ചെന്നൈ- തമിഴ്‌നാട്ടില്‍ ഭരണകക്ഷിയായ അണ്ണാ ഡി.എം.കെയുടെ 18 എം.എല്‍.എമാരെ കൂറൂമാറ്റ നിയമപ്രകാരം സ്പീക്കര്‍ അയോഗ്യരാക്കിയ നടപടി മദ്രാസ് ഹൈക്കോടതി ശരിവച്ചു. ഇതോടെ മുഖ്യമന്ത്രി എടപ്പാളി പളനി സ്വാമിയുടെ നേതൃത്വത്തിലുളള അണ്ണാ ഡി.എം.കെ സര്‍ക്കാരിന് ആശ്വാസമായി. പാര്‍ട്ടി വിട്ട് പുതിയ പാര്‍ട്ടി രൂപീകരിച്ച വിമത നേതാവ് ടി.ടി.വി ദിനകരനെ പിന്തുണയ്ക്കുന്ന എം.എല്‍.എമാരേയാണ് അയോഗ്യരാക്കിയത്. ഒറ്റുകാര്‍ പാഠം പഠിച്ചുവെന്നാണ് അണ്ണാ ഡി.എം.കെയുടെ പ്രതികരണം. അതേസമയം ഇതു തിരിച്ചടിയല്ലെന്നും രാഷ്ട്രീയത്തിലെ ഒരു അനുഭവമാണെന്നും ദിനകരന്‍ പ്രതികരിച്ചു. ഈ വിധി തങ്ങളുടെ ഐക്യത്തെ ബലപ്പെടുത്തുക മാത്രമെ ചെയ്യുകയുള്ളൂവെന്നും ഭാവികാര്യങ്ങള്‍ അയോഗ്യരാക്കപ്പെട്ട എം.എല്‍.എമാരുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി പളനിസ്വാമി സര്‍ക്കാരിലുള്ള വിശ്വാസം നഷ്ടമായെന്ന് കാണിച്ച് സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച് ഗവര്‍ണര്‍ക്ക് കത്തു നല്‍കിയതിനു പിന്നാലെയാണ് കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ 18 എം.എല്‍.എമാരെ സ്പീക്കര്‍ അയോഗ്യരാക്കിയത്. ഇതു സംബന്ധിച്ച ഹര്‍ജിയില്‍ മദ്രാസ് ഹൈക്കോടതി ജൂണില്‍ ഭിന്ന വിധി പറഞ്ഞിരുന്നു. തുടര്‍ന്ന് കേസ് സുപ്രീം കോടതി നിയോഗിച്ച മുന്നാമതൊരു ജഡ്ജിയുടെ പരിഗണനയ്ക്ക് വിടുകയായിരുന്നു. ഈ ജഡ്ജിയുടെ വിധിയാണ് ഇന്നുണ്ടായത്.
18 എം.എല്‍.എമാരുടെ കൂറുമാറ്റം കരാണം അണ്ണാ ഡി.എം.കെ സര്‍ക്കാരിന് വിശ്വാസ വോട്ട് തേടേണ്ടിവന്നിരുന്നു. ഇന്നത്തെ വിധിയോടെ മുഖ്യമന്ത്രിക്ക് ആശ്വസിക്കാമെങ്കിലും 18 മണ്ഡലങ്ങളിലും ഉപതെരഞ്ഞെടുപ്പു നടക്കാനിരിക്കുന്നത് ഒരു വെല്ലുവിളിയായി മാറും. പാര്‍ട്ടി നേതാവ് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തോടെയാണ് അണ്ണാ ഡി.എം.കെയില്‍ ഭിന്നിപ്പും കൂറുമാറ്റവും രൂക്ഷമായ പ്രതിസന്ധിയിലായത്.