ന്യൂദല്‍ഹി- പാക് ചാരസംഘടനയായ ഐ.എസ്.ഐയുടെ ഏജന്റാണെന്നും ഇനി ഇന്ത്യയില്‍ കഴിയാനാണ് ആഗ്രഹമെന്നും പറഞ്ഞ പാക്കിസ്ഥാന്‍ പൗരനെ കസ്റ്റഡിയിലെടുത്ത് വിവിധ സുരക്ഷാ ഏജന്‍സികള്‍ ചോദ്യം ചെയ്തുവരുന്നു. വെള്ളിയാഴ്ച ദുബായില്‍നിന്ന് എയര്‍ ഇന്ത്യാ വിമാനത്തില്‍ ദല്‍ഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ വന്നിറങ്ങിയ യാത്രക്കാരന്‍ മുഹമ്മദ് അഹ്മദ് ശൈഖ് മുഹമ്മദ് റഫീഖാണ് എയര്‍പോര്‍ട്ടിലെ ഹെല്‍പ് ഡെസ്‌കിനെ സമീപിച്ച് ഐ.എസ്.ഐ പണി തുടരാന്‍ ആഗ്രഹമില്ലെന്നും ഇന്ത്യയില്‍ തങ്ങണമെന്നും പറഞ്ഞത്. പാക് ചാരസംഘടനയായ ഐ.എസ്.ഐയെ കുറിച്ചുള്ള വിവരങ്ങള്‍ കൈമാറാനുണ്ടെന്നും ഇയാള്‍ ഹെല്‍പ് ഡെസ്‌കിലുണ്ടായിരുന്ന ഉദ്യോഗസ്ഥനോട് പറഞ്ഞു. ഇയാളുടെ സംസാരം കേട്ടയുടന്‍ ഉദ്യോഗസ്ഥന്‍ സുരക്ഷാ ഉദ്യോഗസ്ഥരെ വിളിച്ചു. പാക്കിസ്ഥാനി യാത്രക്കാരനെ കസ്റ്റഡിയിലെടുത്ത സുരക്ഷാ ഉദ്യോഗസ്ഥര്‍ കേന്ദ്ര ഇന്റലിജന്‍സ് ഏജന്‍സികളെ വിവരം അറിയിച്ചു.
38 കാരനായ റഫീഖ് കാട്മണ്ഡുവിലേക്കുള്ള വിമാനത്തിലും ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. അവിടേക്കുള്ള വിമാനത്തിലേക്ക് പോകാതെ യാത്ര അവസാനിപ്പിച്ച ഇയാള്‍ ഹെല്‍പ് ഡെസ്‌കില്‍ എത്തുകയായിരുന്നു.
ഐ.എസ്.ഐ ഏജന്റാണെന്നും ഇനി ജോലി തുടരേണ്ടതില്ലെന്നാണ് തീരുമാനമെന്നുമാണ് ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യലില്‍ പറഞ്ഞത്. അജ്ഞാത കേന്ദ്രത്തില്‍ കൊണ്ടുപോയാണ് ഇയാളെ ചോദ്യം ചെയ്യുന്നത്. വിവധ ഏജന്‍സികളിലെ ഉദ്യോഗസ്ഥര്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. ഇയാളുടെ അവകാശവാദം ശരിയാണോയെന്നാണ് ആദ്യം പരിശോധിക്കേണ്ടതെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു.