വാഷിങ്ടണ്‍- യുഎസ് നയങ്ങളെ എങ്ങനെ സ്വാധീനിക്കാമെന്നും പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപുമായി ഏറ്റവും മികച്ച രീതിയില്‍ എങ്ങനെ ഇടപഴകാമെന്നും അറിയാനായി ചൈനീസ്, റഷ്യന്‍ ചാരന്മാര്‍ പലപ്പോഴും ട്രംപിന്റെ വ്യക്തിപരമായ മൊബൈല്‍ ഫോണ്‍ സംഭാഷണങ്ങള്‍ ഒളിഞ്ഞ് കേള്‍ക്കാറുണ്ടെന്ന് മുന്‍ യുഎസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍. തന്റെ ഐഫോണില്‍ നിന്നും ട്രംപ് സുഹൃത്തുക്കളുമായി തമാശയും ഗോസിപ്പുമൊക്കെ പറയുന്ന സംഭാഷണങ്ങളാണ് ചാരന്‍മാര്‍ ഒളിഞ്ഞ് കേള്‍ക്കുന്നത്. ഉപയോഗിക്കുന്ന ഫോണ്‍ സുരക്ഷിതമല്ലെന്ന് സഹായികള്‍ പലതവണ ട്രംപിനെ ഓര്‍മ്മപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. എങ്കിലും തന്റെ ഐഫോണുകള്‍ ഉപയോഗിക്കുന്നത് നിര്‍ത്താന്‍ ട്രംപ് തയാറായിട്ടില്ല. സ്വകാര്യ സംഭാഷണങ്ങള്‍ക്കും വൈറ്റ് ഹൗസിലെ സുരക്ഷിതമായ ലാന്‍ഡ് ലൈന്‍ ഉപയോഗിക്കാന്‍ അദ്ദേഹത്തില്‍ സമ്മര്‍ദ്ദം ചെലുത്തിവരികയാണ് സഹായികള്‍. ഐഫോണിലൂടെ നടത്തുന്ന വിളികളില്‍ രഹസ്യ വിവരങ്ങള്‍ ട്രംപ് പറയുന്നില്ലെന്ന് പ്രതീക്ഷിക്കുകയെ വഴിയുള്ളൂവെന്നാണ് സഹായികള്‍ പറയുന്നത്. ഇലക്ട്രോണിക് സുരക്ഷ സംബന്ധിച്ച ട്രംപിന്റെ ജാഗ്രതക്കുറവ് കൊണ്ടാണ് ഇങ്ങനെ പറയുന്നതെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.
ട്രംപിന് രണ്ട് ഐ ഫോണുകളുണ്ട്. ഇവ നാഷണല്‍ സെക്യൂരിറ്റി ഏജന്‍സിയുടെ നിരീക്ഷണ പരിധിയില്‍ ഉള്ളതാണ്. ഏതെങ്കിലും തരത്തിലുള്ള ചോര്‍ത്തലോ, ഒളിഞ്ഞ്് കേള്‍ക്കലോ നടന്നാല്‍ ഉടന്‍ പിടിക്കപ്പെടും. എന്നാല്‍ മുന്നാമതൊരു ഐഫോണും ട്രംപ് സ്വകാര്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നുണ്ട്. ഇത് സാധാരണ കണക്ഷനാണ്. ഈ ഫോണാണ് രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് തലവേദനയായിരിക്കുന്നത്.
ട്രംപിന്റെ സംഭാഷണങ്ങല്‍ ഒളിഞ്ഞ് കേട്ടാണ് ചൈന ട്രംപിനെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് പഠിച്ചതെന്ന് സുരക്ഷാ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. ട്രംപ് ആരെയാണ് കൂടുതല്‍ കേള്‍ക്കാന്‍ തയാറാകുന്നത്, എങ്ങനെ വാദിച്ചാലാണ് അദ്ദേഹം അംഗീകരിക്കുക, ട്രംപ് എങ്ങനെ ചിന്തിക്കുന്നു, ആരോടാണ് കൂടുതല്‍ അടുപ്പം എന്നിവയൊക്കെയാണ് ചൈനീസ് ചാരന്മാര്‍ ചികഞ്ഞെടുക്കുന്നത്. യുഎസുമായുള്ള വ്യാപാര യുദ്ധം വഷളാകാതെ പിടിച്ചു നിര്‍ത്താന്‍ ഈ വിവരങ്ങള്‍ ഉപയോഗിച്ചുള്ള തന്ത്രങ്ങള്‍ ചൈന പയറ്റുന്നതായും സുരക്ഷാ ഉദ്യോഗസ്ഥര്‍ പറയുന്നു. ട്രംപ് പതിവായി സംസാരിക്കുന്നവരുടെ പട്ടിക തന്നെ ചൈന തയാറാക്കിയിട്ടുണ്ട്. ഇവരിലൂടെ ട്രംപിനെ സ്വാധീനിക്കാനാകുമെന്നാണ് ചൈനയുടെ പ്രതീക്ഷ. അതേസമയം റഷ്യന്‍ ചാരന്മാര്‍ ചൈനക്കാരെ പോലെ കൂടുതല്‍ ചികയാന്‍ തുനിയുന്നില്ലെന്നാണ് സൂചനയെന്നും ഇന്റലിജന്‍സ് വൃത്തങ്ങള്‍ പറയുന്നു.