ചെന്നൈ- തിരുച്ചിറപ്പള്ളി വിമാനത്താവളത്തില്‍ നിന്ന് പറന്നുയരുന്നതിനിടെ മതിലിലിടച്ച് സാരമായി കേടുപാടുപറ്റിയ എയര്‍ ഇന്ത്യാ ദുബായ് വിമാനം അപകടകരമായി പറന്നത് മൂന്ന് മണിക്കൂര്‍. ടെയ്‌ക്കോഫിനിടെ റണ്‍വെ പരിധി വിട്ടു കുതിച്ചതാണ് അപകടമുണ്ടാക്കിയത്. ഇത് പൈലറ്റുമാരുടെ വീഴ്ചയായാണ് വിലയിരുത്തപ്പെടുന്നത്. വിമാനത്തിന്റെ രണ്ടു പിന്‍ചക്രങ്ങള്‍ക്കു കേടുപാട് പറ്റിയതിനു പുറമെ അടിഭാഗത്ത് സാരമായി കേടുണ്ട്. ബോഡിയുടെ വലിയോരു ഭാഗം പൊളിഞ്ഞിട്ടുണ്ട്. പലയിടത്തും പൊട്ടലുകളുമുണ്ട്. മതിലില്‍ ഇടിക്കുന്നതിനു മുമ്പ് റണ്‍വെയുടെ അറ്റത്തുള്ള ഇന്‍സ്ട്രുമെന്റേഷന്‍ ലാന്‍ഡിസ് സിസ്റ്റം (ഐ.എല്‍.എസ്) എന്ന സുരക്ഷാ സംവിധാനത്തിന്റെ ആന്റിനയും ഇടിച്ചു തകര്‍ത്തിട്ടുണ്ട്. പൊളിഞ്ഞ ബോഡിയുമായി പറന്ന ബോയിങ് 737 വിമാനം തലനാരിഴയ്ക്കാണ് വന്‍ ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടതെന്നാണ് വിലയിരുത്തല്‍. മതിലില്‍ ഇടിച്ചതിനെ തുടര്‍ന്ന് വിമാനത്താവളത്തിലെ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ വിഭാഗം പൈലറ്റുമായി ബന്ധപ്പെട്ടെങ്കിലും വിമാനത്തിലെ എല്ലാ സംവിധാനങ്ങളും മുറപോലെ പ്രവര്‍ത്തിക്കുന്നുണ്ടെന്നും പ്രശ്‌നങ്ങളൊന്നുമില്ലെന്നുമാണ് മറുപടി നല്‍കിയത്. എന്നാല്‍ മുന്‍കരുതല്‍ എന്ന നിലയ്ക്ക് പൈലറ്റിനോട് വിമാനം തിരിച്ചുവിട്ട് മുംബൈയില്‍ ഇറക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. രണ്ടു പൈലറ്റുമാരെയും ജോലിയില്‍ നിന്ന് മാറ്റി നിര്‍ത്തിയിട്ടുണ്ട്.
വ്യാഴാഴ്ച അര്‍ദ്ധരാത്രി പിന്നിട്ട് 1.30ഓടെയാണ് തിരുച്ചിറപ്പള്ളിയില്‍ നിന്നും ദുബായിലേക്ക് വിമാനം പറന്നയുര്‍ന്നത്. അപകടത്തെ തുടര്‍ന്ന് വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ചു മണിയോടെ മുംബൈയില്‍ ഇറക്കി. ഇവിടെ നടത്തിയ പരിശോധനയിലാണ് വിമാനത്തിന്റെ ബോഡിക്ക് സാരമായ കേടുപാടുകള്‍ ഉള്ളതായി കണ്ടെത്തിയത്. പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും സുരക്ഷ കണക്കിലെടുത്ത് ഒരു പക്ഷേ ഈ വിമാനം ഉപേക്ഷിക്കേണ്ടി വരെ വന്നേക്കാം. ബോഡിയുട അടിഭാഗത്ത് സാരമായി പൊളിഞ്ഞിട്ടുണ്ട്. വിമാനത്തിന്റെ ഒരു ആന്റിനയും വീണു പോയിട്ടുണ്ട്. ഇത് വിമാനത്താവളത്തില്‍ നിന്ന് ലഭിച്ചു. വിമാനത്തിന്റെ ഇടിച്ച ഭാഗം അല്‍പം കൂടി പിന്‍വശത്താണെങ്കില്‍ അതോടെ എല്ലാ അവസാനിക്കുമായിരുന്നെന്ന് ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ക്യാപ്റ്റന്‍ ഡി. ഗണേഷ് ബാബു ആയിരുന്നു വിമാനം നിയന്ത്രിച്ചിരുന്ന പൈലറ്റ്. 3,600 മണിക്കൂര്‍ ബോയിങ് 737 പറത്തി അനുഭവ സമ്പന്നനാണ്. ഫസ്റ്റ് ഓഫീസര്‍ ക്യാപ്റ്റന്‍ അനുരാഗ് 3000 മണിക്കൂറും പറത്തല്‍ റെക്കോര്‍ഡുള്ളയാളാണ്. ഇരുവരേയും ജോയിലില്‍ നിന്ന് താല്‍ക്കാലികമായി മാറ്റി നിര്‍ത്തി അന്വേഷണം നടക്കുകയാണെന്ന് എയര്‍ ഇന്ത്യ അറിയിച്ചു.