Sorry, you need to enable JavaScript to visit this website.

യെച്ചൂരിയുടെ ചിത്രം മോർഫ്  ചെയ്തതെന്ന് വ്യക്തമായി

യഥാർഥ ചിത്രം: യെച്ചൂരിയും ടീസ്റ്റയും സമ്മേളന സ്ഥലത്ത്.  സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ച വ്യാജ ചിത്രം.

ന്യൂദൽഹി- പൊതുസമ്മേളനത്തിനിടെ സാമൂഹിക പ്രവർത്തക ടീസ്റ്റ സെതൽവാദുമായി സംസാരിച്ചു നിൽക്കുന്ന സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ചിത്രം, രൂപമാറ്റം വരുത്തി, ന്യൂയോർക്ക് ടൈംസ് ദൽഹി ലേഖികയുമായി യെച്ചൂരിയെന്ന തലക്കെട്ടോടെ പ്രചരിപ്പിച്ച സംഘ്പരിവാർ പ്രവർത്തകർക്കെതിരെ നടപടി വേണമെന്ന് ആവശ്യമുയർന്നു. ശബരിമല സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് യെച്ചൂരിയെ അപകീർത്തിപ്പെടുത്താൻ ശ്രമം നടന്നത്.
ശബരിമലയിലെത്തിയ ന്യൂയോർക്ക് ടൈംസിന്റെ ദൽഹി ലേഖിക സുഹാസിനി രാജിന്റെ പേരിലാണ് വ്യാജ ചിത്രങ്ങൾ പ്രചരിപ്പിച്ചത്. സുഹാസിനിയെ ശബരിമലയിലേക്ക് അയച്ചത് സി.പി.എം ആണെന്ന പരോക്ഷ ധ്വനിയോടെയാണ് ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ചത്. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയോടൊപ്പം സുഹാസിനി എന്ന തലക്കെട്ടോടെയാണു സമൂഹ മാധ്യമങ്ങളിൽ ചിത്രങ്ങൾ പ്രചരിച്ചത്.  'ഇതാണ് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടർ. റിപ്പോർട്ടറുമായി കെട്ടിപ്പിടിച്ചു നിൽക്കുന്ന നേതാവിനെയും കാണുക. സുഹാസിനി രാജിന്റെ ദൗത്യം എന്തെന്നു മനസ്സിലായോ? എന്നായിരുന്നു ചിത്രത്തോടൊപ്പമുള്ള ചോദ്യം. എന്നാൽ പൗരാവകാശ പ്രവർത്തക ടീസ്റ്റ സെതൽവാദ് യെച്ചൂരിക്കൊപ്പമുള്ള ചിത്രമാണു സുഹാസിനിയുടേതെന്ന പേരിൽ അടിച്ചുവിട്ടത്.
2015 ഓഗസ്റ്റിൽ മുംബൈയിലെ ആസാദ് മൈതാനിയിൽ നടന്ന സി.പി.എം റാലിയിൽ ഇരുവരും പങ്കെടുത്തപ്പോഴുള്ള ചിത്രമാണ് മോർഫ് ചെയ്ത് പ്രചരിപ്പിച്ചത്. അപകീർത്തിപ്പെടുത്തും വിധം തന്റെ പേരിൽ വ്യാജ ചിത്രങ്ങൾ പ്രചരിക്കുന്നതായി കഴിഞ്ഞ ദിവസം സുഹാസിനി പറഞ്ഞിരുന്നു. ശബരിമലയിൽ റിപ്പോർട്ടിംഗിന്റെ ഭാഗമായി പോയതാണെന്നും ആരുടെയും വിശ്വാസം ഹനിക്കണമെന്ന ലക്ഷ്യമുണ്ടായിരുന്നില്ലെന്നും സുഹാസിനി പറഞ്ഞു. പ്രതിഷേധത്തെത്തുടർന്നു മടങ്ങേണ്ടി വന്നതായും അവർ പറഞ്ഞു. 

 

Latest News