റോം- സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റിലൂടെ ഹാന്‍ഡ്‌സെറ്റിന്റെ പ്രവര്‍ത്തനം മന്ദഗതിയിലാക്കി ഉപഭോക്താക്കളെ വഞ്ചിച്ചതിന് സ്മാര്‍ട്‌ഫോണ്‍ ഭീമന്മാരായ ആപ്‌ളിനും സാംസങിനും ഇറ്റലിയില്‍ 57 ലക്ഷം ഡോളര്‍ പിഴയിട്ടു. ബാറ്ററി എങ്ങനെ പരിപാലിക്കണം, മാറ്റിയിടണം എന്നതു സംബന്ധിച്ച് ഉപഭോക്താക്കള്‍ക്ക് വിവരം നല്‍കാത്തതിന്റെ പേരില്‍ ആപ്‌ളിന് അധികമായി 57 ലക്ഷം ഡോളര്‍ കൂടി പിഴി ചുമത്തി. സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റ് നല്‍കി തങ്ങളുടെ മൊബൈല്‍ ഫോണുകളുടെ പ്രവര്‍ത്തനം മന്ദഗതിയിലാക്കി എന്ന പരാതിയുമായി നിരവധി ഉപഭോക്താക്കളാണ് ഇറ്റാലിയന്‍ തര്‍ക്കപരിഹാര ഏജന്‍സിയെ സമീപിച്ചത്. ഫോണ്‍ മന്ദഗതിയിലാക്കി പുതിയ ഹാന്‍ഡ്‌സെറ്റുകള്‍ വാങ്ങാന്‍ പ്രേരിപ്പിച്ചെന്നാണ് ഉപഭോക്താക്കളുടെ ആരോപണം.
ഇരു കമ്പനികളും ഉപഭോക്താക്കള്‍ക്കു നല്‍കിയ ഫേംവെയര്‍ അപ്‌ഡേറ്റ് ഹാന്‍സെറ്റുകളിലെ പല ഫങ്ഷനുകളും മുടക്കുകയും പ്രകടനം മൊത്തത്തില്‍ കാര്യമായി കുറച്ചെന്നും ഉപഭോക്താക്കള്‍ പരാതിപ്പെടുന്നു. അടിക്കടി പുതിയ മോഡലുകള്‍ വിപണിയിലിറക്കുമ്പോള്‍ മുന്‍ നിര കമ്പനികള്‍ സ്ഥിരമായി പയറ്റുന്ന തന്ത്രമാണിത്. ഫോണ്‍ മന്ദഗതിയിലാകുന്നതോടെ സാങ്കേതികമായി കൂടുതല്‍ അറിവില്ലാത്ത ഉപഭോക്താക്കള്‍ ഇതു ചോദ്യം ചെയ്യാനും തുനിയാറില്ല. മോശം പ്രകടനം ഉപഭോക്താക്കളെ പുതിയ ഫോണ്‍ വാങ്ങാന്‍ നിര്‍ബന്ധിതരാക്കുന്നു.
ഫോണ്‍ മന്ദഗതിയിലാക്കാന്‍ ഇങ്ങനെ ചെയ്തിരുന്നതായി കഴിഞ്ഞ വര്‍ഷം ആപ്ള്‍ സമ്മതിച്ചിരുന്നു. എന്നാല്‍ ഇത് പുതിയ ഫോണ്‍ വാങ്ങാന്‍ ഉപഭോക്താക്കളെ പ്രേരിപ്പിക്കാനായിരുന്നില്ലെന്നും കമ്പനി വ്യക്തമാക്കിയിരുന്നു. ആപ്ള്‍ മാപ്പു പറയുകയും ചെയ്തു.