ന്യുദല്‍ഹി- അവിഹിത ബന്ധമുണ്ടെന്ന സംശയത്തിന്റെ പേരില്‍ 23-കാരനായ യുവാവ് രണ്ടു വയസ്സുകാരി മകളുടെ മുന്നിലിട്ട് ഭാര്യയെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തി. മൃതദേഹം എന്തു ചെയ്യണമെന്നറിയാതെ ദിവസം മുഴുവന്‍ മകള്‍ക്കൊപ്പം യുവാവ് കാവലിരിക്കുകയും ചെയ്തു. ഒടുവില്‍ സ്‌റ്റേഷനിലെത്തി പോലീസില്‍ കീഴടങ്ങി. വടക്കന്‍ ദല്‍ഹിയില്‍ കമലാ മാര്‍ക്കറ്റില്‍ വെള്ളിയാഴ്ചയാണ് കൊലപാതകം നടന്നത്. കുറ്റം സമ്മതിച്ച പ്രതി കാമിലിനെ അറസ്റ്റ് ചെയ്തു. ഫ്‌ളാറ്റിലെ രണ്ടാം നിലയില്‍ ഭാര്യയുടെ മൃതദേഹം കിടക്കുന്നുണ്ടെന്നാണ് പ്രതി പോലീസിനെ അറിയിച്ചത്. ഉടന്‍ സ്ഥലത്തെത്തി നടത്തിയ പരിശോധനയില്‍ കാമിലിന്റെ ഭാര്യ 22കാരി രേഷമയുടെ മൃതദേഹം നീലിച്ച അവസ്ഥയില്‍ ഫ്‌ളാറ്റിനകത്ത് കണ്ടെത്തി. വെള്ളിയാഴ്ച കൃത്യം നടത്തിയ ശേഷം പ്രതി മകള്‍ക്കൊപ്പം ശനിയാഴ്ച മുഴുവന്‍ മൃതദേഹത്തിന് കാവലിരിക്കുകയായിരുന്നെന്നും ഞായറാഴ്ച സംഭവം അറിയിച്ചതെന്നും പോലീസ് പറഞ്ഞു. മൃതദേഹം എവിടെയെങ്കിലും കൊണ്ടു പോയി തള്ളണോ കുറ്റം സമ്മതിക്കണോ എന്ന ആശയക്കുഴപ്പത്തിലായിരുന്നുവെന്നും പ്രതി പോലീസിനോട് പറഞ്ഞു.
രണ്ടു പുരുഷ സുഹൃത്തുക്കളുമായി രേഷ്മക്കുണ്ടായിരുന്ന അടുപ്പമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ഇതിനെ ചൊല്ലി കാമിലും രേഷ്മയും വഴിക്കിട്ടു. അവിഹിത ബന്ധം സംശയിച്ച കാമില്‍ മദ്യപിച്ച് വീട്ടിലെത്തി ഭാര്യയുമായി അടിപിടി കൂടിയെന്നും മര്‍ദനത്തിനിടെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നെന്നും പോലീസ് പറഞ്ഞു. മൂന്ന് വര്‍ഷം മുമ്പാണ് ഇവര്‍ വിവാഹിതരായത്. കാമില്‍ അംബേദ്കര്‍ യൂണിവേഴ്‌സിറ്റിയില്‍ പ്യൂണായി ജോലി ചെയ്തു വരികയായിരുന്നു.