കൊച്ചി - ദീർഘകാല നിക്ഷേപത്തിന് ഏറ്റവും മികച്ചതെന്ന് അംഗീകരിക്കപ്പെടുന്ന ഓഹരി നിക്ഷേപത്തിന് ജിയോജിത്ത് 'ഗാബി' എന്ന് പേരിട്ട മൊബൈൽ ആപ്പിന്റെ സഹായത്തോടെ മത്സരം സംഘടിപ്പിക്കുന്നു. ഓഹരി നിക്ഷേപത്തിൽ തൽപരരായ വിദ്യാർത്ഥികൾക്ക് എങ്ങനെയാണ് വിപണിയിൽ ഇടപെട്ട് നിക്ഷേപം നടത്തുന്നതെന്ന് മനസ്സിലാക്കാനും തദ്വാരാ പണം സമ്പാദിക്കാനുമുള്ള മാർഗങ്ങൾ പരിചയപ്പെടുത്തുന്നതിനാണ് കൗതുകകരമായ മത്സരം സംഘടിപ്പിക്കുന്നത്. കോളേജ് വിദ്യാർത്ഥികൾക്കായി ഇതാദ്യമായാണ് ഓഹരി നിക്ഷേപ മത്സരം നടത്തുന്നത്. ഓഹരികൾ തെരഞ്ഞെടുക്കേണ്ടതെങ്ങനെ, നിക്ഷേപം നടത്തേണ്ടതെങ്ങനെ തുടങ്ങിയ കാര്യങ്ങളിൽ അറിവു നേടാൻ സഹായകമായ രീതിയിലാണ് മൂന്നു മാസം നീണ്ടു നിൽക്കുന്ന മത്സരം രൂപകൽപന ചെയ്തിട്ടുള്ളത്. വിദ്യാർത്ഥികൾക്കിടയിൽ സമ്പാദ്യ ശീലം വളർത്താനും ഭാവിയിലെ സാമ്പത്തിക വെല്ലുവിളികൾ നേരിടാൻ അവർക്ക് പരിശീലനം നേടാനും അനുയോജ്യമായ വിധത്തിലാണ് മത്സര രൂപഘടന.
ബിരുദ, ബിരുദാനന്തര പഠിതാക്കൾക്കും ബിസിനസ് സ്‌കൂൾ വിദ്യാർത്ഥികൾക്കും മത്സരത്തിൽ പങ്കെടുക്കാൻ അർഹതയുണ്ടായിരിക്കും. ഓഹരി നിക്ഷേപ രംഗത്തെ തുടക്കക്കാർക്ക് വേണ്ടി ജിയോജിത് രൂപകൽപന ചെയ്ത ജിയോജിത് ആപ്ലിക്കേഷൻ ഫോർ ബിഗിനേഴ്‌സ് ടു എക്‌സ്‌പ്ലോർ (ഗാബി) ഉപയോഗിച്ച് വാൾസ്ട്രീറ്റ് സർവൈവർ എന്ന ഗെയിം നടത്തുന്നത് കോട്ടയം കുട്ടിക്കാനം ആസ്ഥാനമായി പ്രവർത്തിക്കുന്ന മരിയൻ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെൻറാണ്. യഥാർത്ഥ പണം ഉപയോഗിക്കുന്നതിന് പകരം സാങ്കൽപിക പണം ആയിരിക്കും ഇതിന് വേണ്ടി ഉപയോഗിക്കുക. അതിനാൽ മത്സരാർത്ഥികൾക്ക് പണം നഷ്ടപ്പെടുമെന്ന ഭയം വേണ്ട. ഒക്ടോബർ 8 ന് തുടക്കമിട്ട് ഡിസംബർ 31 വരെയാണ് മത്സര കാലാവധിയായി നിശ്ചിയിച്ചിട്ടുള്ളത്. ഏറ്റവും കൂടുതൽ ലാഭം നേടി ഒന്നാം സ്ഥാനത്തെത്തുന്നവർക്ക് 50,000 രൂപയും രണ്ടാമന് 25,000 രൂപയും സമ്മാനമായി ലഭിക്കും. മത്സരത്തിൽ ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിൽ രജിസ്റ്റർ ചെയ്ത കമ്പനി ഓഹരികളുടെ വ്യാപാരം ആണ് നടക്കുക. ലോകത്തിന്റെ ഏതു കോണിൽ നിന്നും മത്സരത്തിൽ പങ്കെടുക്കാം. 300 വിദ്യാർത്ഥികൾ ഇതിനോടകം തന്നെ രജിസ്റ്റർ ചെയ്തു കഴിഞ്ഞു.