ന്യൂദല്‍ഹി- മീ ടൂ ഹാഷ്ടാഗില് സമൂഹ മാധ്യമങ്ങളിലൂടെ പുറത്തു വന്ന പ്രമുഖര്‍ക്കെതിരായ ലൈംഗിക പീഡന ആരോപണങ്ങള്‍ പരിശോധിക്കാന്‍ കേന്ദ്ര വനിതാ ശിശു വികസന മന്ത്രാലയം പ്രത്യേക സമിതി രൂപീകരിക്കുമെന്ന് മന്ത്രി മേനക ഗാന്ധി അറിയിച്ചു. മുന്‍ ജഡ്ജിമാര്‍ ഉള്‍പ്പെടുന്ന നാലംഗ സമിതിയായിരിക്കും ഇതെന്നും അവര്‍ പറഞ്ഞു. മി ടൂ പ്രചാരണത്തിന്റെ ഭാഗമായി ഈയിടെ ഉയര്‍ന്നു വന്ന ലൈംഗിക പീഡന ആരോപണങ്ങള്‍ പരിശോധിക്കാനാണ് സമിതിയെന്നും മന്ത്രി വ്യക്തമാക്കി. ഓരോ പീഡന പരാതിക്കു പിന്നിലും വേദനയും മാനസികാഘാതവും ഉണ്ടെന്നാണ് എന്റെ വിശ്വാസം. തൊഴിലിടങ്ങളിലെ ലൈംഗിക പീഡനം ഒരിക്കലും വച്ചുപൊറുപ്പിക്കാനാവില്ല- മന്ത്രി മേനക വ്യക്തമാക്കി.
അതിനിടെ മീ ടു കുരുക്കിലായ വിദേശകാര്യ സഹമന്ത്രി എം. ജെ അക്ബറിനെതിരെ പീഡന ആരോപണവുമായി വിദേശ മാധ്യമ പ്രവര്‍ത്തകയും രംഗത്തെത്തി. നേരത്തെ വനിതാ മാധ്യമ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ ഏഴുപേരാണ് അക്ബര്‍ പീഡിപ്പിച്ചെന്നാരോപിച്ച് രംഗത്തു വന്നിരുന്നത്. മന്ത്രി മേനക ഗാന്ധി പുതിയ സമിതി രൂപീകരിക്കുന്നതോടെ പ്രഥമ പരിഗണനയ്ക്കെത്തുന്ന കേസുകളില്‍ അക്ബറിനെതിരായ ആരോപണവം എത്തുമെന്ന് ഉറപ്പാണ്. അതേസമയം കൂടുതല്‍ വെട്ടിലായ അക്ബറിനെ മന്ത്രി സഭയില്‍ നിന്ന് പുറത്താക്കിയേക്കുമെന്നും റിപോര്‍ട്ടുണ്ട്. അക്ബറിനെതിരെ ഉയര്‍ന്നിട്ടുള്ളതെല്ലാം ഗൗരവമേറിയ ആരോപണങ്ങളാണ്. മുതിര്‍ന്ന മാധ്യമ പ്രവര്ത്തകന് കൂടിയായ അക്ബര്‍ തന്റെ മാധ്യമ സ്ഥാപനങ്ങളില്‍ വച്ചാണ് വനിതാ സഹപ്രവര്‍ത്തകര്‍ക്കു നേരെ ലൈംഗികാതിക്രമം കാട്ടിയത്. വര്‍ഷങ്ങള്‍ക്കു മുമ്പ് അക്ബറില് നിന്നും നേരിട്ട് ലൈംഗിക പീഡനം ചില വനിതാ മാധ്യമ പ്രവര്‍ത്തകര്‍ വിശദമായി തന്നെ എഴുതുകയും ചെയ്തിരുന്നു.