ന്യുദല്‍ഹി- ആര്‍.എസ്.എസ് വിദ്യാര്‍ത്ഥി സംഘടനയായ എ.ബി.വി.പി പ്രവര്‍ത്തകരുടെ മര്‍ദനത്തെ തുടര്‍ന്ന് രണ്ടു വര്‍ഷം മുമ്പ് കാണാതായ ജെ.എന്‍.യു വിദ്യാര്‍ത്ഥി നജീബ് അഹ്മദിനായുള്ള തെരച്ചില്‍ കേസ് അന്വേഷിക്കുന്ന സി.ബി.ഐ അവസാനിപ്പിച്ചു. കേസ് അവസാനിപ്പിച്ചതായി സി.ബി.ഐ ദല്‍ഹി പാട്യാല ഹൗസ് കോടതിയില്‍ റിപോര്‍ട്ട് സമര്‍പിച്ചു. നജീബിന്റെ ഉമ്മയുടെ ആവശ്യം പരിഗണിച്ച് ദല്‍ഹി ഹൈക്കോടതിയാണ് കഴിഞ്ഞ വര്‍ഷം അന്വേഷണം ദല്‍ഹി പോലീസില്‍ നിന്നും സി.ബി.ഐക്ക് മാറ്റിയത്.
കഴിവിന്റെ പരമാവധി ശ്രമിച്ചിട്ടും നജീബ് എവിടെയാണെന്ന് കണ്ടെത്താന്‍ ആയില്ലെന്ന് സി.ബി.ഐ കോടതിയില്‍ പറഞ്ഞു. കോടതി ഇതു നവംബര്‍ 29നെ പരിഗണിക്കൂ. കേസ് അവസാനിപ്പിച്ച റിപോര്‍ട്ട് കോടതി സ്വീകരിക്കുമോ എന്ന കാര്യം അപ്പോള്‍ അറിയാം. ദല്‍ഹി-തലസ്ഥാന നഗര പ്രദേശം, മഹാരാഷ്ട്ര, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളില്‍ അരിച്ചു പെറുക്കാന്‍ പ്രത്യേക സംഘങ്ങളെ അയച്ചിരുന്നുവെന്നും നജീബിനെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 10 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്നെന്നും സി.ബി.ഐ പറഞ്ഞു. നജീബിന്റെ ഫോട്ടോ രാജ്യത്തൊട്ടാകെ പ്രചരിപ്പിച്ചിരുന്നു. എന്നാല്‍ ഒരു ശ്രമവും വിജയം കണ്ടില്ല. എല്ലാ വശങ്ങളും കണക്കിലെടുത്താണ് അന്വേഷിച്ചതെന്നും എന്നാല്‍ എന്തെങ്കിലും കുറ്റകൃത്യം നടന്നതായി തെളിവുകള്‍ ലഭിച്ചില്ലെന്നും കേസ് അവസാനിപ്പിക്കാന്‍ അനുമതി തേടി ഹൈക്കോടതിയില്‍ നേരത്തെ സമര്‍പിച്ച ഹര്‍ജിയിലും സി.ബി.ഐ വ്യക്തമാക്കിയിരുന്നു.
2016 ഒക്ടോബര്‍ 15നാണ് ദല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിയിലെ മാഹി-മാണ്ഡവി ഹോസ്റ്റലില്‍ നിന്ന് നജീബിനെ കാണാതാകുന്നത്. കാണാതാകുന്നതിന്റെ തൊട്ടുമുമ്പത്തെ രാത്രിയിലാണ് എ.ബി.വി.പി പ്രവര്‍ത്തകര്‍ നജീബിനെ മര്‍ദിച്ചത്.