ഭൂമി കുലുക്കമായും ഉരുള്‍പൊട്ടലായും മണ്ണിടിച്ചിലായും കത്തുന്ന വേനലായും ഒക്കെ പ്രകൃതി നമുക്ക് തിരിച്ചടി നല്‍കുന്നതാണ്. മനുഷ്യന്റെ ചൂഷണം സകലസീമകളും ലംഘിക്കുമ്പോള്‍ പ്രകൃതി കലിതുള്ളുന്ന സംഭവങ്ങളാണു ലോകമെങ്ങും കണ്ടുവരുന്നത്. ബ്ലാക്ക്പൂള്‍ നിവാസികള്‍ ഇപ്പോള്‍ അനുഭവിക്കുന്നത് പ്രകൃതി ചൂഷണത്തിന്റെ നേരിട്ടുള്ള ആഘാതമാണ്. രണ്ട് ദിവസത്തിനിടെ നാല് തവണയാണ് ബ്ലാക്ക്പൂളിനെ ഞെട്ടിച്ച് ഭൂകമ്പം ഉണ്ടായത്. അതിനു കാരണം ഗ്യാസിനായുള്ള ഖനനപ്രവര്‍ത്തനങ്ങളും.
ഇന്നലെ ഉച്ചകഴിഞ്ഞാണ് ഏറ്റവും ഒടുവില്‍ ഭൂമികുലുക്കം അനുഭവപ്പെട്ടത്. തിങ്കളാഴ്ച മുതലാണ് ഓയില്‍, ഗ്യാസ് സ്ഥാപനമായ ക്വാഡ്രില ഡ്രില്ലിംഗ് ആരംഭിച്ചത്. ഖനനം അവസാനിപ്പിക്കാനുള്ള ആളുകളുടെ നിയമപോരാട്ടം ഹൈക്കോടതിയില്‍ പരാജയപ്പെട്ടതോടെയാണ് ഇത്. രണ്ട് ഭൂകമ്പങ്ങള്‍ ഉണ്ടായതോടെ 2011ല്‍ ആണ് ലങ്കാഷയറില്‍ നടത്തിവന്നിരുന്ന ഖനനപ്രവര്‍ത്തനങ്ങള്‍ കമ്പനികള്‍ അവസാനിപ്പിച്ചത്. അതിനു ശേഷം ഖനനവിരുദ്ധ മുന്നേട്ടങ്ങളുടെ വേദിയായിരുന്നു ഇവിടം. ഏപ്രില്‍ 11നുണ്ടായ ഭൂകമ്പം റിക്ടര്‍ സ്‌കെയിലില്‍ 2.3 രേഖപ്പെടുത്തിയിരുന്നു. ശ്രദ്ധയോടെ പ്രവര്‍ത്തനം തുടരാമെന്നു കോടതിയില്‍ വാഗ്ദാനം നല്‍കിയാണ് ഖനനം പുനരാരംഭിച്ചത്. ഇതോടെ പ്രദേശവാസികള്‍ ആശങ്കയിലാണ്. ഖനന പ്രവര്‍ത്തനം തുടര്‍ന്നാല്‍ വലിയ പാരിസ്ഥിതിക പ്രശ്‌നങ്ങളാണ് മുന്നിലുള്ളതെന്ന് ഗ്ലാസ്‌ഗോ യൂണിവേഴ്‌സിറ്റി ജിയോഫിസിക്‌സ് പ്രൊഫസര്‍ ഡേവിഡ് സ്‌മൈത്ത് മുന്നറിയിപ്പ് നല്‍കി. കോള്‍പ്പാടങ്ങളിലേതിന് സമാനമായ രീതിയില്‍ ചെറിയ പ്രകടമ്പനങ്ങള്‍ വലിയ ഭൂമികുലുക്കങ്ങള്‍ക്കുള്ള മുന്നോടിയാകുമെന്ന് സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റി ഗവേഷണം വ്യക്തമാക്കുന്നു. ഖനനം നിര്‍ത്തുക മാത്രമാണ് പോംവഴിയെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം.