Sorry, you need to enable JavaScript to visit this website.

ദിലീപിന്റെ കളി താനില്ലാത്ത അമ്മയെ തകര്‍ക്കാന്‍ -ലിബര്‍ട്ടി ബഷീര്‍

'അമ്മ'യെ രക്ഷിക്കാനെന്ന പേരിലാണ് ദിലീപിന്റെ രാജിയെങ്കിലും ഇത് ശരിക്കും താനില്ലാത്ത 'അമ്മ'യെ തകര്‍ക്കാനുള്ള നീക്കമാണെന്ന് ലിബര്‍ട്ടി ബഷീര്‍. താന്‍ ഇല്ലാത്ത സംഘടന ഉണ്ടാകരുതെന്നാണ് ദിലീപിന്റെ ദുഷ്ടചിന്തയെന്നും ലിബര്‍ട്ടി ബഷീര്‍ പ്രതികരിച്ചു.

ലിബര്‍ട്ടി ബഷീറിന്റെ വാക്കുകള്‍

-കഴിഞ്ഞ ദിവസം രാജിക്കത്ത് പുറത്തുവിട്ടുകൊണ്ടുള്ള ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ എ.എം.എം.എ എന്ന സംഘടനയെയും എ.എം.എം.എയുടെ പ്രസിഡന്റ് ആയിരിക്കുന്ന മോഹന്‍ലാല്‍ എന്ന വ്യക്തിയെയും വീണ്ടും തരം താഴ്ത്തുകയാണ് ദിലീപ് ചെയ്തത്. കാരണം മോഹന്‍ലാല്‍ ഒരിക്കലും ദിലീപിനെ പുറത്താക്കിയതാണെന്ന് ഒരു പത്രകുറിപ്പിലോ വാര്‍ത്ത സമ്മേളനത്തിലോ പറഞ്ഞിട്ടില്ല. രാജി ആവശ്യപ്പെട്ടു എന്നാണ് പറഞ്ഞിരുന്നത് അത് സത്യമാണ്. മോഹന്‍ലാല്‍ ഒരിക്കലും ഒരു സഹപ്രവര്‍ത്തകന്റെ കാര്യത്തിലും അങ്ങനെ ഒരു കഥ പറയില്ല.

അത് മാത്രമല്ല എ.കെ ബാലന്‍ വകുപ്പ് മന്ത്രിയാണ്. അദ്ദേഹം താരസംഘടന അമ്മയ്ക്ക് കൊടുത്ത നിര്‍ദ്ദേശം ദിലീപിന്റെ രാജി ആവശ്യപ്പെടണം എന്നാണ്. അങ്ങനെ സ്വാഭാവികമായും സംഘടനയ്ക്ക് മീതെ സമ്മര്‍ദ്ദം വരുമ്പോള്‍ രാജി ആവശ്യപ്പെടും. അല്ലാതെ പുറത്താക്കപ്പെടല്‍ അല്ല. അങ്ങനെ ഒരേ ഒരു പുറത്താക്കലേ എ.എം.എം.എയിലും ഫെഫ്കയിലും ഉണ്ടായിട്ടുള്ളൂ. അത് വിനയന്റെയും തിലകന്റെയും പ്രശ്‌നം ആയിരുന്നു. അതല്ലാതെ വേറൊന്നും ഉണ്ടായിട്ടില്ല.

നമുക്ക് പോറല്‍ ഏല്‍ക്കാത്ത രീതിയില്‍ പുറത്താക്കുകയാണെന്ന് പറയാതെ നമ്മള്‍ എഴുതുന്നതാണ് രാജിക്കത്ത്. ആ രാജിക്കത്താണ് ഇന്നലെ ദിലീപ് ഫെയ്‌സ്ബുക്കിലൂടെ പുറത്തു വിട്ടത്. അവിടെ മോഹന്‍ലാലിനെ തരം താഴ്ത്തണ്ട ആവശ്യമില്ല.

നിങ്ങളൊരു കാര്യം മനസിലാക്കണം, പെണ്‍കുട്ടി ആക്രമിക്കപ്പെട്ടതിന് ശേഷം ദിലീപ് എനിക്കെതിരേ ആരോപണം ഉന്നയിച്ചിരുന്നു. അതിന് തൊട്ടു മുന്‍പ് ദിലീപ് മോഹന്‍ലാലിനും ആന്റണി പെരുമ്പാവൂരിനുമെതിരേ ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. കാരണം അന്നവര്‍ ബിസിനസ്സുമായി ബന്ധപ്പെട്ട് അത്ര യോജിച്ചു പോകുന്ന സമയമല്ല.

ഇതിപ്പോള്‍ ജ്യേഷ്ഠസഹോദരനായ മോഹന്‍ലാലിനോട് ആലോചിച്ചാണ് ഞാന്‍ രാജിക്കത്ത് തയ്യാറാക്കിയതെന്നാണ് പറഞ്ഞിരിക്കുന്നത്. അതേ വാചകത്തില്‍ തന്നെ പറയുന്നത് ഒരിക്കലും എന്നെ പുറത്താക്കിയിട്ടില്ല എന്നും. ദിലീപിനെ പുറത്താക്കിയെന്ന് മോഹന്‍ലാല്‍ എന്നെങ്കിലും പത്രസമ്മേളനത്തിലോ മറ്റോ പറഞ്ഞിട്ടുണ്ടോ. രാജി ചോദിച്ചു എന്നുതന്നെയാണ് പറഞ്ഞിട്ടുള്ളത്. അമ്മ എന്ന സംഘടനയില്‍ നിന്ന് പുറത്തുപോകേണ്ടി വന്ന സാഹചര്യത്തില്‍ ഗതികേടില്‍ അയാളുടെ മാനസികാവസ്ഥയുടെ ഭാഗമായാണ് ഈ ഫെയ്‌സ്ബുക്ക് പോസ്റ്റും രാജിക്കത്തും.

രാജിക്കത്ത് പുറത്തു വിടേണ്ട കാര്യമില്ല. കാരണം അത് അടുത്ത എക്‌സിക്യൂട്ടീവിലേ സ്വീകരിക്കണോ തള്ളണോ എന്നെല്ലാം തീരുമാനിക്കൂ. ദിലീപ് കേസില്‍ പെട്ട പ്രതിയാണ്. തുടക്കം മുതലേ സമൂഹ മധ്യത്തില്‍ നിന്ന രക്ഷപ്പെടാന്‍ വേണ്ടി പല മാര്‍ഗങ്ങളും ദിലീപ് ഉപയോഗിക്കുന്നുണ്ട്. സിനിമാക്കാരില്‍ നിന്നും ആരാധകരില്‍ നിന്നും ദിലീപ് അകന്നു കൊണ്ടിരിക്കുകയാണ്. അത് തിരിച്ചു പിടിക്കാനുള്ള നാടകമാണ് ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നത്.

ഈ കത്തില്‍ പറയുന്നത് എ.എം.എം.എയുടെ നന്മയ്ക്ക് വേണ്ടി രാജി വച്ചു എന്നാണ്. എ.എം.എം.എയുടെ നന്മയ്ക്കാണെങ്കില്‍ എ.എം.എം.എയെ കുറ്റപെടുത്തിയാണോ രാജിക്കത്ത് എഴുതേണ്ടത്. അതില്‍ എ.എം.എം.എ എന്ന സംഘടനയെയും മോഹന്‍ലാലിനെയും വളരെ മോശമായാണ് ചിത്രീകരിച്ചിരിക്കുന്നത്.

രണ്ടാമത്തെ കാര്യം എനിക്ക് പറയാനുള്ളത് പണ്ട് സോഹന്‍ റോയ് ഡാം 999 എന്ന ചിത്രം കേരളത്തില്‍ ഷൂട്ടിംഗ് ആരംഭിച്ചിരുന്ന സമയത്ത് ഇന്ന് ദിലീപിനെ വച്ച് സിനിമ സംവിധാനം ചെയ്യുന്ന ഫെഫ്ക ഡയറക്ടര്‍ ബി ഉണ്ണികൃഷ്ണനും എ.എം.എം.എയും ഫെഫ്കയും ഒത്തുചേര്‍ന്നാണ് തിലകന്‍ ചേട്ടനെ, സെറ്റില്‍ മെയ്ക്കപ്പ് ഇട്ടിരുന്ന വ്യക്തിയെ, ചിത്രത്തില്‍ നിന്നും ഒഴിവാക്കി. അന്നദ്ദേഹം കരഞ്ഞുകൊണ്ടാണ് സെറ്റില്‍ നിന്ന് ഇറങ്ങിപ്പോയത്.

ആ ബി. ഉണ്ണിക്കൃഷ്ണനെയാണ് ഇപ്പോള്‍ തന്റെ സ്ഥാപനങ്ങളില്‍ നിന്നും അഴിമതി ആരോപണം ഉന്നയിച്ച് സോഹന്‍ റോയ് പുറത്താക്കിയത്. അപ്പോള്‍ സിനിമാപ്രവര്‍ത്തകരോടും ജനങ്ങളോടും എന്തുകൊണ്ട് താന്‍ പുറത്താക്കപ്പെട്ടു എന്ന് ബോധ്യപ്പെടുത്തേണ്ട ഉത്തരവാദിത്തം ഉണ്ണിക്കൃഷ്ണനുണ്ട്.

ഡേറ്റുകള്‍ ഒഴിവാണെങ്കിലും ദിലീപിനെ വച്ച് പടം ചെയ്യാനായി ധൈര്യപ്പെട്ട് ഒരു നിര്‍മാതാവും മുന്നോട്ട് വരില്ല. എടുത്ത പടം തന്നെ പലതും കെട്ടി കിടക്കുകയാണ്. ഇപ്പോള്‍ ഫെഫ്കയുടെ ഡയറക്ടര്‍ കൂടിയായ ഉണ്ണികൃഷ്ണന്‍ ദിലീപിനെ വച്ച് പടം ചെയ്യാന്‍ മുന്നിട്ടിറങ്ങിയിരിക്കുകയാണ്. അയാള്‍ സംവിധായകന്‍ മാത്രമായിരുന്നെങ്കില്‍ കുഴപ്പമില്ല. ഇത് ഫെഫ്കയുടെ ഡയറക്ടര്‍ ആണ്, മലയാള സിനിമാ ഇന്‍ഡസ്ട്രിയുമായി ബന്ധപ്പെട്ട ആളാണ്. ആ വ്യക്തി ദിലീപിനെ വച്ച് പടം ചെയ്യുക എന്നുള്ളത് ജനങ്ങള്‍ക്ക് അത്ര നല്ലതായി തോന്നില്ല.

ദിലീപ് ഫെയ്‌സ്ബുക്ക് പോസ്റ്റ് ചെയ്തത് ആരുടെയെങ്കിലും സമ്മര്‍ദ്ദം മൂലമോ അല്ലെങ്കില്‍ സ്വയം തോന്നിയിട്ടോ എ.എം.എം.എയെയും മോഹന്‍ലാല്‍ എന്ന വ്യക്തിയെയും തരം താഴ്ത്താനായി മനപൂര്‍വ്വം ചെയ്തതാണ്. പുറത്താക്കി എന്നത് ഒരു മാധ്യമങ്ങളിലും വന്നിട്ടില്ല. മോഹന്‍ലാല്‍ പറഞ്ഞിട്ടുമില്ല, അത് ദിലീപ് സ്വയം ഉണ്ടാക്കിയതാണ്. ഇപ്പോള്‍ ദിലീപ് ചെയ്തത് എ.എം.എം.എ എന്ന സംഘടനയെ തകര്‍ക്കാന്‍ വേണ്ടിയാണ് . ഞാന്‍ ഇല്ലാത്ത സംഘടന ഉണ്ടാകരുത് എന്ന ദുഷിച്ച ചിന്താഗതിയോട് കൂടിയാണ് ദിലീപ് മോഹന്‍ലാലിന്റെയും എ.എം.എം.എയുടെയും പേരില്‍ ഇങ്ങനെയൊരു കുറിപ്പിട്ടിരിക്കുന്നത്-ലിബര്‍ട്ടി ബഷീര്‍ ആരോപിച്ചു.
 

Latest News