ന്യദല്‍ഹി- കുട്ടികള്‍ തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് എട്ടു വയസ്സുകാരന് മര്‍ദനമേറ്റു മരിച്ചു. ബീഗംപുര്‍ പ്രദേശത്തു നടന്ന സംഭവത്തില്‍ ഫരീദിയ ദാറുല്‍ ഉലൂമില്‍ പഠിക്കുന്ന അസീമാണ് മരിച്ചത്. ഹരിയാനയിലെ മേവാത്ത് സ്വദേശിയാണ്.
കൊലപാതകവുമായി ബന്ധപ്പെട്ട് പ്രായപൂര്‍ത്തിയാകാത്ത നാലു കുട്ടികളെ കസ്റ്റഡിയിലെടുത്തതായി പോലീസ് അറിയിച്ചു. 10-12 വയസ്സായ കുട്ടികളാണ് അറസ്റ്റിലായത്. ദല്‍ഹിയില്‍ മാളവ്യ നഗറിനു സമീപമാണ് ബീഗംപൂര്‍ ഗ്രാമം. വ്യഴാഴ്ച വൈകിട്ട് ആറു മണിയോടെ ആശുപത്രിയില്‍ വെച്ചാണ് ബാലന് മരിച്ചത്.
രാവിലെ പത്ത് മണിയോടെയാണ് കുട്ടികള്‍ തമ്മില്‍ തല്ലുണ്ടായതെന്ന് ഡി.സി.പി വിജയ് കുമാര്‍ പറഞ്ഞു. മദ്രസക്ക് സമീപം ഒഴിഞ്ഞുകിടക്കുന്ന സ്ഥലത്ത് കളിക്കുന്നതു സംബന്ധിച്ച തര്‍ക്കമാണ് ഏറ്റുമുട്ടലില്‍ കലാശിച്ചതെന്ന് പറയുന്നു. അറസ്റ്റിലായ കുട്ടികള്‍ സമീപ പ്രദേശത്തുള്ളവരാണ്. ഗ്രൗണ്ടില്‍ ക്രിക്കറ്റ് കളിക്കുകയായിരുന്ന അസീമിനോടും മദ്രസയിലെ ഏതാനും കുട്ടികളോടും നാല് കുട്ടികളെത്തി മറ്റൊരു ഭാഗത്തേക്ക് മാറാന്‍ ആവശ്യപ്പെടുകയായിരുന്നു. വിസമ്മതിച്ചതോടെ ഏറ്റുമുട്ടിയ കുട്ടികളിലൊരാള്‍ അസീമിനെ പിടിച്ചു നിലത്തിട്ട് മര്‍ദിച്ചു. മദ്രസയില്‍നിന്ന് മൗലവിമാരെത്തിയാണ് അബോധാവസ്ഥയിലായിരുന്ന അസീമിനെ ആശുപത്രിയിലെത്തിച്ചത്. തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കിയെങ്കിലും രക്ഷിക്കാനായില്ല.