Sorry, you need to enable JavaScript to visit this website.

സ്ത്രീധന ആവശ്യങ്ങളുടെ പട്ടിക നീണ്ടു; സഹികെട്ട വധുവിന്റെ ബന്ധുക്കള്‍ വരനെ മൊട്ടയടിച്ചു വിട്ടു

ലഖ്‌നൗ- വിവാഹ ദിനം അടുക്കുംതോറും സ്ത്രീധനമായി വേണ്ട വസ്തുക്കളുടെ പട്ടിക നീളുകയും ഇവ ലഭിച്ചില്ലെങ്കില്‍ വിവാഹത്തില്‍ നിന്ന് പിന്മാറുമെന്ന് വരന്‍ ഭീഷണിപ്പെടുത്തുകയും ചെയ്തതോടെ സഹിക്കെട്ട വധുവിന്റെ ബന്ധുക്കള്‍ വരനേയും പിതാവിനേയും സഹോദരനേയും മൊട്ടയടിച്ചു. സ്ത്രീധന പീഡനത്തിന് വധുവിന്റെ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. ലഖനൗവിലെ കുര്‍റംനഗറില്‍ ഞായറാഴ്ചയാണ് സംഭവം. കഴിഞ്ഞ ഒരാഴ്ചയായി വരന്‍ ഓരോ ദിവസവും പുതിയ ഓരോന്ന് സ്ത്രീധനമായി ആവശ്യപ്പെട്ടുവരികയായിരുന്നുവെന്ന് വധുവിന്റെ പിതാവ് പറഞ്ഞു.

വിവാഹത്തിന്റെ അഞ്ചു ദിവസം മുമ്പാണ് പുതിയ സ്ത്രീധന ആവശ്യങ്ങള്‍ വരന്‍ ഉന്നയിച്ചത്. ഇത് അംഗീകരിച്ചില്ലെങ്കില്‍ വിവാഹത്തില്‍ നിന്ന് പിന്മാറുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ആരാണ് അവരുടെ തലമൊട്ടയടിച്ചതെന്ന് അറിയില്ല- വധുവിന്റെ മുത്തശ്ശി പറഞ്ഞു.

ആദ്യം ഒരു മോട്ടോര്‍ സൈക്കിളാണ് സ്്ത്രീധനമായി ആവശ്യപ്പെട്ടത്. ഒരെണ്ണം വാങ്ങി നല്‍കിയപ്പോള്‍ അത് വരന് ഇഷ്ടപ്പെട്ടില്ല. മറ്റൊരു ബ്രാന്‍ഡ് വേണമന്നാവശ്യപ്പെട്ടു. ഇത് അംഗീകരിച്ച് വരന് ഇഷ്ടപ്പെട്ട ബൈക്ക് തന്നെ വധുവിന്റെ പിതാവ് വാങ്ങി നല്‍കി. എന്നാല്‍ ആവശ്യങ്ങള്‍ അവടെ അവസാനിച്ചില്ല. പിന്നീട് ഒരു സ്വര്‍ണ നെക്ലേസ് വേണമെന്നായിരുന്നു വരന്റെ ആവശ്യം. ഇതോടെ സഹിക്കെട്ട വധുവിന്റെ ബന്ധുക്കള്‍ ചേര്‍ന്ന് വരനെയും പിതാവിനേയും സഹോദരനേയും പിടികൂടി തൊട്ടടുത്ത ഒരു പാര്‍ക്കില്‍ കൊണ്ടു പോയി തലമൊട്ടയടിച്ചു. ശേഷം മൂന്ന് പേരേയും പോലീസിന് കൈമാറുകയായിരുന്നെന്നും അയല്‍ക്കാര്‍ പറയുന്നു. വരന്റെ ബന്ധുക്കള്‍ മദ്യപിച്ചാണ് എത്തിയതെന്നും അവര്‍ മോശമായി പെരുമാറിയെന്നും വധുവിന്റെ ബന്ധുക്കള്‍ ആരോപിച്ചു.

Latest News