ഷിംല- ഉത്തര്‍ പ്രദേശിലെ ബി.ജെ.പി സര്‍ക്കാര്‍ ചരിത്രപ്രാധ്യാന്യമുള്ള അലഹബാദ് നഗരത്തിന്റെ പേര് പ്രയാഗ്രാജ് എന്നാക്കി മാറ്റിയതിനു പിന്നാലെ ബി.ജെ.പി ഭരിക്കുന്ന മറ്റു സംസ്ഥാനങ്ങളിലും പേരുമാറ്റല്‍ നടപടി പടരുന്നു. ഹിമാചല്‍ പ്രദേശിന്റെ തലസ്ഥാന നഗരമായ ഷിംലയുടെ പേരുമാറ്റി ശ്യാമള എന്നാക്കണമെന്ന ഹിന്ദുത്വ സംഘടനകളുടെ ആവശ്യം സംസ്ഥാനം ഭരിക്കുന്ന ബി.ജെ.പി സര്‍ക്കാര്‍ പരിഗണനയിലാണ്. ഈ ആവശ്യം ഉന്നയിച്ച് ഹിന്ദുത്വ സംഘടനകള്‍ പ്രചാരണം തുടങ്ങിക്കഴിഞ്ഞു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പല നഗരങ്ങള്‍ക്കും ചരിത്രപ്രാധാന്യമുള്ള പേരുകളുണ്ട്. ഇവ മാറ്റിയാണ് ഇപ്പോള്‍ നിലവിലുള്ള പേരുകള്‍ നല്കപ്പെട്ടിരിക്കുന്നത്. ഷിംലയുടെ പേര് ശ്യാമള എന്നാക്കി മാറ്റണമെന്ന് ജനങ്ങള്‍ ആവശ്യപ്പെട്ടാല്‍ ആ നിര്‍ദേശം പരിഗണിക്കും- ആരോഗ്യ മന്ത്രിയും ബി.ജെ.പി നേതാവുമായി വിപിന്‍ സിങ് പാര്‍മര്‍ പറഞ്ഞു.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി സമൂഹ മാധ്യമങ്ങളില്‍ സംഘപരിവാര്‍ അനുകൂലികള്‍ വലിയ പ്രചാരണം ഇതിനു വേണ്ടി തുടങ്ങിയിരിക്കുകയാണ്. ഈ ചര്‍ച്ച സജീവമാക്കി പൊതുജനാഭിപ്രായം സ്വരൂപിക്കാനാണു നീക്കം. അതേസമയം ഇതിനെ എതിര്‍ത്ത് പലരും രംഗത്തു വരികയും ചെയ്തിട്ടുണ്ട്. ഷിംലയുടെ പേരുമാറ്റത്തിനു പിന്നിലെ ഉദ്ദേശമെന്താണെന്ന് വ്യക്തമാക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഹര്ഭജന് സിങ് ഭാജി ആവശ്യപ്പെട്ടു. ഷിംല ചരിത്രമുള്ള പട്ടണമാണ്. പേരുമാറ്റുന്നതോടെ ആ ചരിത്രം മറക്കപ്പെടും. പേരുമാറ്റിയത് കൊണ്ട് എന്തു വികസനമാണ് ഉണ്ടാകുക എന്നും ബി.ജെ.പി പറയണം. ബാലിശമായി ഇത്തരം ചര്‍ച്ചകള്‍ നിര്‍ത്തി സംസ്ഥാന സര്‍ക്കാര്‍ വികസനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.