സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമം തടയുന്നതിന് പരാതി പരിഹാര സമിതി രൂപീകരിക്കുന്നില്ലന്ന ഹര്‍ജിയില്‍ 'അമ്മ'യ്ക്ക് ഹൈക്കോടതിയുടെ നോട്ടീസ്. ഹര്‍ജിയില്‍ സര്‍ക്കാരിനും കോടതി നോട്ടീസ് അയച്ചു. 24നകം ഇക്കാര്യത്തില്‍ വിശദീകരണം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. ഡബ്ലിയുസിസി സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജിയാണ് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് പരിഗണിച്ചത്.
ഡബ്ലിയുസിസിക്ക് വേണ്ടി നടിമാരായ റിമ കല്ലിങ്കലും പത്മപ്രിയയുമാണ് കോടതിയെ സമീപിച്ചത്. തൊഴിലിടങ്ങളിലെ ലൈംഗികപീഡനം നേരിടാന്‍ എല്ലാ സ്ഥാപനങ്ങളിലും പ്രത്യേക സമിതി രൂപീകരിക്കണമെന്ന സുപ്രിംകോടതി വിധി താരങ്ങളുടെ സംഘടനയായ അമ്മയില്‍ നടപ്പാക്കണമെന്നാണ് ഹര്‍ജിയിലെ പ്രധാന ആവശ്യം.
സുപ്രിംകോടതി വിധിയുടെ അടിസ്ഥാനത്തിലുള്ള നടപടികള്‍ 'അമ്മ' സ്വീകരിക്കാത്തതിനാല്‍ ലൈംഗിക അതിക്രമത്തിന് ഇരയാവുന്നവര്‍ക്ക് യാതൊന്നും ചെയ്യാനാവുന്നില്ലെന്ന് ഹര്‍ജിക്കാര്‍ പറയുന്നു.
'അമ്മ'യുടെ നടപടി ഭരണഘടനാ അവകാശങ്ങളുടെ ലംഘനമാണ്. തൊഴിലിടങ്ങളിലെ ലൈംഗികപീഡനം നേരിടാനായി 2013ല്‍ പാര്‍ലമെന്റ് പ്രത്യേക നിയമം കൊണ്ടുവന്നിരുന്നു.
പ്രൊഡ്യൂസേഴ്‌സ് ഗില്‍ഡും സ്‌ക്രീന്‍ റൈറ്റേഴ്‌സ് അസോസിയേഷനും ആഭ്യന്തര സമിതികള്‍ രൂപീകരിച്ചു കഴിഞ്ഞു.
എന്നിട്ടും അമ്മ ഭാരവാഹികള്‍ സ്വേഛാപരമായാണ് ഇടപെടുന്നത്. 'അമ്മ'യില്‍ സമിതിയില്ലാത്തത് അതിലെ സ്ത്രീ അംഗങ്ങളുടെ മൗലികാവകാശങ്ങളെ ഹനിക്കുന്നു. സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ നിരവധി തരത്തിലുള്ള പീഡനങ്ങള്‍ക്ക് ഇരയാവുന്നു എന്ന വെളിപ്പെടുത്തലുകള്‍ വന്നുകൊണ്ടിരിക്കുകയാണ്.
ഇതെല്ലാം പരിഗണിച്ച് പൊതുസമ്മതരായ വ്യക്തികള്‍ അടങ്ങിയ പ്രത്യേക സമിതി 'അമ്മ'യില്‍ വേണമെന്നാണ് ഹര്‍ജിക്കാരുടെ ആവശ്യം.