Sorry, you need to enable JavaScript to visit this website.

സുഖപ്രസവം വേദനയില്ലാതെ  

ഇരുപത് വർഷം മുമ്പ്, കേരളത്തിലെ ഒരു ആശുപത്രിയിലെ പ്രസവ മുറി.  പ്രസവ വേദന തുടങ്ങിയതോടെയായിരുന്നു പാർവതിയെ അവിടേക്ക് കൊണ്ടുവന്നത്.  വന്നും പോയും കൊണ്ടിരുന്ന വേദന.  സമയം ചെല്ലുന്തോറും തീവ്രത കൂടിക്കൂടി പിടിമുറുക്കി.  താൻ അനുഭവിച്ചുകൊണ്ടിരിക്കുന്ന വേദന എല്ലാ അളവുകോലുകൾക്കും അപ്പുറമാണെന്ന് അവൾ വിളിച്ചു പറയുന്നുണ്ടായിരുന്നു. മജ്ജ തുളച്ചു കയറുന്ന പോലെയോ എല്ലു നുറുങ്ങുന്ന പോലെയോ അല്ലെങ്കിൽ അതിനെല്ലാം മേലെയോ എന്ന പോലെ വേദന അവളുടെ സർവ്വ പ്രജ്ഞകളെയും തകർക്കാൻ തുടങ്ങിയപ്പോഴൊക്കെ അവൾ അലമുറയിട്ടു കരഞ്ഞുകൊണ്ടിരുന്നു. പ്രസവ മുറിയുടെ  ചുവരുകളിൽ അവ പ്രതിധ്വനികളായി രൂപപ്പെട്ടു. വേദന സഹനത്തിന്റെ അതിർവരമ്പുകളെ ഭേദിച്ചുകൊണ്ടിരുന്നപ്പോൾ കിടന്ന കിടപ്പിൽനിന്ന് ഉയർന്നുപൊങ്ങി വാവിട്ടു കരഞ്ഞു.  വേദന സംവേദികളായ  തന്റെ നാഡീവ്യൂഹങ്ങളെ  വലിച്ചു പറിച്ചു കളയാൻ അവൾ വ്യാമോഹിച്ചു.  കുഞ്ഞിനെ ഗർഭപാത്രത്തിനു പുറത്തേക്ക് എത്തിക്കാനായി  അമ്മ ചെയ്യേണ്ട ശ്രമങ്ങൾ ഒന്നും ചെയ്യാനാകാതെ ഒടുവിൽ അവൾ തളർന്നു കിടക്കുകയായിരുന്നു.

 

കാലം മാറുന്നു
ആധുനിക സൗകര്യങ്ങളുള്ള ഇന്നത്തെ പ്രസവ മുറി.  എം ടെക് ബിരുദധാരിയായ അഷിത പ്രസവം അടുക്കുന്നതിന് മുമ്പു തന്നെ വേദന രഹിത പ്രസവ മാർഗങ്ങളെപ്പറ്റി പഠിക്കുകയും അതിനായി ആവശ്യപ്പെടുകയും ചെയ്തിരുന്നു.  തന്റെ കുഞ്ഞിന് ജന്മം നൽകുന്ന വേളയിൽ അവൾ എപ്പിഡ്യൂറൽ അനസ്‌തേഷ്യ സ്വീകരിക്കുകയും ചെയ്തു. വേദന കൊണ്ട് പുളയാതെ അതീവ ശാന്തതയോടെയും  സന്തോഷത്തോടെയും പുതുപ്പിറവി ആസ്വദിച്ചും കൊണ്ട് തന്റെ മാതൃത്വത്തിന്റെ സുപ്രധാന ഘട്ടത്തെ ഒരു ആഘോഷമാക്കി മാറ്റാൻ അവൾക്കു സാധിച്ചു. 

സാധാരണ പ്രസവം എങ്ങനെ നടക്കുന്നു?
സാധാരണ ഗതിയിൽ അമ്മയുടെ ഗർഭപാത്രത്തിൽ കുഞ്ഞ് തല കീഴായി കിടക്കുന്നു. അംനിനിയോട്ടിക് ഫ്‌ളൂയിഡ് എന്ന ദ്രാവകത്തിൽ സർവത്ര സുരക്ഷിതനാണ് കുഞ്ഞിന്റെ കിടപ്പ്.  കുഞ്ഞിനെയും ദ്രാവകത്തെയും പൊതിഞ്ഞു സൂക്ഷിക്കാനായി ആവരണങ്ങളും ഉണ്ട്. പ്രസവ പ്രക്രിയ തികച്ചും സ്വാഭാവികമായി സംഭവിക്കുന്നു.  ഗർഭപാത്രത്തിൽനിന്നും പുറത്തേക്ക് വരാനായി കുഞ്ഞും അമ്മയും നടത്തുന്ന ശ്രമങ്ങൾ താളാത്മകമായ ഒരു നൃത്തശിൽപം ആയി എന്നിലെ കലാകാരി സങ്കൽപിക്കാൻ ശ്രമിക്കാറുണ്ടായിരുന്നു. ആദ്യ പടിയായി ഗർഭാശയ മുഖം നന്നായി വികസിച്ച് ഗർഭപാത്രത്തിന്റെ തന്നെ ഭാഗമായി മാറുന്നു.  കുഞ്ഞിനെ പുറംതള്ളാൻ ആയി ഗർഭപാത്രം ഇടവേളകളിൽ സങ്കോചിച്ചു തുടങ്ങുന്നു.  കുഞ്ഞിനെ   പൊതിഞ്ഞിരിക്കുന്ന  ആവരണങ്ങൾ പൊട്ടിപ്പോവുകയും ഉള്ളിലുള്ള ആംനിയോട്ടിക് ദ്രാവകം പുറത്തേക്ക് (വെള്ളം പോവൽ  അഥവാ ലീക്കിംഗ്) ഒലിക്കുകയും ചെയ്യുന്നു. ഇതോടൊപ്പം  ഗർഭപാത്രത്തിന്റെ സങ്കോചങ്ങൾ തീവ്രത കൈവരിക്കുന്നു.  ഓരോ സങ്കോചങ്ങളും തീവ്രമായ വേദനകളായി പരിണമിക്കുന്നു.  പുറത്തേക്ക് വരാനായി പരിശ്രമിക്കുന്ന കുഞ്ഞിനു വേണ്ടി അമ്മയുടെ ശരീരം പുറത്തേക്കുള്ള പാത (ബർത്ത് കനാൽ) തന്നെ സൃഷ്ടിച്ചു കൊടുക്കുന്നു. തന്റെ പുറത്തേക്കുള്ള 'ചാട്ടം' സുഗമമാക്കാൻ വേണ്ടി കുഞ്ഞ് ചില അടവുകൾ പുറത്തെടുക്കുകയായി. കുഞ്ഞ് തന്റെ തല മടക്കുകയും ഉളളിൽ കിടന്ന് തന്റെ തല 90 ഡിഗ്രിയിൽ കറക്കുകയും ചെയ്യുന്നു. എങ്കിലും പുറത്തേക്ക് വരണമെങ്കിൽ ഇനിയും താൻ അധ്വാനിക്കേണ്ടിയിരിക്കുന്നുവെന്ന തിരിച്ചറിവിൽ കുഞ്ഞ് തന്റെ താടിയെല്ല് നെഞ്ചോട് മുട്ടുവോളം തല മടക്കുകയും ബർത്ത് കനാലിൽ കൂടി താഴോട്ടിറങ്ങി യോനിയിൽ എത്തിച്ചേരുകയും ചെയ്യുന്നു. പിന്നീട് മടക്കിയ തന്നെ തല നിവർത്തിക്കൊണ്ടാണ് കുഞ്ഞ് ഇതുവരെ കാണാത്ത ഈ ലോകത്തിലേക്ക് പ്രവേശിക്കുന്നത്.  അപ്പോഴും തല മാത്രമേ പുറത്ത് എത്തിയിട്ടുള്ളൂ. ബാക്കി ഭാഗങ്ങൾ കൂടിയും വരാൻ ആയിട്ടുണ്ട്.  ചുമലുകൾ തല കറങ്ങി അതേ ദിശയിൽ കറങ്ങി പുറത്തേക്കു വരുന്നു. തദനന്തരം മറ്റു ശരീര ഭാഗങ്ങൾ കൂടി.  ഈ പ്രക്രിയയിൽ ഉടനീളം ഗർഭപാത്രം ഇടവേളകൾ ഇട്ടു സങ്കോചിച്ചു കൊണ്ടിരിക്കുകയും അമ്മയ്ക്ക് പുളയുന്ന വേദനകൾ സമ്മാനമായും നൽകിക്കൊണ്ടിരിക്കുന്നു. 

വേദനരഹിത സുഖപ്രസവം
ജനന പ്രക്രിയ അഥവാ സാധാരണ പ്രസവം സമ്മാനിക്കുന്ന താങ്ങാനാവാത്ത വേദനയെ ലഘൂകരിക്കാൻ ആധുനികവൈദ്യശാസ്ത്രം നൂതന മാർഗങ്ങൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്. പാശ്ചാത്യ രാജ്യങ്ങളിൽ വേദന രഹിത സുഖപ്രസവം ഇന്ന് പ്രചുര പ്രചാരം ആർജിച്ചു കഴിഞ്ഞിരിക്കുന്നു. 

ഒരൽപം ചരിത്രം
പ്രസവ വേദനയുടെ കാഠിന്യം കുറക്കണമെന്ന ചിന്ത നൂറ്റാണ്ടുകളായി ഉണ്ട്. 1853 ൽ വിക്ടോറിയ രാജ്ഞി തന്റെ എട്ടാമത്തെ കുഞ്ഞിന്റെ പ്രസവ സമയത്ത് ക്ലോറോഫോം വാതകം ശ്വസിച്ച് വേദന ശമിപ്പിക്കുകയുണ്ടായി. ഈ പ്രവൃത്തിയെ രാജ്ഞി പിന്നീട് ഒരുപാട് പ്രകീർത്തിക്കുകയും ചെയ്തിരുന്നു.  പ്രസവ വേദന കുറക്കാനായി സാമ്പ്രദായിക മാർഗങ്ങളും കാലങ്ങളായി അവലംബിച്ചു വരുന്നു.  ചൂടു പിടിക്കൽ, മസാജ് ചെയ്യൽ, യോഗ, ചൂടുവെള്ളത്തിൽ കുളിക്കുക, ആഴത്തിൽ ശ്വാസം വലിച്ചു വിടുക തുടങ്ങിയ പൊടിക്കൈകൾ സ്ത്രീകൾ പരീക്ഷിക്കുകയുണ്ടായി.  ചൈനക്കാരുടെ കുത്തകയായ അക്യുപങ്ചർ പ്രസവ വേദന കുറക്കാനായി വരെ പരീക്ഷിച്ചിരുന്നു. എങ്കിലും ഇവക്കൊന്നും ശാസ്ത്രീയതയോ വേണ്ടത്ര ഫലപ്രാപ്തിയോ ഇല്ലായിരുന്നു. 

വേദനരഹിത സുഖപ്രസവത്തിന് നിലവിൽ ലഭ്യമായ വിവിധ മാർഗങ്ങൾ

വാതകങ്ങൾ ശ്വാസം വഴി വലിച്ചെടുത്ത് വേദന കുറയ്ക്കുന്ന രീതി
വേദന ശമിപ്പിക്കാനുള്ള മരുന്നുകൾ വാതക രൂപത്തിൽ സിലിണ്ടറിൽ നിറച്ച ഒരു മാസ്‌ക് വഴി പ്രസവ സമയത്ത് നൽകുന്നു. വേദന അസഹനീയം ആവുന്നതിനു മുമ്പ് തന്നെ ഇപ്പോൾ സാധാരണയായി എന്റനോക്‌സ് (ലിമേിീഃ) ഗ്യാസ് മിശ്രിതം ഇതിനായി ഉപയോഗിച്ചു വരുന്നു.  ചെലവ് അധികം ഇല്ലാത്തതും ഉപയോഗിക്കാൻ എളുപ്പവും ആയ ഈ മാർഗത്തിന് ഈയിടെയായി നല്ല പ്രചാരം ലഭിച്ചു വരുന്നു. 

നാഡികൾക്ക് മയക്കം നൽകുന്ന ബ്ലോക്കുകൾ
നട്ടെല്ലിന്റെ ആവരണങ്ങളിലൂടെ മയക്കത്തിനുള്ള മരുന്നുകൾ കുത്തിവെച്ച് നാഡികളെ തരിപ്പിക്കുന്നു. പല രീതികളും ഇതിനായി നിലവിലുണ്ടെങ്കിലും എപ്പിഡ്യൂറൽ അനാൽ ജെസിയ ഈയിടെയായി കൂടുതലായി ഉപയോഗിച്ചു വരുന്നു.  അതീവ ഫലപ്രദവും സുരക്ഷിതവുമായ ഈ രീതി നടപ്പിലാക്കാൻ പക്ഷേ ഒരു അനസ്‌തേഷ്യോളജിസ്റ്റിന്റെ സാന്നിധ്യം നിർബന്ധമാണ്. 

മരുന്നുകൾ
ഇതിനായി നേരത്തെ തന്നെ  ഉപയോഗത്തിലുള്ള പെത്തഡിൻ ഫെന്റാനിൽ തുടങ്ങിയ മരുന്നുകൾ ഉപയോഗിച്ചു വന്നിരുന്നു. എന്നാൽ ഇവ ചിലരിൽ ഓക്കാനവും ഛർദിയും ഉണ്ടാക്കുകയും ഫലപ്രാപ്തിയുടെ കാര്യത്തിൽ  മറ്റു രണ്ട് രീതികളേക്കാൾ പിറകിൽ ആയത് കാരണവും ഇവയുടെ ഉപയോഗം കുറഞ്ഞു വരികയാണ്.

ഈ മാർഗങ്ങൾക്ക് എന്തെങ്കിലും പാർശ്വഫലങ്ങളുണ്ടോ?
സാധാരണയായി ഉയർന്നുവരുന്ന ഒരു ചോദ്യം ഇതാണ്.  ശരിയായ അളവിൽ ഉപയോഗിച്ചാൽ ശ്വസനം വഴിയോ എപ്പിഡ്യൂറൽ വഴിയോ ഉള്ള വേദന രഹിത മാർഗങ്ങൾക്ക് കാര്യമായ പാർശ്വഫലങ്ങൾ ഒന്നുമില്ല  എന്നാണ് പുതിയ പഠനങ്ങൾ തെളിയിക്കുന്നത്. ചില അവസരങ്ങളിൽ പ്രസവ പ്രക്രിയ കുറച്ചധികം നീണ്ടേക്കാം എങ്കിലും അവ  കുഞ്ഞിലും അമ്മയിലും വലിയ വ്യതിയാനങ്ങൾ  സൃഷ്ടിക്കുന്നില്ല. 

മാറ്റുവിൻ ചട്ടങ്ങളെ 
എന്തുകൊണ്ടാണ് വേദനരഹിത സുഖപ്രസവം? അതിനുത്തരം തികച്ചും മാനുഷികമായ അവകാശം എന്നത് തന്നെയാണ്. നൊന്തു പ്രസവിച്ച എല്ലാ സ്ത്രീകളെയും സ്മരിച്ചുകൊണ്ട് വരും കാലങ്ങളിലെ സ്ത്രീകൾക്ക് എന്തുകൊണ്ട് നോവാതെ പ്രസവിച്ചുകൂടാ? വേദന രഹിത സുഖപ്രസവം തിരഞ്ഞെടുക്കുമ്പോൾ മതപരമോ സാമൂഹികമോ ആയ വേലിക്കെട്ടുകൾ നിങ്ങൾ അഭിമുഖീകരിച്ചേക്കാം.  എങ്കിലും ഇന്നത്തെ സ്ത്രീ സമൂഹം മാറ്റത്തിന്റെ പാതയിൽ തന്നെയാണ്. കേരളത്തിലെ പ്രസവ സൗകര്യമുള്ള ഒട്ടുമിക്ക ആശുപത്രികളിലും ഇന്ന് ഈ ചികിത്സാ സമ്പ്രദായം നിലവിൽ വന്നു കഴിഞ്ഞു.  പേറ്റ്‌നോവുകൾ കൊണ്ട് മുഖരിതമായ പ്രസവ മുറികൾ ഇനി ചരിത്രത്തിന്റെ ഭാഗമാകട്ടെ.  അലമുറകൾ ഉയരാത്ത ശാന്തതയും സംതൃപ്തിയും നിറയുന്ന പ്രസവ പ്രക്രിയയുടെ ദൃശ്യങ്ങൾ ഇതാ ഞാനും നിങ്ങളും കണ്ടും കേട്ടും കൊണ്ടിരിക്കുകയാണ്. 
പ്രസവ സമയത്ത് വേദനയിൽ പുളയാതെ  പുഞ്ചിരി തൂകിക്കൊണ്ടിരിക്കുന്ന അമ്മയുടെ കൈകളിലേക്ക് തന്റെ കുഞ്ഞിനെ നൽകാനായത് ആധുനിക വൈദ്യശാസ്ത്രത്തിന്റെ  അനർഘ നിമിഷങ്ങളിൽ ഒന്നാണെന്ന് ഉറക്കെ പറയാം.

Latest News