ബാങ്ക് കൊടുത്തു. നമസ്‌കാരം തുടങ്ങാൻ കുറച്ചു സമയം കൂടിയുണ്ട്. എല്ലാരും കാത്തിരിക്കുന്നു. പല രാജ്യക്കാർ. വിവിധ ഭാഷ സംസാരിക്കുന്നവർ. ചിലർ വാ തോരാതെ സംസാരിക്കുന്നു. ചിലർ ദിക്ർ ചൊല്ലുന്നു. ഖുർആൻ ഓതുന്നു. മറ്റു ചിലർ സംസം കുടിച്ചു വരുന്നു.
പ്രായമായവർക്ക് നടന്നു പോകാനുള്ള ബുദ്ധിമുട്ടോർത്ത് സംസം കുടിക്കാതിരിക്കുന്നു. പള്ളി തിങ്ങി നിറഞ്ഞിരിപ്പാണ്. നീളം കുറഞ്ഞ പർദ ധരിച്ച ഒരു ചെറുപ്പക്കാരി സംസം കുടിച്ചു മടങ്ങി വരുന്നു. ആരോ അവളോട് കുറച്ചു വെള്ളം എടുത്തു കൊടുക്കാമോന്ന് ചോദിക്കുന്നു.
അവൾ സന്തോഷത്തോടെ എടുത്തു കൊടുക്കുന്നു. അപ്പോഴതാ പല ഭാഗത്തു നിന്നും അതേ ആവശ്യം. അവൾ രണ്ടും മൂന്നും ഗ്ലാസുകളിലായി കൊണ്ടുവരുന്നു. മതിയാവുന്നില്ല.കുറച്ചപ്പുറം ബോട്ടിലുമായി ഇരിക്കുന്ന എന്നോടും എളാമ്മയോടുമായി അവൾ വിളിച്ചു ചോദിച്ചു.
'സുനിയേ... വോ ബോത്തൽ സറാ ദേദോ പ്ലീസ്. യഹാ സബ്‌കോ പാനി ചാഹിയെ. ഏക് ഏക് കോ ലാന മുഷ്‌കിൽ ഹേ.. ഇസിലിയെ....'
അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു നിർത്തി.
എനിക്കവളെ നല്ല പരിചയം തോന്നി. പാക്കിസ്ഥാനിയായ അവളെ എനിക്കെവിടുന്നാണ് ഇത്ര പരിചയം തോന്നുന്നത്. ഓ അതിനെന്താ എന്ന ഭാവത്തിൽ വേഗം ബോട്ടിൽ നീട്ടി.
അവൾ ചുറുചുറുക്കോടെ ഓടി വന്നു അത് വാങ്ങി. അടുത്തെത്തിയപ്പോഴാ ഞാനവളെ നന്നായി കാണുന്നത്.
ഇത് റെനയല്ലേ (റെന... എന്റെയൊരു പ്രിയ കൂട്ടുകാരി). അതേ മുഖം. അവളുടേത് പോലുള്ള പ്രസരിപ്പുള്ള സംസാരം. അതേ ചുറുചുറുക്ക്. ഭാഷ ഹിന്ദിയാണെന്നു മാത്രം. വെറുതെയല്ല എനിക്കവളെ കണ്ടപ്പഴേ നല്ല ഇഷ്ടവും അടുപ്പവും തോന്നിയത്.
ബോട്ടിലിൽ വെള്ളമെടുത്ത് അവൾ മറ്റുള്ളവരുടെ ദാഹമകറ്റുന്നത്, അവരൊക്കെ അവൾക്കു വേണ്ടി ദുആ ചെയ്യുന്നത്, എല്ലാം ഞാൻ കൗതുകത്തോടെ നോക്കിയിരുന്നു.
'ഓ മുജെ ബസ് ആപ് ലോഗോ കാ ദുആ ചാഹിയെ... ഓർ കുച്ച് നയി...'
എന്ന് വിനയത്തോടെ പറഞ്ഞു മനോഹരമായി ചിരിച്ചു കൊണ്ട് അവൾ അവളുടെ സ്ഥാനത്ത് പോയി ഇരുന്നു.
നമസ്‌കാരം കഴിഞ്ഞ് തിരക്കൊഴിഞ്ഞപ്പോൾ ഞാൻ വേഗം ആളുകളെ വകഞ്ഞുമാറ്റി അവളുടെ അടുത്ത് ചെന്ന് തോളിൽ തട്ടി പറഞ്ഞു.
'അസ്സലാമു അലൈകും'
അവൾ ഉടൻ തിരിഞ്ഞുനിന്നു നല്ല പരിചയ ഭാവത്തോടെ സലാം വീട്ടി. ഞാൻ എനിക്കറിയാവുന്ന ഹിന്ദിയിൽ അവളോട് കാര്യം പറഞ്ഞു.
'തും ജെസി ഏക് ഫ്രണ്ട് ഹേ മുജെ. ബിൽക്കുൽ തുമാരി തരാ. നാം ക്യാ ഹേ തുമാരി?' അവൾ വിടർന്ന വലിയ കണ്ണുകൾ ഒന്നും കൂടി വിടർത്തി സ്‌നേഹത്തോടെ എന്നെ കെട്ടിപ്പിടിച്ചു മുത്തി.
'ബഹുത് ഖുഷി ഹുയി ആപ്‌സെ മിൽകർ... മേ ഹിറാ' എന്ന് പറഞ്ഞു തുടങ്ങി. പിന്നെ കലപിലാ സംസാരമായിരുന്നു. എന്റെ വ്യാകരണമില്ലാ ഹിന്ദി അവളെ ചിരിപ്പിച്ചോ എന്തോ.
അവൾ എം.എക്കാരിയാണ്. പാക്കിസ്ഥാനിലെ സ്‌കൂൾ ടീച്ചറാണ്. ഉമ്മാമയെയുമായി ഉംറക്കെത്തിയതാണ്. അവൾ വാതോരാതെ സംസാരിച്ചു കൊണ്ടേയിരുന്നു. ഞാൻ നല്ലൊരു കേൾവിക്കാരിയായി.
ഇടക്ക് കുസൃതിച്ചിരിയോടെ അവൾ ചോദിച്ചു.
'ഇന്ത്യ മേ സബ് ടീക് ഹേ ന... മോഡിജി കൈസേ ഹേ?'
പിരിയാൻ നേരം അവൾ പറഞ്ഞ ഒരു കാര്യം എന്നെ അതിശയിപ്പിച്ചു.
'അച്ഛാ ശബാന. ചൽതീഹും. ദുആ കരോ ഹമാരി കശ്മീർ ഹമേ മിൽജായെ'.
എല്ലാരും പറയും പോലെ അവൾക്കും കുടുംബത്തിനും വേണ്ടിയല്ല, കശ്മീർ അവർക്കു കിട്ടാൻ വേണ്ടിയാണ് പോലും ദുആ ചെയ്യേണ്ടത്. ബല്ലാത്തൊരു രാജ്യസ്‌നേഹം തന്നെ.
പിറ്റേന്ന് ളുഹർ നമസ്‌കാരത്തിന് പള്ളിയിലേക്ക് കയറുമ്പോൾ ഓരോ ചിന്തയിലായിരുന്നു ഞാൻ. പടച്ചോനേ, എല്ലായിടത്തും ആളുകൾ നിറഞ്ഞു കാണുമോ. നമസ്‌കാരത്തിനായി കാർപെറ്റു വിരിച്ചിടത്തന്നെ സ്ഥലം കിട്ടുമോ.
വേഗത്തിൽ നടക്കുന്നതിനിടയിൽ എന്തോ പെട്ടെന്ന് ഹിറയെയും ഓർമ വന്നു. പോകുന്നതിനിടക്ക് ഈ ജനസാഗരത്തിൽ ഇനി അവളെ കണ്ടുമുട്ടുമോ. അതോർത്തു തീർന്നില്ല എളാമ അവളെ കണ്ടുപിടിച്ചു.
നോക്കുമ്പോ ചിരിയോടെ മുന്നിൽ നിൽക്കുന്നു ഹിറാ. കൂടെ അവളുടെ നാനിയും. എനിക്ക് നല്ല സന്തോഷം തോന്നി. വീണ്ടും കാണുമെന്ന് വിചാരിച്ചതേയില്ല. കണ്ടയുടനെ അവൾ ഓടി വന്നു കെട്ടിപ്പിടിച്ചു.
'മേനെ അഭി അഭി തുമേ യാദ് കിയ ഹിറാ.'
എന്ന് ഞാൻ പറഞ്ഞപ്പോ കുസൃതിയോടെ അവൾ ചോദിച്ചു.
'ആഹാ.. ബസ് അഭി യാദ് കിയ..? മേനെ തോ സാറാ ദിൻ തുമേ യാദ് കർത്തി രഹി!'
ഞാനങ്ങു ധന്യയായി.
മറ്റൊരു ദിവസം പള്ളിയിൽ ഇരിക്കുമ്പോ അടുത്തിരുന്ന ഒരു പാക്കിസ്ഥാനി സ്ത്രീ തീരെ മയമില്ലാതെ ചോദിച്ചു.
'നാം ക്യാ ഹേ?'
ഞാൻ ചിരിച്ചു കൊണ്ട് 'ശബാന' എന്ന് പറഞ്ഞു.
അടുത്ത ചോദ്യം
'കഹാസേ ഹോ?'
ഞാൻ വലിയ അഭിമാനത്തോടെ പറഞ്ഞു.
'ഇന്ത്യ സെ'
പറഞ്ഞതും അവളെന്നെയൊരു നോട്ടം. എന്നിട്ടു കുറ്റപ്പെടുത്തും പോലൊരു ചോദ്യവും.
'നാം തോ മുസൽമാൻ കി ഹോ..ഫിർ ഇന്ത്യ മേ ക്യോ രഹതീഹോ'.
പകച്ചു പോയി ഞാൻ.