മുംബൈ- മിടൂ ലൈംഗിക പീഡന വെളിപ്പെടുത്തലുകളില്‍ കുറ്റാരോപിതനായ മൂംബൈയിലെ സെലിബ്രിറ്റി മാനേജര്‍ അര്‍ബന്‍ ദാസ് ബ്ലാ നവി മുംബൈയില്‍ കഴിഞ്ഞ ദിവസം രാത്രി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചതായി പോലീസ്. വാഷിയിലെ ഒരു പാലത്തില്‍ അര്‍ദ്ധരാത്രിയോടെ പോലീസാണ് അനിര്‍ബനെ കണ്ട് ആത്മഹത്യാ ശ്രമത്തില്‍ നിന്ന് പിന്തിരിപ്പിച്ചത്. പാലത്തിന്റെ കൈവരിയില്‍ അള്ളിപ്പിടിച്ച് കയറാന്‍ ശ്രമിക്കുന്നതിനിടെ ട്രാഫിക് പോലീസ് ബലപ്രയോഗത്തിലൂടെ പിടിച്ചു വലിച്ചിറക്കുകയായിരുന്നു. അനിര്‍ബന്‍ വളരെ വിഷാദിയായിരുന്നുവെന്നും കരയുന്നുണ്ടായിരുന്നെന്നും പോലീസ് പറഞ്ഞു. അനിര്‍ബനെ സ്റ്റേഷനിലെത്തിച്ച ശേഷം അവിടെ എത്തിയ ബന്ധുക്കളോടൊപ്പം വിട്ടയച്ചു. ക്വാന്‍ എന്റര്‍ടെയ്ന്‍മെന്റ്ിന്റെ സഹസ്ഥാപകന്‍ കൂടിയായ അനിര്‍ബനോട് ആരോപണമയുര്‍ന്ന പശ്ചാത്തലത്തില്‍ പദവികള്‍ ഒഴിയാന്‍ കമ്പനി ആവശ്യപ്പെട്ടിരുന്നു. മി ടൂ പ്രചാരണത്തിന്റെ ഭാഗമായി ഒന്നിലേറെ യുവതികള്‍ സോഷ്യല്‍ മീഡിയയില്‍ അനിര്‍ബനില്‍ നിന്നും നേരിട്ട ലൈംഗിക പീഡനം വെളിപ്പെടുത്തി രംഗത്തു വന്നിരുന്നു. തുടര്‍ന്ന് എല്ലാ ചുമതലകളില്‍ നിന്നും വിട്ടു നില്‍ക്കാന്‍ കമ്പനി അനിര്‍ബനോട് ആവശ്യപ്പെടുകുയും ചെയ്തിരുന്നു. മിടൂ പ്രചാരണത്തെ പൂര്‍ണമായും പിന്തുണക്കുന്ന നിലപാടാണ് തങ്ങളുടേതെന്നും കമ്പനി വ്യക്തമാക്കിയിരുന്നു.
ബോളിവുഡ് താരങ്ങളായ ദീപിക പദുക്കോണ്‍, സോനം കപൂര്‍, ശ്രദ്ധ കപൂര്‍, ഋതിക് റോഷന്‍, ജാക്വിലിന്‍ ഫെര്‍ണാണ്ടസ്, രണ്‍ബീര്‍ കപൂര്‍, ടൈഗര്‍ ഷ്‌റോഫ് എന്നിവരുടെ പരിപാടികളും പബ്ലിസിറ്റിയും മറ്റു കൈകാര്യം ചെയ്യുന്നത് ഈ കമ്പനിയാണ്.