Sorry, you need to enable JavaScript to visit this website.

ആശങ്ക വേണ്ട; ആധാറുമായി ബന്ധിപ്പിച്ച മൊബൈല്‍ കണക് ഷനുകള്‍ റദ്ദാകില്ല

ന്യൂദല്‍ഹി- ആധാര്‍ ഉപയോഗിച്ച് എടുത്ത മൊബൈല്‍ കണക് ഷനുകള്‍ റദ്ദാകുമെന്ന വാര്‍ത്ത ടെലികോം വകുപ്പും ആധാര്‍ അതോറിറ്റിയായ യു.ഐ.ഡി.എ.ഐയും നിഷേധിച്ചു. മൊബൈല്‍ കണക് ഷന്‍ എടുക്കുന്നതിനായി ആധാര്‍ നമ്പര്‍ ആവശ്യമില്ലെന്ന് സുപ്രീം കോടതി വിധി പുറപ്പെടുവിച്ചതിനു പിന്നാലെയാണ് ആശയക്കുഴപ്പം ഉടലെടുത്തത്. ആധാര്‍ തിരിച്ചറിയല്‍ രേഖയായി നല്‍കി മൊബൈല്‍ കണക്്ഷന്‍ എടുത്തവരുടെ നമ്പറുകള്‍ അസാധുവാകുമെന്ന തരത്തിലാണ് വാര്‍ത്തകള്‍ പ്രചരിച്ചത്.
നിലവിലെ നമ്പറുമായി ആധാര്‍ നമ്പര്‍ ബന്ധിപ്പിച്ചിട്ടുണ്ടെങ്കില്‍ അത് മാറ്റണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് മൊബൈല്‍ കണക്്ഷന്‍ സേവന ദാതാക്കളെ സമീപിച്ച് അപേക്ഷ നല്‍കാം. 50 കോടി കണക്്ഷനുകള്‍ റദ്ദാകുമെന്ന വാര്‍ത്ത ശരിയല്ലെന്ന് അധികൃതര്‍ അറിയിച്ചു. മറ്റേതെങ്കിലും തിരിച്ചറിയല്‍ രേഖ നല്‍കിയ ഉപയോക്താക്കള്‍ക്ക് വേണമെങ്കില്‍ ആധാര്‍ നമ്പര്‍ മൊബൈല്‍ സേവനദാതാക്കളുടെ വിവരശേഖരത്തില്‍നിന്ന് നീക്കം ചെയ്യാം.
ആധാര്‍ ഉപയോഗിച്ച് എടുത്ത മൊബൈല്‍ നമ്പറുകള്‍ റദ്ദാക്കണമെന്ന് വിധിയില്‍ പറഞ്ഞിട്ടില്ലെന്നും മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറയുന്നു. നിലവിലെ നമ്പറുമായി ആധാര്‍ ബന്ധിപ്പിച്ചിട്ടുള്ളവര്‍ സേവന ദാതാക്കളെ സമീപിച്ച് അപേക്ഷ നല്‍കിയാല്‍  മൊബൈല്‍ നമ്പറുമായി ആധാര്‍ ബന്ധിപ്പിച്ചത് നീക്കം ചെയ്യാം. ആധാറിനു പകരമായി മറ്റേതെങ്കിലും തിരിച്ചറിയല്‍ രേഖ നല്‍കണമെന്നും പ്രസ്താവനയില്‍ പറയുന്നു. പുതിയ സിം കാര്‍ഡുകള്‍ നല്‍കാനായി പ്രത്യേക കെ.വൈ.സി സംവിധാനം രൂപവത്കരിക്കും.
ഫോട്ടോ, തിരിച്ചറിയല്‍ കാര്‍ഡുകളുടെ പകര്‍പ്പ്, അപേക്ഷ നല്‍കുന്ന സമയം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഇനി ആവശ്യമായി വരുമെന്നും ആധാര്‍ അതോറിറ്റി അറിയിച്ചു. റിലയന്‍സ് ജിയോയുടെ കണക്്ഷനു വേണ്ടിയാണ് പ്രധാനമായും ആധാര്‍ തിരിച്ചറിയല്‍ രേഖയായി സ്വീകരിച്ചിരുന്നത്. മറ്റു സേവനദാതാക്കളും സ്വീകരിച്ചിരുന്നുവെങ്കിലും ആധാര്‍ നിര്‍ബന്ധമാക്കിയിരുന്നില്ല. ആധാറിന് നിയന്ത്രണങ്ങളോടെ അംഗീകാരം നല്‍കിയ സുപ്രീം കോടതി ക്ഷേമപദ്ധതികള്‍ക്കും പാന്‍ കാര്‍ഡിനും ആദായ നികുതി റിട്ടേണ്‍ നല്‍കുന്നതിനും ആധാര്‍ നിര്‍ബന്ധമാക്കി.
ആധാര്‍ സംബന്ധിച്ച സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ മൊബൈല്‍ നമ്പറുമായി ബന്ധിപ്പിച്ച ആധാര്‍ വിവരങ്ങള്‍ നീക്കം ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കിയേക്കുമെന്ന തരത്തില്‍ കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ വന്നിരുന്നു. 50 കോടി കണക്്ഷനുകളാണ് ഇന്ത്യയില്‍ നിലവില്‍ ആധാര്‍ കെവൈസി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്നത്.
 

Latest News