ഇന്ത്യയുടെ ആവശ്യത്തില്‍ പല തവണ മറുപടി നല്‍കിയതാണെന്ന് വിശദീകരണം
ബെയ്ജിംഗ്- പാക്കിസ്ഥാന്‍ ആസ്ഥാനമായുള്ള ജയ്‌ഷെ മുഹമ്മദ് നേതാവ് മസൂദ് അസ്ഹറിനെ യു.എന്നിന്റെ ആഗോള ഭീകരപട്ടികയില്‍ ഉള്‍പ്പെടുത്താന്‍ പിന്തുണക്കണമെന്ന ഇന്ത്യയുടെ ആവശ്യം ചൈന വീണ്ടും നിരാകരിച്ചു. ഇതുസംബന്ധിച്ച നിലപാട് വ്യക്തമാക്കിയതാണെന്നു വിശദീകരിച്ചുകൊണ്ടാണ് ചൈനയുടെ മറുപടി.
അതേസമയം, അതിര്‍ത്തി കടന്നുള്ള കുറ്റകൃത്യങ്ങള്‍ തടയുന്ന കാര്യത്തില്‍ ഉറപ്പു നല്‍കുന്നതായി ഇന്ത്യയുമായുള്ള ആദ്യ ആഭ്യന്തര സുരക്ഷാ സഹകരണ കരാറില്‍ ചൈന വ്യക്തമാക്കുന്നു. ഇന്ത്യന്‍ ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗും ചൈനയുടെ പൊതുസുരക്ഷാ മന്ത്രി ഷാവോ കെഷിയും ദല്‍ഹിയിലാണ് ആദ്യ സഹകരണ കരാര്‍ ഒപ്പുവെച്ചത്.
ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിന് നിയമ പാലനം ഉറപ്പു വരുത്തുന്ന കാര്യത്തിലുള്ള സുരക്ഷാ സഹകരണം വളരെ പ്രധാനമാണെന്ന് ചൈനീസ് വിദേശ മന്ത്രാലയ വക്താവ് ഹുവ ചന്‍യിംഗ് വാര്‍ത്താ ലേഖകരോട് പറഞ്ഞു. ഇരുരാജ്യങ്ങള്‍ ഒപ്പുവെച്ച കരാറിനെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു അവര്‍. കുറ്റകൃതങ്ങള്‍ നേരിടുന്നതിനും കൂടുതല്‍ മികച്ച സഹകരണം ഉറപ്പാക്കുന്നതിനും സുരക്ഷാ മേഖലയിലുള്ള സഹകരണം സഹായകമാകുമെന്ന് പ്രതീക്ഷിക്കുന്നതായും ചൈനീസ് വക്താവ് പറഞ്ഞു.
വിഘടന ശക്തികള്‍, ടെലികോം തട്ടിപ്പ്, മയക്കുമരുന്ന് കുറ്റകൃത്യങ്ങള്‍ എന്നിവയില്‍ സഹകരണം പടിപടിയായി മെച്ചപ്പെടുത്താനുള്ള ശ്രമം തുടരും. നിയമ പാലനത്തിലും സുരക്ഷയിലുമുള്ള സഹകരണം കൂടുല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കാനുള്ള ശ്രമം തുടരുമെന്നും അവര്‍ പറഞ്ഞു.
മസൂദ് അസ്്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കുന്ന വിഷയത്തില്‍ ഇന്ത്യയും ചൈനയും നടത്തിയ സംഭാഷണങ്ങള്‍ പരിശോധിക്കേണ്ടതുണ്ടെന്നും ചൈനയുടെ നിലപാട് പല തവണ വ്യക്തമാക്കിയതാണെന്നും വക്താവ് പറഞ്ഞു. അന്താരാഷ്ട്ര ഭീകര വിരുദ്ധ നടപടികളില്‍ ചൈന സജീവമായി പങ്കെടുക്കുന്നുണ്ട്. ഇതിന്റെ പ്രാധാന്യവും ചൈനയുടെ തീരുമാനങ്ങളും ഇതിനകം വ്യക്തമാക്കിയതാണ്. മേഖലയിലെ സമാധാനവും സ്ഥിരതയും ഉറപ്പു വരുത്തുന്നതിന് സുരക്ഷാ സഹകരണം ശക്തമാക്കും -അവര്‍ കൂട്ടിച്ചേര്‍ത്തു. അസമിലെ ഉള്‍ഫ (യുനൈറ്റഡ് ലിബറേഷന്‍ ഫ്രണ്ട് ഓഫ് അസം) ഭീകരന്‍ പരേഷ് ബറുവയ്ക്ക് അഭയം നല്‍കരുതെന്ന് ഇന്ത്യയുടെ അഭ്യര്‍ഥന സംബന്ധിച്ച ചോദ്യത്തിന് മറ്റു രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടില്ല എന്നതാണ് ചൈനയുടെ പ്രഖ്യാപിത നിലപാടെന്ന് വിദേശ മന്ത്രാലയ വക്താവ് മറുപടി നല്‍കി.
മസൂദ് അസ്ഹറിനെ യു.എന്നിന്റെ ആഗോള ഭീകര പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള ശ്രമം വീറ്റോ അധികാരം ഉപയോഗിച്ച് ചൈന ആവര്‍ത്തിച്ച് തടയുകയാണ്.