ന്യുദല്‍ഹി- കോളിളക്കമുണ്ടാക്കിയ #MeToo പീഡന വെളിപ്പെടുത്തലുകളുടെ ഭാഗമായി തനിക്കെതിരെ ലൈംഗിക പീഡനം ആരോപിച്ച വനിതാ മാധ്യമ പ്രവര്‍ത്തകയ്‌ക്കെതിരെ കേന്ദ്ര വിദേശകാര്യ സഹമന്ത്രി എം.ജെ അക്ബര്‍ അപകീര്‍ത്തി കേസ് നല്‍കി. 14 വനിതാ മാധ്യമപ്രവര്‍ത്തകരാണ് അക്ബറിനൊപ്പം ജോലി ചെയ്യുന്നതിനിടെ നേരിട്ട കടുത്ത ലൈംഗികാതിക്രമങ്ങള്‍ വെളിപ്പെടുത്തി രംഗത്തു വന്നിരുന്നത്. ഇവരില്‍ ആദ്യം വെളിപ്പെടുത്തല്‍ നടത്തിയ പ്രിയ രമണിക്കെതിരെയാണ് അകബര്‍ ഇപ്പോള്‍ കേസ് നല്‍കിയിരിക്കുന്നത്. ഒന്നിനു പിറകെ ഒന്നായി വന്ന വെളിപ്പെടുത്തലുകള്‍ വലിയ ചര്‍ച്ചയായപ്പോള്‍ നൈജീരയയിലായിരുന്നു അക്ബര്‍ ഞായറാഴ്ചയാണ് തിരിച്ചെത്തിയത്. പീഡനാരോപണങ്ങളുടെ പശ്ചാത്തലത്തില്‍ മന്ത്രി പദവ രാജിവയ്ക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നെങ്കിലും രാജിവയ്ക്കില്ലെന്ന് അക്ബര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ആരോപണം ഉന്നയിച്ചവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നുമായിരുന്നു മന്ത്രിയുടെ മറുപടി.
#MeToo വെളിപ്പെടുത്തലുകളുടെ ഭാഗമായി യുഎസില്‍ ഹാര്‍വി വെയ്ന്‍സ്റ്റീനെതിരെ ലൈംഗികാരോപ വിവാദമുണ്ടായപ്പോള്‍ പ്രിയാ രമണി തനിക്ക് ഒരു ഉന്നത മാധ്യമപ്രവര്‍ത്തകനില്‍ നിന്നുണ്ടായ പീഡനം തുറന്നെഴുതിയിരുന്നു. ഈ ലേഖനത്തില്‍ പരാമര്‍ശിച്ച വ്യക്തി അക്ബറാണെന്ന് ഒക്ടോബര്‍ എട്ടിനാണ് പ്രിയാ രമണി വെളിപ്പെടുത്തിയത്. ദി ടെലഗ്രാഫ്, ഏഷ്യന്‍ ഏജ്, ദി സണ്‍ഡെ ഗാര്‍ഡിയന്‍ പത്രങ്ങളുടെ എഡിറ്ററായിരുന്ന അക്ബര്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് തങ്ങള്‍ക്കു നേരെ ലൈംഗികാതിക്രമം നടത്തിയെന്നും വഴങ്ങാത്തതിന് പ്രതികാരം ചെയ്‌തെന്നും വെളിപ്പെടുത്തി സഹപ്രവര്‍ത്തകരായിരുന്ന വനിതാ മാധ്യമ പ്രവര്‍തത്തകര്‍ രംഗത്തു വരികയായിരുന്നു. പ്രേര്‍ണ സിങ് ബിന്ദ്ര, ഗസാല വഹാബ്, ശുതാപ പോള്‍, അഞ്ജു ഭാരതി, സുപര്‍ണ ശര്‍മ, ശുമ റാഹ, മാലിനി ഭുപ്ത, കനിക ഘഹ്ലോട്ട്, കദംബരി എം. വാഡെ, മയ്‌ലീ ദെ പുയ് കാംപ്, റൂത്ത് ഡേവിഡ് എന്നീ മാധ്യമപ്രവര്‍ത്തകരാണ് അക്ബറിനെതിരെ രംഗത്തു വന്നത്. ഇവര്‍ ഉന്നയിച്ച ആരോപണങ്ങള്‍ അക്ബര്‍ തള്ളിയെങ്കിലും പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുകയായണെന്ന് വനിതാ മാധ്യമപ്രവര്‍ത്തകര്‍ ആവര്‍ത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്.
എന്നാല്‍ ഇത് തീര്‍ത്തും തെറ്റാണെന്നും മനപ്പൂര്‍വ്വം തന്നെ അപകീര്‍ത്തിപ്പെടുത്താനും താറടിക്കാനും നടത്തുന്ന ശ്രമമാണെന്നും അകബര്‍ അപകീര്‍ത്തി പരാതിയില്‍ പറയുന്നു. തെളിവുകളില്ലാതെ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് ചിലര്‍ക്കിടയില്‍ വൈറല്‍ പനി പോലെ പടരുകയാണെന്നും 67കാരനായ അക്ബര്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.