റിയാദ് - ജമാൽ ഖശോഗി കേസിൽ സൗദി അറേബ്യയുമായുള്ള സഹകരണത്തിൽ വിശ്വാസമുള്ളതായി തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ പറഞ്ഞു. ഖശോഗി കേസിൽ അന്വേഷണം നടത്തുന്നതിന് സൗദി, തുർക്കി ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി സംയുക്ത കമ്മിറ്റി രൂപീകരിക്കുന്നതിന് തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവുമായി താൻ ധാരണയിലെത്തിയിരുന്നു. ഖശോഗി കേസിൽ താൻ സൽമാൻ രാജാവിന് തെളിവുകൾ നൽകിയിട്ടുണ്ട്. സൽമാൻ രാജാവിന്റെ സദുദ്ദേശ്യത്തിൽ തനിക്ക് വിശ്വാസമുണ്ട്.
ഈ കുറ്റകൃത്യത്തിൽ തുർക്കി ഉചിതമായ അന്വേഷണം നടത്തും. പതിനെട്ടു പ്രതികളെയും സൗദിയിലാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. തുർക്കി ഇന്റലിജൻസ് വിവരങ്ങളുമായി ഒത്തുപോകുന്നതാണ് ഇവരുടെ അറസ്റ്റ്. ഇക്കൂട്ടത്തിൽ പതിനഞ്ചു പേർ തുർക്കി കണ്ടെത്തിയവരാണ്. ഖശോഗിക്ക് എന്താണ് സംഭവിച്ചത് എന്ന കാര്യം കണ്ടെത്തുന്നതിന് അന്വേഷണം തുടരും.
കോൺസുലേറ്റിനകത്ത് ഖശോഗി കൊല്ലപ്പെട്ടതായി സൗദി അറേബ്യ സ്ഥിരീകരിച്ചത് പ്രധാന ചുവടുവെപ്പാണെന്നും തുർക്കി പ്രസിഡന്റ് പറഞ്ഞു.
ജമാൽ ഖശോഗിയുടെ മൃതശരീരത്തിന്റെ ഭാഗങ്ങൾ കണ്ടെത്തിയെന്ന വാർത്ത തുർക്കി സുരക്ഷാ വൃത്തങ്ങൾ നിഷേധിച്ചു. തുർക്കിയിലെ സൗദി അറേബ്യൻ കോൺസൽ ജനറലിന്റെ വീട്ടിൽനിന്ന് ഖശോഗിയുടെ മൃതശരീരാവശിഷ്ടങ്ങൾ കണ്ടെത്തിയെന്ന് ബ്രിട്ടനിലെ സ്‌കൈ ന്യൂസ് പുറത്തുവിട്ട വാർത്ത യാഥാർഥ്യത്തിന് നിരക്കുന്നതല്ല. ഇന്നലെ സ്പുട്‌നിക് ന്യൂസ് ഏജൻസിക്ക് നൽകിയ പ്രസ്താവനയിലാണ് തുർക്കി സുരക്ഷാ വിഭാഗം ഇക്കാര്യം വ്യക്തമാക്കിയത്.