ഹൈദരാബാദ്- കോൺഗ്രസ് നേതാവിന്റെ ഭാര്യ ബി.ജെപിയിൽ ചേർന്ന് ഒൻപത് മണിക്കൂറിനകം തിരികെ വീണ്ടും കോൺഗ്രസിലെത്തി. തെലങ്കാനയിലെ കോൺഗ്രസിന്റെ മുതിർന്ന നേതാവ് സി ദാമോദർ രാജനരസിംഹയുടെ ഭാര്യ പത്മിനി റെഡ്ഢിയാണ് കോൺഗ്രസിൽനിന്ന് ബി.ജെ.പിയിലെത്തി മണിക്കൂറുകൾക്കും തിരിച്ചുപോയത്. അവിഭക്ത ആന്ധ്രപ്രദേശിന്റെ മുഖ്യമന്ത്രിയായിരുന്ന എൻ കിരൺ കുമാർ റെഡ്ഢിയുടെ മന്ത്രിസഭയിൽ ഉപമുഖ്യമന്ത്രിയായിരുന്നു ദാമോദർ രാജസിംഹ. നിലവിൽ തെലങ്കാന തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ പ്രകടനപത്രിക തയ്യാറാക്കുന്ന ചുമതലയും രാജസിംഹക്കാണ്. ബി.ജെ.പി പ്രസിഡന്റ് കെ ലക്ഷ്മൺ, ബി.ജെ.പി ദേശീയ സെക്രട്ടറി വി മുരളീധർ റാവു എന്നിവരാണ് പദ്മിനിക്ക് അംഗത്വം നൽകിയത്. പ്രധാനമന്ത്രിയുടെ പ്രവർത്തനത്തിൽ മതിപ്പ് തോന്നിയ പദ്മിനി ബി.ജെ.പിയിൽ ചേർന്നുവെന്നും സ്ത്രീ ശാക്തീകരണം ലക്ഷ്യമിടുന്നുവെന്നും ബി.ജെ.പി ഉടൻ ട്വീറ്റും ചെയ്തു. എന്നാൽ ഇതിന് അധികം ആയുസുണ്ടായില്ല. പാർട്ടി പ്രവർത്തകരുടെ വികാരത്തിന് മുറിവേറ്റുവെന്ന് തോന്നുന്നതിനാൽ തിരിച്ചുപോകുകയാണെന്ന് പദ്മിനി അറിയിച്ചു. അതേസമയം, തിരിച്ചുപോകാനുള്ള അവരുടെ തീരുമാനത്തെ മാനിക്കുന്നതായി ബി.ജെ.പിയും വ്യക്തമാക്കി.