രാജ്‌നന്ദ്ഗാവ്- ഛത്തീസ്ഗഡ് മുഖ്യമന്ത്രി രമണ്‍ സിംഗ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ കാല്‍ തൊട്ട് വന്ദിച്ചത് വാര്‍ത്തയും ചര്‍ച്ചയുമായി. അടുത്ത മാസം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പത്രിക നല്‍കിയ ശേഷമാണ് 66 കാരനായ രമണ്‍ സിംഗ് 20 വര്‍ഷം ജൂനിയറായ യോഗി ആദിത്യനാഥിന്റെ കാല്‍ തൊട്ട് വന്ദിച്ചത്.
രാഷ്ട്രീയത്തിലെ പരിചയത്തിലും മൂന്ന് തവണ മുഖ്യമന്ത്രിയായ രമണ്‍ സിംഗ് യോഗിയേക്കാള്‍ എത്രയോ മുന്നിലാണ്. 1970 കളുടെ തുടക്കത്തില്‍ വിദ്യാര്‍ഥി ആയിരിക്കെ തന്നെ ബി.ജെ.പിയുടെ ആദ്യരൂപമായ ജനസംഘത്തില്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചയാളാണ് രമണ്‍ സിംഗ്. 1976-77 ജനസംഘത്തിന്റെ യുവജന വിഭാഗത്തിന്റെ പ്രസിഡന്റുമായി. 1972 ലാണ് യോഗി ആദിത്യനാഥ് ജനിച്ചത്.
ദീര്‍ഘകാലം ഭരണത്തില്‍തുടര്‍ന്ന നാലാമത്തെ നേതാവാണ് രമണ്‍സിംഗ്. സിക്കിമിലെ പവന്‍ കുമാര്‍ ചാംലിങ്, മിസോറാമിലെ പു ലാല്‍തന്‍വാല, ഒഡീഷയിലെ നവീന്‍ പട്‌നായിക്ക് എന്നിവരാണ് മറ്റുള്ളവര്‍. 46 കാരനായ യോഗി ആദിത്യനാഥ് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി സ്ഥാനത്ത് ഒന്നര വര്‍ഷം മാത്രമാണ് പൂര്‍ത്തിയാക്കിയത്.
ഗോഖര്‍നാഥ് ക്ഷേത്രത്തിലെ മുഖ്യ പൂജാരിയെന്ന പദവിയാണ് കാവിയണിഞ്ഞ യോഗി ആദിത്യനാഥിനെ എത്ര സീനിയര്‍ നേതാവാണെങ്കിലും തനിക്ക് കീഴിലാക്കാന്‍ സഹായിക്കുന്നത്.
രാഷ്ട്രപതി രാം നാഥ് കോവിന്ദിന്റെ സത്യപ്രതിജ്ഞാ വേളയിലും ഒട്ടേറെ ബി.ജെ.പി നേതാക്കള്‍ യോഗി ആദിത്യനാഥിന്റെ കാല്‍ തൊട്ട് വന്ദിച്ചിരുന്നു. യോഗിക്കു മുമ്പില്‍ തലതാഴ്ത്തുന്ന രാഷ്ട്രപതി കോവിന്ദിന്റെ ചിത്രവും പുറത്തുവന്നിരുന്നു.
രമണ്‍ സിംഗ് മത്സരിക്കുന്ന രാജ്‌നന്ദ്ഗാവ് മണ്ഡലത്തില്‍ നടന്ന റാലിയില്‍ രമണ്‍ സിംഗും യോഗി ആദിത്യനാഥും സംബന്ധിച്ചു. 2008 ലും 2013 ലും ഈ മണ്ഡലത്തില്‍നിന്ന് അദ്ദേഹം ജയിച്ചിരുന്നു. കോണ്‍ഗ്രസിലെ കരുണ ശുക്ലയായിരിക്കും മുഖ്യഎതിരാളി. അന്തരിച്ച മുന്‍ പ്രധാനമന്ത്രി എ.ബി. വാജ്‌പേയിയുടെ മരുമകളാണ് കരുണ ശുക്ല. ഛത്തീസ്ഗഡില്‍ ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന നവംബര്‍ 12-ന് രാജ്‌നന്ദഗാവ് ഉള്‍പ്പെടെ 17 മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ്. ബാക്കി 72 സീറ്റുകളിലേക്ക് നവംബര്‍ 20നാണ് വോട്ടെടുപ്പ്. മധ്യപ്രദേശ്, മിസോറാം, രാജസ്ഥാന്‍, തെലങ്കാന സംസ്ഥാനങ്ങളോടൊപ്പം ഡിസംബര്‍ 11 നാണ് വോട്ടെണ്ണല്‍.