Sorry, you need to enable JavaScript to visit this website.

ഒബാമക്കും ഹിലരിക്കും പാഴ്‌സല്‍ ബോംബ്; സി.എന്‍.എന്‍ ആസ്ഥാനത്തും സ്‌ഫോടകവസ്തു

ന്യൂയോര്‍ക്ക് പട്ടണത്തിലെ ടൈം വാര്‍ണര്‍ കെട്ടിടത്തിനു പുറത്ത് ബോംബ് സ്‌ക്വാഡിന്റെ ട്രക്കും സ്‌ഫോടക വസ്തു വിദഗ്ധരും.

ന്യൂയോര്‍ക്ക്- സി.എന്‍.എന്‍ ടെലിവിഷന്‍ ചാനലിന്റെ ന്യൂയോര്‍ക്ക് ആസ്ഥാനത്ത് സ്‌ഫോടക വസ്തു കണ്ടെത്തി. ഓഫീസ് പ്രവര്‍ത്തിക്കുന്ന ടൈം വാര്‍ണര്‍ കെട്ടിടത്തില്‍ നിന്ന് ആളുകളെ പൂര്‍ണമായും ഒഴിപ്പിച്ച് പരിശോധന നടത്തി. തത്സമയ സംപ്രേഷണം നിര്‍ത്തിവെച്ചായിരുന്നു പരിശോധന. തപാലിലെത്തിയ കവറിലാണ് സ്‌ഫോടക വസ്തു കണ്ടെത്തിയതെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
മുന്‍ പ്രസിഡന്റ് ഒബാമക്കും മുന്‍ വിദേശകാര്യ സെക്രട്ടറി ഹിലരി ക്ലിന്റണും തപാല്‍ വഴി സ്‌ഫോടക വസ്തു അയച്ചതായും ഇവ കണ്ടെത്തിയതായും സീക്രട്ട് സര്‍വീസ് വെളിപ്പെടുത്തി. ഒബാമയുടേയും ഹിലരിയുടേയും വീടുകളിലേക്കാണ് ഇവ അയച്ചിരുന്നത്.
താപാലില്‍ വന്ന പാക്കറ്റുകള്‍ സാധാരണ ചെയ്യുന്നതു പോലെ തന്നെ പരിശോധനക്ക് വിധേയമാക്കിയപ്പോഴാണ് സ്‌ഫോടക വസ്തു കണ്ടെത്താനായതെന്ന് സീക്രട്ട് സര്‍വീസ് അറിയിച്ചു. ഏതാനും ദിവസം മുമ്പ് ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവ് ജോര്‍ജ് സോറോസിന്റെ വീട്ടില്‍ സമാന രീതിയില്‍ സ്‌ഫോടക വസ്തു കണ്ടെത്തിയിരുന്നു.
മുന്‍ ഉദ്യോഗസ്ഥര്‍ക്കു ലഭിക്കുന്ന കത്തുകള്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ പരിശോധനക്കു ശേഷമാണു കൈമാറാറുള്ളത്.
ഈ മാസം 23 നാണ് ഹിലരിയുടെ പേരില്‍ വിവാദ കത്ത് എത്തിയത്. ബുധനാഴ്ച രാവിലെ ഒബാമയുടെ പേരിലും പെട്ടി എത്തിയെന്ന് യു.എസ് രഹസ്യാന്വേഷണ ഏജന്‍സി പത്രക്കുറിപ്പില്‍ അറിയിച്ചു. സംഭവത്തില്‍ പ്രതികരിക്കാനില്ലെന്ന് ഒബാമയുടെ വക്താവ് അറിയിച്ചു. സംഭവത്തില്‍ എഫ്.ബിഐ അന്വേഷണം ആരംഭിച്ചു.

 

 

Latest News