രാജ്യത്തെ ഗ്രാമപഞ്ചായത്തുകളിൽ അതിവേഗ ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് എത്തിക്കാനുള്ള പദ്ധതി പുരോഗമിക്കുന്നു. പോലീസ് സ്‌റ്റേഷൻ, ഹെൽത്ത് സെന്റർ, സ്‌കൂളുകൾ തുടങ്ങിയ കേന്ദ്രങ്ങളിൽ ഇന്റർനെറ്റ് എത്തിക്കുന്ന ഭാരത് നെറ്റ് പദ്ധതി 2019 മാർച്ചിനുള്ളിൽ പൂർത്തിയാകുമെന്ന് ടെലികോം മന്ത്രി മനോജ് സിൻഹ പറഞ്ഞു. പദ്ധതി അവസാന ഘട്ടത്തിലെത്തിയിട്ടുണ്ട്. രാജ്യത്തുടനീളമുള്ള ഒന്നേകാൽ ലക്ഷം ഗ്രാമപഞ്ചായത്തുകളിൽ അതിവേഗ ഇന്റർനെറ്റ് സൗകര്യം എത്തി. ഭാരത് നെറ്റ് പദ്ധതിയുടെ പകുതിയോളം ജോലികൾ ഇതോടെ പൂർത്തിയായി. ആകെ 2.5 ലക്ഷത്തോളം ഗ്രാമപഞ്ചായത്തുകളിൽ ബ്രോഡ്ബാൻഡ് കണക്ഷനെത്തിക്കാനാണ് പദ്ധതി. പോലീസ് സ്‌റ്റേഷനുകൾ, ഹൈസ്‌കൂളുകൾ, മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പോസ്റ്റ് ഓഫീസുകൾ, പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ സർക്കാർ ധനസഹായത്തോടെ കണക്ഷൻ ലഭിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
ഭാരത് നെറ്റ് പദ്ധതിയുടെ ചുമതല ബി.ബി.എൻ.എലിനാണ്.
ഇഗവേണൻസ്, ഇഹെൽത്ത്, ഇഎജുക്കേഷൻ, ഇബാങ്കിങ് ഉൾപ്പെടെയുള്ള സേവനങ്ങൾ ജനങ്ങളിലെത്തിക്കുകയാണ് ഭാരത്‌നെറ്റ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ.
2017 ഡിസംബറിൽ പദ്ധതിയുടെ ആദ്യ ഘട്ടമായി ഒരു ലക്ഷം ഗ്രാമപഞ്ചായത്തുകളിൽ ബ്രോഡ്ബാന്റ് നെറ്റ്‌വർക്ക് എത്തിക്കുന്ന നടപടികൾ പൂർത്തിയായിരുന്നു. സംസ്ഥാനങ്ങൾ, കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങൾ, സ്വകാര്യ മേഖല എന്നിവയുടെ പങ്കാളിത്തത്തോടെയാണ് ഭാരത്‌നെറ്റ് പദ്ധതിയുടെ രണ്ടാം ഘട്ടം നടപ്പിലാക്കിവരുന്നത്.