Sorry, you need to enable JavaScript to visit this website.

മെറീന ചുവടുറപ്പിക്കുന്നു

മെറീന മൈക്കിൾ

സ്പ്രിംഗ് പോലെയുള്ള ചുരുണ്ട മുടിയും തിളങ്ങുന്ന കണ്ണുകളും വിടർന്ന പുഞ്ചിരിയുമായി മലയാള സിനിമയിലെത്തിയ മെറീനാ മൈക്കിളിന് ഇപ്പോൾ കൈ നിറയെ ചിത്രങ്ങൾ. എബി എന്ന ചിത്രത്തിലൂടെ വിനീതിന്റെ നായികയായി മലയാള സിനിമയിൽ ശ്രദ്ധേയയായ മെറീന ടി.വി. ചന്ദ്രന്റെ പെങ്ങളില എന്ന ചിത്രത്തിൽ വേഷമിട്ടുവരികയാണ്. ഒട്ടേറെ പുതുമുഖ നായികമാർ കടന്നുവരുന്നുണ്ടെങ്കിലും അവർക്കിടയിൽ അഭിനയ മികവു കൊണ്ട് സ്വന്തമായ ഒരു ഇടം നേടിയിരിക്കുകയാണ് ഈ കോഴിക്കോട്ടുകാരി. കഥാപാത്രങ്ങളുടെ വലിപ്പച്ചെറുപ്പത്തിലല്ല, നല്ല സിനിമകളുടെ ഭാഗമാകാനാണ് ഈ അഭിനേത്രി ആഗ്രഹിക്കുന്നത്.
പെങ്ങളിലയുടെ വിശേഷങ്ങൾ?
തൊണ്ണൂറുകളിലെ കഥ പറയുന്ന ടി.വി. ചന്ദ്രന്റെ പെങ്ങളിലയിൽ ലാലും അക്ഷരയുമാണ് പ്രധാന വേഷത്തിലെത്തുന്നത്. അവരോടൊപ്പം തുല്യ പ്രാധാന്യമുള്ള വേഷത്തിലാണ് അഭിനയിക്കുന്നത്. മറ്റൊരു വേഷത്തിൽ ഇനിയുമുണ്ട്. ക്രിസ്ത്യൻ പശ്ചാത്തലത്തിൽ വികസിക്കുന്ന ഈ കഥയിൽ ഒരു ക്രിസ്ത്യൻ കുടുംബത്തിലെ അനിത എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.

മറ്റു ചിത്രങ്ങൾ?

നാം, എന്നാലും ശരത് എന്നിവയാണ് പുതിയ ചിത്രങ്ങൾ. കൂടാതെ സംവിധായകൻ വിനയൻ സാറിന്റെ മകൻ വിഷ്ണു നായകനാകുന്ന പർപ്പിൾ എന്ന ചിത്രത്തിലും ശ്രദ്ധേയമായ വേഷം അവതരിപ്പിച്ചിരുന്നു.

 

സിനിമയിലേക്കുള്ള വഴി?

മോഡലിംഗിലൂടെയാണ് സിനിമയിലെത്തുന്നത്. മോഡലിംഗ് കണ്ടാണ് സിനിമയിലേയ്ക്കുള്ള ക്ഷണമെത്തുന്നത്. സിൽക്കി, ഫ്രാൻസിസ് ആലൂക്കാസ് ജ്വല്ലറി, മലബാർ ജ്വല്ലറി, ധാത്രി, ഇന്ദുലേഖ എന്നിവയുടെയെല്ലാം പരസ്യ മോഡലായിരുന്നു. ആദ്യ ചിത്രം സംസാരം ആരോഗ്യത്തിന് ഹാനികരം. ഇതിൽ ദുൽഖർ സൽമാനോടൊപ്പം ചെറിയൊരു വേഷം. നാദിർഷാ സാറിന്റെ അമർ അക്ബർ അന്തോണി എന്ന ചിത്രത്തിലെ വേഷമാണ് ശ്രദ്ധ നേടിയത്. മോഡലിംഗ് കോ-ഓഡിനേറ്ററായ അനീഷ് ജേക്കബാണ് എബിയിലേയ്ക്ക് അവസരമൊരുക്കിയത്. സംവിധായകൻ ശ്രീകാന്ത് സാറിനോട് എന്റെ പേര് നിർദ്ദേശിക്കുകയായിരുന്നു. തുടർന്ന് ഒഡീഷനിലൂടെയാണ് എബിയിലെ അനുമോളായി മാറുന്നത്.

മാതാപിതാക്കളുടെ പിൻബലം?

കലാകുടുംബത്തിലാണ് ജനിച്ചതെന്നതിനാൽ വീട്ടിൽ നല്ല സഹകരണമാണ്. പപ്പ മൈക്കിൾ മ്യൂറൽ പെയിന്റിംഗ് ആർട്ടിസ്റ്റാണ്. കൂടാതെ നന്നായി പാടും. തബലയും ഫ്‌ളൂട്ടും വായിക്കും. പപ്പയ്ക്ക് സ്വന്തമായി സംഗീത ട്രൂപ്പുമുണ്ട്. അമ്മ ജെസിയാകട്ടെ, ഫാഷൻ ഡിസൈനിംഗ് പഠിച്ച് കുറച്ചുകാലം അധ്യാപികയായി ജോലി നോക്കിയിരുന്നു. കൈതപ്രം ദാമോദരൻ നമ്പൂതിരി സാറിന്റെ സ്വാതി തിരുനാൾ കലാകേന്ദ്രത്തിൽ സംഗീതം അഭ്യസിച്ചുകൊണ്ടായിരുന്നു എന്റെ തുടക്കം. പത്തു വർഷത്തോളം കർണാടക സംഗീതം അഭ്യസിച്ച ഞാൻ ആലാപന രംഗത്ത് പ്രശസ്തയാകുമെന്നായിരുന്നു പലരും കരുതിയത്. എന്നാൽ വന്നുപെട്ടത് അഭിനയ രംഗത്തും. ജന്മദേശം കോഴിക്കോട് വെള്ളിമാടുകുന്നിലാണെങ്കിലും സിനിമയിലെ സൗകര്യം കണക്കിലെടുത്ത് ഇപ്പോൾ എറണാകുളത്താണ് താമസം.

തലമുടിയുടെ രഹസ്യം

ഒറിജിനലായി ചുരുണ്ട മുടിയാണ് എന്റേത്. അല്ലാതെ ചുരുട്ടിയതല്ല. ഇപ്പോഴിതൊരു ട്രെൻഡായി മാറി എന്നു പറയാം. എന്നാൽ കഥാപാത്രത്തിനനുസരിച്ച് മുടിയുടെ രൂപമെല്ലാം മാറ്റാറുണ്ട്.

 

അന്യഭാഷാ ചിത്രങ്ങൾ?

സംസാരം ആരോഗ്യത്തിന് ഹാനികരം എന്ന ചിത്രത്തിന്റെ തമിഴ് പതിപ്പായ വായ് മൂടി പേശവും എന്ന ചിത്രത്തിൽ വേഷമിട്ടു. കൂടാതെ എന്നുൾ ആയിരം എന്ന ചിത്രത്തിലും അഭിനയിച്ചു. കർവാ എന്ന ഒരു കന്നഡ സിനിമയും ചെയ്തു. എന്നാൽ തമിഴ് പോലെയല്ല കന്നഡ. ഭാഷ ശരിക്കും കട്ടിയായിരുന്നു. സെറ്റിൽ ഞാൻ പറയുന്നത് അവർക്കും അവർ പറയുന്നത് എനിക്കും പലപ്പോഴും മനസ്സിലായില്ല. ഇനി കന്നഡ ഭാഷ പഠിക്കാതെ സിനിമ ചെയ്യില്ല എന്ന് അന്ന് തീരുമാനിച്ചു.

മുംബൈ ടാക്‌സിയിലെ അനുഭവം?

പ്രൊഡക്ഷൻ കൺട്രോളറായ താജുക്കയാണ് മുംബൈ ടാക്‌സിയിലേയ്ക്ക് അവസരം നൽകിയത്. പപ്പയുടെ സ്വന്തം അപ്പൂസിലെ ബാലതാരമായിരുന്ന ബാദുഷ മുഹമ്മദ് നായകനായി വേഷമിട്ട ചിത്രമായിരുന്നു. മുംബൈയിലെ ടാക്‌സി ഡ്രൈവറായ ഭഗതായി ബാദുഷയെത്തുമ്പോൾ യാത്രക്കാരിയായ നന്ദിതയായാണ് ഞാനെത്തുന്നത്. നന്ദിത ഒരു നെഗറ്റീവ് വേഷമായിരുന്നു. നല്ലൊരു സന്ദേശമുള്ള ചിത്രമായിരുന്നെങ്കിലും വേണ്ടത്ര വിജയിച്ചില്ല. എല്ലാവരും പുതുമുഖങ്ങളായതിനാൽ സെറ്റിൽ നല്ല സഹകരണമുണ്ടായിരുന്നു.

മനസ്സിൽ തങ്ങിനിൽക്കുന്ന വേഷങ്ങൾ?

എബിയിലെ അനുമോൾ എന്നും മനസ്സിലുണ്ട്. കൂടാതെ ചങ്ക്‌സിലെ ഷെറീൻ, ടി.വി. ചന്ദ്രൻ സാറിന്റെ പെങ്ങളിലയിലെ അനിതയുമെല്ലാം നല്ല വേഷങ്ങളായിരുന്നു. കൂടാതെ അങ്കരാജ്യത്തെ ജിമ്മന്മാർ, ഇര എന്നിവയിലും നല്ല വേഷങ്ങളായിരുന്നു. ചങ്ക്‌സിന്റെ രണ്ടാം പാർട്ട് വരുന്നുണ്ടെന്ന് പറഞ്ഞു. കൂടാതെ ഗോകുലം ഫിലിംസിന്റെ ബാനറിൽ സണ്ണി വെയ്‌നൊപ്പവും പുതിയൊരു ചിത്രത്തിലേയ്ക്ക് കരാറായിട്ടുണ്ട്.

മറ്റു ഹോബികൾ?

ഷൂട്ടിംഗ് ഇല്ലാത്ത സമയങ്ങളിൽ സിനിമ കാണും. കൂടാതെ യാത്ര ഇഷ്ടമാണ്. ചെന്നൈയിലേയ്ക്കും ബാംഗ്ലൂരിലേയ്ക്കുമെല്ലാം യാത്ര പോകാറുണ്ട്.

 

മിനിസ്‌ക്രീൻ വിശേഷങ്ങൾ?

ചാനലുകളിൽ അവതാരകയായി ഓഫറുകൾ ലഭിക്കുന്നുണ്ടെങ്കിലും ഇതുവരെ പോയിട്ടില്ല. അവതാരകയാകുന്നതിലുള്ള ആത്മവിശ്വാസക്കുറവാണ് കാരണം. ഒട്ടേറെ പരസ്യ ചിത്രങ്ങളിൽ വേഷമിട്ടിരുന്നെങ്കിലും ഇപ്പോൾ സിനിമയിൽ തിരക്കായതോടെ മോഡലിംഗിലും ശ്രദ്ധിക്കാറില്ല.

ഭാവി പരിപാടികൾ?
നല്ല സംവിധായകരുടെ കീഴിൽ ഒരു പിടി നല്ല ചിത്രങ്ങളുടെ ഭാഗമാകണമെന്നാണ് ആഗ്രഹം. വേഷം ചെറുതോ വലുതോ എന്നതിലല്ല കാര്യം. ചെറിയ വേഷമാണെങ്കിലും കാമ്പുള്ളതായിരിക്കണം. പ്രേക്ഷകർ കാണാൻ ആഗ്രഹിക്കുന്നതായിരിക്കണം. അത്തരമൊരു ചിത്രത്തിലാണ് ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ടി.വി. ചന്ദ്രൻ സാറിന്റെ പെങ്ങളിലയിൽ അഭിനയിക്കാൻ അവസരം ലഭിച്ചത് ഭാഗ്യമായാണ് കരുതുന്നത്.

Latest News