ബോംബെ സെൻസെക്‌സും നിഫ്റ്റിയും വൻ ചാഞ്ചാട്ടങ്ങൾക്ക് ഒടുവിൽ പ്രതിവാര നേട്ടത്തിലേക്ക് നീങ്ങി. ആറ് ആഴ്ചകളുടെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ത്യൻ മാർക്കറ്റ് മികവ് കാണിക്കുന്നത്. ബോംബെ സെൻസെക്‌സ് 356 പോയൻറ്റും നിഫ്റ്റി 156 പോയൻറ്റും കയറി. വിദേശ ഫണ്ടുകൾ വിൽപന തോത് ഉയർത്തി. പുജാ അവധി മൂലം ഈ വാരം ഇടപാടുകൾ നാല് ദിവസം മാത്രമാണ്. താഴ്ന്ന റേഞ്ചിൽ നിന്നുള്ള തിരിച്ചുവരവ് കണക്കിലെടുത്താൽ പ്രമുഖ ഇൻഡക്‌സുകൾ ദീപാവലിക്ക് മുമ്പായി തന്നെ വെടിക്കെട്ടിന് തുടക്കം കുറിക്കാം.
രൂപ മികവ് കാണിച്ചാൽ വിൽപനയ്ക്ക് മുൻതൂക്കം നൽകുന്ന വിദേശ ഫണ്ടുകൾ വീണ്ടും നിക്ഷേപകരുടെ മേലങ്കി അണിയാം. ക്രൂഡ് ഓയിൽ 76.40 ൽ നിന്ന് 71.45 ഡോളറിലേയ്ക്ക് താഴ്ന്നത് വിനിമയ വിപണിക്ക് നേട്ടമായി. എണ്ണ മാർക്കറ്റ് തിരുത്തലിലേയ്ക്ക് തിരിഞ്ഞതിനാൽ 70.32 ലും 67 ഡോളറിലും താങ്ങ് പ്രതീക്ഷിക്കാം.
വിദേശ ഓപറേറ്റർമാർ ഷോട്ട് കവറിങും ഉത്സാഹിച്ചതോടെ കനത്ത തകർച്ചയ്ക്ക് ശേഷം അതിശക്തമായ തിരിച്ചുവരവ് സൂചികക്ക് കാഴ്ചവെക്കാനായി. ഇടപാടുകളുടെ തുടക്കം മുതൽ നേട്ടത്തിലേക്ക് നീങ്ങിയ സെൻസെക്‌സ് വാരമധ്യം പിന്നിട്ടതോടെ വൻ തകർച്ചയിൽ അകപ്പെട്ടു.
വ്യഴാഴ്ച ഓപണിങിൽ ഏതാണ്ട് 880 പോയന്റ് സെൻസെക്‌സ് ഇടിഞ്ഞത് ബ്ലൂചിപ്പ് ഓഹരികളുടെ വിപണി മൂല്യത്തിൽ വൻ തകർച്ചക്ക് ഇടയാക്കി. വാരാന്ത്യം സൂചിക കരുത്ത് തിരിച്ചു പിടിച്ചത് നിക്ഷേപകരുടെ ആത്മവിശ്വാസം വർധിപ്പിച്ചു. ബോംബെ സെൻസെക്‌സ് ഉയർന്ന നിലവാരമായ 34.858 ൽ നിന്ന് 33,879 വരെ ഇടിഞ്ഞ ശേഷം വാരാന്ത്യം 34,733 പോയന്റിലാണ്. സൂചികക്ക് 35,101 ലാണ് ആദ്യ തടസ്സം. ഇത് മറികടന്നാൽ 35,469 ൽ വീണ്ടും പ്രതിരോധം നേരിടാം. സെൻസെക്‌സിന് 34,122-33,511 പോയന്റിൽ സപ്പോർട്ടുണ്ട്.
നിഫ്റ്റി സൂചിക കഴിഞ്ഞവാരം 10,186-10,492 റേഞ്ചിൽ ചാഞ്ചാടി. വാരാന്ത്യം 10,472 ൽ നിലകൊള്ളുന്ന നിഫ്റ്റിക്ക് ഈവാരം 10,580 ലും 10,689 പോയന്റിലും തടസ്സം നേരിടാം. തിരുത്തലിന് വീണ്ടും ശ്രമം നടന്നാൽ 10,274 ലും 10,077 പോയന്റിലും താങ്ങുണ്ട്.
വിദേശ നിക്ഷേപക സ്ഥാപനങ്ങൾ 8335 കോടി രൂപയും ആഭ്യന്തര നിക്ഷേപകർ 8568 കോടി ഓഹരികളും പിന്നിട്ടവാരം വിറ്റു. ഒക്ടോബറിൽ ഒൻപത് ട്രേഡിങ് ദിനങ്ങൾക്കിടയിൽ വിദേശ നിക്ഷേപകർ 17,000 കോടിയുടെ ഓഹരികൾ വിറ്റഴിച്ചു.
ഫോറെക്‌സ് മാർക്കറ്റിൽ യു.എസ് ഡോളറിന് മുന്നിൽ റെക്കോർഡ് തകർച്ചയ്ക്ക് ശേഷം രൂപ മികവിനുള്ള നീക്കത്തിലാണ്. വിനിമയ മൂല്യം 74.42 വരെ ഇടിഞ്ഞ ശേഷമുള്ള തിരിച്ച് വരവിൽ 73.59 ൽ എത്തി നിൽക്കുന്ന രൂപ 72.22 ലേയ്ക്കും തുടർന്ന് 71.78 ലേയ്ക്കും ശക്തിപ്രാപിക്കാൻ ഇടയുണ്ട്.
ബി എസ് ഇ മാധ്യമ, ഊർജ, ഓട്ടോ സൂചികകൾ മികവ് കാണിച്ചു. ഐ.ടി, മെറ്റൽ സൂചികകൾക്ക് നഷ്ടം നേരിട്ടു. സെൻസെക്‌സ് അധിഷ്ഠിത ഓഹരികളിൽ യെസ് ബാങ്ക് 19.64 ശതമാനം വർധനയോടെ 246 രൂപയായി ഉയർന്നു. കൊട്ടക് മഹീന്ദ്ര ബാങ്ക് 11 ശതമാനം ഉയർന്ന് 1169 രൂപയിലെത്തി. റിലയൻസ് ഇൻഡസ്ട്രീസ് ഏഴ് ശതമാനം ഉയർന്ന് 1126.40 രൂപയായി. അദാനി പോർട്ട് ഏഴ് ശതമാനം വർധിച്ച് 323 രൂപയായി.
ടാറ്റ മോട്ടോഴ്‌സ് 15 ശതമാനം നഷ്ടത്തിലാണ്. ടാറ്റ മോട്ടോഴ്‌സ് (ഡിവിആർ) 13 ശതമാനം ഇടിഞ്ഞ് 101 രൂപയായി. ടിസിഎസ് 8.78 ശതമാനം ഇടിഞ്ഞ് 1918, ഇൻഫോസിസ് 5.93 ശതമാനം ഇടിഞ്ഞ് 679 രൂപയിലുമാണ്.