച്ചു, അതിന്റെ സ്ഫടിക നിര്‍മ്മലമായ ലാവണ്യം കണ്ടതിശയിച്ചു നിന്നതും ഓര്‍മയില്‍ കുത്തിയൊലിച്ചു പെയ്യുന്നു.
ഉമ്മയുടെ ജ്യേഷ്ഠത്തിയുടെ വീട്ടിലേക്കുള്ള വിരുന്നു പോക്കിലാണ് കുളവും മഴയും പ്രണയിക്കുന്നത് ആദ്യമായി കണ്ടത്. വഴുക്കുള്ള കല്‍പ്പടവില്‍ കുടചൂടി നിന്ന് കുളത്തിന്റെ ജലപ്പരപ്പിനു മീതെ കനത്ത മഴത്തുള്ളികള്‍ വീണു പതിക്കുന്നതില്‍ വിസ്മയം പൂണ്ടു.
കുളത്തിന്റെ ഭിത്തികളില്‍ പറ്റിച്ചേര്‍ന്നു കിടക്കുന്ന ഭീമന്‍ തവളകള്‍ ശബ്ദം ഉണ്ടാക്കി പേടിപ്പിക്കുമെങ്കിലും മഴയെ ഒരിക്കലും പേടിയില്ലായിരുന്നു. അന്നും ഇന്നും സങ്കടങ്ങളും സന്തോഷങ്ങളും പെയ്‌തൊഴിയാന്‍ മഴയോളം നല്ലൊരു കൂട്ടില്ല.
മഴ വെള്ളം കെട്ടി നില്‍ക്കുന്ന ഇടങ്ങളില്‍ സുലഭമായി വളര്‍ന്ന മഷിത്തണ്ടും പറിച്ചെടുത്തായിരുന്നു സ്കൂളിലേക്കുള്ള പോക്ക്. കുന്നിന്‍മുകളിലെ സ്കൂളിലെ തിണ്ണകളിലുംപാറകളിലും പച്ച പായല്‍ നിറഞ്ഞുകിടക്കും. കമ്പെടുത്ത് ആദ്യമായി ചിത്രങ്ങള്‍ കോറിയിട്ട കാന്‍വാസ് ആ പായലായിരുന്നു. മഴമാത്രം നല്‍കിയ പുണ്യം.
മഴക്കാലത്ത് മാത്രം മുളച്ചിരുന്ന പുല്ലെണ്ണ മറ്റൊരു ആശ്ചര്യമായിരുന്നു. മുട്ടോളം മുങ്ങിയ ഇടവഴിയിലൂടെ വസ്ത്രങ്ങള്‍ തെറുത്തുകയറ്റിയായിരുന്നു നടപ്പ്.ഓരേചാരിയുള്ള മതിലിന്മേല്‍ കാണുന്ന ഒരുതരം പുല്ലിന്റെ അറ്റത്ത് മഴത്തുള്ളികള്‍ ഉരുണ്ടുകൂടി തുള്ളിപ്പരുവത്തില്‍ കാണാം. വളരെ ശ്രദ്ധയോടെ ആ നാര് പൊട്ടിച്ചെടുത്ത് അറ്റത്തിരിക്കുന്ന പുല്ലെണ്ണ കണ്ണിലേക്ക് മെല്ലെ ഉറ്റിക്കും. കണ്ണിലുടനീളം പരക്കുന്ന പുല്ലെണ്ണയുടെ ആ കുളിര്‍മ മറ്റൊന്നിനും ഇന്നേവരെ നല്‍കാന്‍ ആയിട്ടില്ല.
കൗമാരമെത്തിയപ്പോള്‍ മഴയോട് പ്രണയമായിരുന്നു. വായിച്ച ഏതോ കഥകളിലെ രാജകുമാരനെ സ്വപ്‌നം കാണാന്‍ പ്രേരിപ്പിച്ചതും മലങ്കാറ്റിനെ കൂട്ട് പിടിച്ചു ആര്‍ത്തു പെയ്യുന്ന മഴ തന്നെയായിരുന്നു. ചേര്‍ത്തുപിടിച്ച് നനയാന്‍ കൊതിപ്പിച്ച മഴകളായിരുന്നു അന്ന് പെയ്തവയെല്ലാം. മുറ്റത്തിറങ്ങി മഴ കൊള്ളുമ്പോള്‍, മഴവെള്ളം ദേഹത്തെ ഇക്കിളിപ്പെടുത്തുമ്പോള്‍, പുളകം കൊണ്ടിരുന്നത് എന്റെ ആത്മാവായിരുന്നു. നീണ്ടു കൊലുന്നനെയുള്ള പാടവരമ്പിലൂടെ ഇരുവശങ്ങളിലും വളര്‍ന്നു കിടന്ന പച്ചപിടിച്ച നെല്‍ക്കതിരുകളെ തഴുകി നടന്നു നീങ്ങിയ കാലം.
മുറിയുടെ ജാലകത്തിലൂടെ മരത്തലപ്പുകളേയും,രാത്രിമുല്ലയെയും നനക്കുന്ന രാത്രി മഴയെ കണ്ട് ഏകാന്തതയുടെ പരിരംഭണത്താല്‍ എന്തിനെന്നറിയാതെ അസ്വസ്ഥമായ കൗമാര മനസ്.
ഫ്‌ളാറ്റിലെ കുഞ്ഞന്‍ വരാന്തയിലിരുന്ന് ഇന്നലെ രാത്രി ഞാന്‍ മഴ കണ്ടു. ഓര്‍മകള്‍ കുത്തിയൊലിപ്പില്‍ ഞാന്‍ ഒഴുകിപ്പോകുന്നു. ഓര്‍മകളാല്‍ കെട്ടുപിണഞ്ഞ മഴകളാണ് ഇന്ന് ചെയ്യുന്നതെല്ലാം. ചില മഴത്തുള്ളികള്‍ക്ക് വേദനയുടെ നനവെങ്കില്‍ മറ്റുള്ളവക്ക് ആഹ്ലാദത്തിന്റെയും പരിഭവത്തിന്റെയും കുളിരാണ്. ഏകാന്തതയുടെ പരുപരുത്ത കരിമ്പടത്താല്‍ മൂടപ്പെട്ട എന്റെ വിരസമായ സായാഹ്നങ്ങളില്‍ ജീവാമൃതമായി പെയ്തു വീഴുകയാണ് മഴ.
മഴയിലേക്ക് കൈകള്‍ നീട്ടിപ്പിടിച്ചു ,കൈത്തലത്തില്‍ ചിന്നിച്ചിതറുന്ന മഴത്തുള്ളികളെ കാണുമ്പോഴും ഉള്ളം കൊതിക്കുന്നത് ഓടിന്‍ പുറത്തുകൂടെ നൂലുപോലെ ഒഴുകിവരുന്ന മഴയെ ആലിംഗനം ചെയ്യാനാണ്..
എത്രയെത്ര മഴകള്‍ പെയ്യുകയും തോരുകയും ചെയ്തു. എത്രയെത്ര മഴകളെ ഉറക്കത്തിലാണ്ട ഞാന്‍ അറിയാതെ പോയ്. എത്രയെത്ര മഴകളെ തിരക്കുകള്‍ക്കിടയില്‍ ഞാന്‍ കാണാതെ നടിച്ചു. എന്നിട്ടും പരിഭവമേതുമില്ലാതെ എന്റെ ഉള്ളിലിന്നും തോരാതെ പെയ്യുന്ന മഴ.
ഗൃഹാതുരതയുടെ തുരുത്തിലേക്ക് ഒച്ചയില്ലാതെ വീഴുമ്പോഴും മൗനത്തെ അക്ഷരങ്ങളാക്കാന്‍ മനസ് വെമ്പുമ്പോഴും മഴയാണെന്നും അഭയം..
ഞാന്‍ നനഞ്ഞുതീര്‍ന്ന ബാല്യകാല മഴകളെയെല്ലാം ഓര്‍മ്മകളുടെ കണക്കിലേക്കെഴുതിച്ചേര്‍ത്തു. ഇന്നു പെയ്യുന്ന മഴയെ അവയെന്ന് കരുതി പ്രണയിക്കാന്‍ മാത്രമേ കഴിയൂ.

Latest News