ഇസ്ലാമില്‍ സ്ത്രീകളുടെ പദവി സംബന്ധിച്ച് നിരവധി പുസ്തകങ്ങള്‍ പുറത്തിറങ്ങിയിട്ടുണ്ടെങ്കിലും ഇസ്്‌ലാം വിമര്‍ശകര്‍ ഈ വിഷയം എപ്പോഴും ഉപയോഗപ്പടുത്താറുണ്ട്. സ്ത്രീകളെ അടിച്ചമര്‍ത്തുന്ന മതമെന്ന നിലയില്‍ വിമര്‍ശനം മുന്നോട്ടു പോയപ്പോഴാണ് കഴിഞ്ഞ ദശകങ്ങളില്‍ ഈ വിഷയത്തില്‍ ഒട്ടേറെ പുസ്തകങ്ങള്‍ പുറത്തിറങ്ങിയത്.
ഇസ്ലാമില്‍ സ്ത്രീകള്‍ക്കുള്ള സ്ഥാനമെന്താണ്? എന്തൊക്കെയാണ് സ്ത്രീകളുടെ അവകാശങ്ങള്‍, മുസ്്‌ലിം വനിതയുടെ ഉത്തരവാദിത്തങ്ങള്‍ എന്തെല്ലാമാണ്, ഭാര്യ, മാതാവ്, മകള്‍ എന്ന നിലയില്‍ മുസ്്‌ലിം എന്തൊക്കെ ചെയ്യണം തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ആദില്‍ സലാഹി വിശദമായ മറുപടികള്‍ നല്‍കി.
മനുഷ്യനെന്ന നിലയില്‍ പുരുഷനും സ്ത്രീയും പൂര്‍ണമായും തുല്യരാണ്. അല്ലയോ മനുഷ്യരേ, നിങ്ങളുടെ രക്ഷിതാവിനെ ഭയപ്പെടുവിന്‍. ഒരൊറ്റ ആത്മാവില്‍നിന്ന് നിങ്ങളെ സൃഷ്ടിക്കുകയും അതേ ആത്മാവില്‍ നിന്നുതന്നെ അതിന്റെ ഇണയേയും സൃഷ്ടിക്കുകയും ചെയ്തവന്‍ (4:1) എന്ന ഖുര്‍ആന്‍ വചനം നോക്കുക.
സ്ത്രീകള്‍ പുരുഷന്മാരുടെ സഹോദരിമാരാണെന്നാണ് പ്രവാചക വചനം. സഹോദരിമാരേയും സഹോദരന്മാരേയും ഒരുപോലെ കാണണമെന്ന കാര്യം പ്രത്യേകം പറയേണ്ടതില്ല.
സ്വര്‍ഗത്തില്‍ നിന്ന് പുറന്തള്ളപ്പെട്ടതിന്റെ പൂര്‍ണ ഉത്തരവാദിത്തം സ്ത്രീയുടെ മേല്‍ കെട്ടിവെക്കുന്നതായിരുന്നു പൂര്‍വമതങ്ങള്‍. എന്നാല്‍ ആദമും ഹവ്വയും അതിനു തുല്യ ഉത്തരവാദികളാണെന്നാണ് ഇസ്്‌ലാം പഠിപ്പിച്ചത്. സ്വര്‍ഗത്തില്‍ അവര്‍ കാണിച്ച അനുസരണക്കേടിനെ കുറിച്ച് ഖുര്‍ആന്‍ പറയുന്നത് നോക്കുക. പിശാച് അവരിരുവരിലും ആ വൃക്ഷത്തോട് മോഹം ജനിപ്പിച്ചു. നമ്മുടെ കല്‍പന പാലിക്കുന്നതില്‍ നിന്ന് തെറ്റിച്ചു. അവരെ തങ്ങളുടെ നിലവിലുള്ള അവസ്ഥയില്‍ നിന്ന് പുറന്തള്ളുകയും ചെയ്തു (2:36).
ചില സൂക്തങ്ങളില്‍ കുറ്റം ആദമിനു മേല്‍ മാത്രം ചുമത്തിയിട്ടുണ്ട്. എന്നാല്‍ ആദി പാപമെന്ന സങ്കല്‍പത്തെ ഇസ്്‌ലാം നിരാകരിക്കുന്നു. ആണായാലും പെണ്ണായാലും ഓരോരുത്തരും അവരവരുടെ കര്‍മങ്ങള്‍ക്ക് ഉത്തരവാദിയാണെന്നാണ് ഇസ്്‌ലാമിന്റെ അധ്യാപനം. അതുകൊണ്ടു തന്നെ സ്വര്‍ഗത്തില്‍ ഹവ്വ ചെയ്ത പാപത്തിന്റെ ഉത്തരവാദിത്തം ഒരു സ്ത്രീയും ഏറ്റെടുക്കേണ്ടതില്ല. അതുപോലെ തന്നെ ആദം ചെയ്ത തെറ്റിന് ഒരു പുരുഷനും ഉത്തരവാദിയല്ല. പുരുഷനെ പേലെ തന്നെയാണ് സ്ത്രീയും വിശ്വാസത്തിന് വിധേയമായി ജീവിക്കുന്നത്. ജീവിതത്തില്‍ സല്‍കര്‍മങ്ങള്‍ അനുഷ്ഠിച്ചാല്‍ അവള്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുമെന്നതു പോലെ തെറ്റായ ജീവിതമാണ് നയിച്ചതെങ്കില്‍ ശിക്ഷ അനുഭവിക്കുകയും ചെയ്യും. ഇതേ മാനദണ്ഡമാണ് ഇവിടേയും സ്ത്രീക്കും പുരുഷനും ബാധകം.
വിശുദ്ധ ഖുര്‍ആനില്‍ അല്ലാഹു പറയുന്നത് നോക്കുക. അവരുടെ എറ്റവും ശ്രേഷ്ഠമായ കര്‍മങ്ങളുടെ അടിസ്ഥാനത്തില്‍ പ്രതിഫലം നല്‍കുകയും ചെയ്യും (16:97). വീണ്ടും അല്ലാഹു പറയുന്നു. അവരുടെ നാഥന്‍ അവര്‍ക്ക് ഉത്തരമരുളി: സ്ത്രീയാവട്ടെ പുരുഷനാവട്ടെ, നിങ്ങളില്‍ ആരുടേയും കര്‍മത്തെ ഞാന്‍ നിഷ്ഫലമാക്കുന്നതല്ല. നിങ്ങളെല്ലാവരും ഒരേ വര്‍ഗത്തില്‍ പെട്ടവരാണല്ലോ (3:195).
ഒരു പെണ്‍കുട്ടി ജനിച്ചാല്‍ ദുഃഖിക്കുന്നതിനേയും സങ്കടത്തിലാവുന്നതിനേയും ഇസ്്‌ലാം നിരാകരിക്കുന്നു. ഇസ്്‌ലാമിനു മുമ്പ് അറേബ്യയില്‍ ഇതായിരുന്നു സ്ഥിതി. ഇന്നും ലോകത്തിന്റെ പല ഭാഗങ്ങളിലും ഇതു തന്നെയാണ് സാഹചര്യം. ഒരു ആണ്‍കുട്ടിയുടെ ജനനത്തില്‍ ആഹ്ലാദിക്കുന്നതു പോലെ തന്നെ ഒരു പെണ്‍കുട്ടിയുടെ ജനനവും ആഘോഷിക്കണമെന്നാതാണ് ഇസ്്‌ലാമിന്റെ കാഴ്ചപ്പാട്.
ഇസ്്‌ലാമിനു മുമ്പ് പല അറേബ്യന്‍ ഗോത്രങ്ങളും പെണ്‍കുഞ്ഞുങ്ങള്‍ ജനിച്ചാല്‍ ജീവനോടെ കുഴിച്ചു മൂടുമായിരുന്നു. ഈ സമ്പ്രദായത്തെ നിഷിദ്ധമാക്കിക്കൊണ്ട് ഇസ്‌ലാം അത്തരക്കാര്‍ക്ക് കര്‍ശന താക്കീതാണ് നല്‍കിയത്. മക്കളെ കൊല്ലുന്നവര്‍ക്ക് വരാനിരിക്കുന്ന ജീവിതത്തില്‍ കടുത്ത ശിക്ഷ കാത്തിരിക്കുന്നുവെന്ന മുന്നറിയിപ്പ് നല്‍കി പ്രവാചകന്‍.
തങ്ങളുടെ സ്ത്രീകളുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്താനും അവരെ ഉചിതമായ രീതിയില്‍ പരിഗണിക്കാനുമുള്ള കര്‍ശന കല്‍പനകളാണ് ഇസ്്‌ലാം മുന്നോട്ട് വെക്കുന്നത്. പുത്രിമാരായാലും ഭാര്യമാരായാലും മാതാക്കളായാലും ഇതു തന്നെയാണ് ബാധകം. പെണ്‍കുട്ടികളെ പരിപാലിക്കുന്നതുമായി ബന്ധപ്പെട്ടുളള പ്രവാചക വചനം ശ്രദ്ധേയമാണ്. രണ്ട് പെണ്‍കുട്ടികളെ അവര്‍ പ്രായപൂര്‍ത്തിയാകുന്നതു വരെ നന്നായി പരിപാലിക്കുന്നവരും ഞാനും വിധി ദിനത്തില്‍ ഇതുപോലെ ആയിരിക്കുമെന്നാണ് രണ്ട് വിരലുകള്‍ അടുപ്പിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞത്.
നിങ്ങള്‍ നോക്കുമ്പോള്‍ സന്തോഷം പ്രകടിപ്പിക്കുകയും നിങ്ങള്‍ അകന്നിരിക്കുമ്പോള്‍ നിങ്ങളെ സംരക്ഷിക്കുകയും ചെയ്യുന്ന നല്ല ഭാര്യയെ ലഭിക്കുന്നത് ഏറ്റവും വലിയ അനുഗ്രഹമായാണ് പ്രവാചകന്‍ (സ) ഉണര്‍ത്തിയത്. മാതാപിതാക്കളോട് കര്‍ത്തവ്യബോധമുള്ളവരായിരിക്കാന്‍ ഉണര്‍ത്തുന്ന വിശുദ്ധ വചനങ്ങള്‍ മാതാക്കളെ പ്രത്യേകം പരിഗണിക്കണമെന്നും നിര്‍ദേശിക്കുന്നതായി കാണാം.
പ്രവാചകര്‍ (സ)യുടെ അടുക്കല്‍ ഒരാള്‍ ചോദിച്ചു: ആരോടാണ് എനിക്ക് ഏറ്റവും കൂടുതല്‍ കടപ്പാട്? പ്രവാചകന്‍ മറുപടി നല്‍കി: നിങ്ങളുടെ മാതാവ്. അയാള്‍ വീണ്ടും ചോദിച്ചു: പിന്നീട് ആരാണ്? പ്രവാചകന്‍ വീണ്ടും മറുപടി നല്‍കി: നിങ്ങളുടെ മാതാവ്. മൂന്നാം തവണയും പ്രവാചകന്‍ ഇതേ മറുപടി തന്നെ നല്‍കി. ആഗതന്‍ വീണ്ടും പിന്നീട് ആരോട് ചോദ്യം ഉന്നയിച്ചപ്പോള്‍ മാത്രമാണ് പ്രവാചകന്‍ (സ) നിങ്ങളുടെ പിതാവ് എന്നു മറുപടി നല്‍കിയത് (ബുഖാരി).
ആണ്‍കുട്ടികളെ പോലെ തന്നെ പെണ്‍കുട്ടികള്‍ക്കും വിദ്യാഭ്യാസം നല്‍കാന്‍ ഇസ്്‌ലാം പ്രോത്സാഹിപ്പിക്കുന്നു. പ്രവാചകന്‍ (സ) പറയുന്നു: വിജ്ഞാനം നേടുക ഓരോ മുസ്്‌ലിമിന്റെയും നിര്‍ബന്ധ ബാധ്യതയാണ്. ഇത് സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഒരുപോലെ ബാധകമാണെന്നാണ് എല്ലാ ഹദീസ് പണ്ഡിതന്മാരും അഭിപ്രായപ്പെടുന്നത്.
ഇസ്്‌ലാമിന്റെ പൊതുവായ കല്‍പനകള്‍ വിവേചനമില്ലാതെ സ്ത്രീക്കും പുരുഷനും ഒരുപോലെ ബാധകമാണെന്ന കാര്യം പ്രത്യേകം പറയേണ്ടതില്ല. ഇതില്‍ വ്യത്യാസമുണ്ടെങ്കില്‍ അത് പ്രത്യേകം എടുത്തു പറഞ്ഞിരിക്കും.
മതാപിതാക്കളുടേയും മക്കളുടേയും ഭര്‍ത്താവിന്റേയും അനന്തര സ്വത്തില്‍ ഇസ്്‌ലാം സ്ത്രീകള്‍ക്ക് പങ്ക് ഉറപ്പു വരുത്തി. ഏതു സാഹചര്യത്തിലും സ്ത്രീ അനന്തര സ്വത്തിന് അര്‍ഹയാണ്.
ഭാര്യയുടേയും ഭര്‍ത്താവിന്റേയും അവകാശങ്ങളും ചുമതലകളും ഇസ്്‌ലാം പ്രത്യേകം നിര്‍ണയിച്ചു. വിവാഹ മോചനത്തിനുളള അനുമതി പുരുഷന്‍ ദുരുപയോഗം ചെയ്യാതിരിക്കാനുള്ള വ്യവസ്ഥകളും ഇസ്്‌ലാം ഏര്‍പ്പെടുത്തി. ഇസ്്‌ലാമിക നിര്‍ദേശങ്ങള്‍ സ്ത്രീയും പുരുഷനും ലംഘിക്കുമ്പോള്‍ മാത്രമാണ് അനീതി ഉടലെടുക്കുന്നത്. ഒരേ സമയം പരമാവധി നാല് ഭാര്യമാര്‍ മാത്രമേ പാടുള്ളൂവെന്ന വ്യവസ്ഥയോടെ ബഹുഭാര്യത്വവും ഇസ്്‌ലാം നിയന്ത്രിച്ചു. ബഹുഭാര്യത്വം അനുവദിക്കുന്ന മറ്റു സമൂഹങ്ങളില്‍ ഒരു പുരുഷന് എത്ര ഭാര്യമാരാകാമെന്നതിന് വ്യവസ്ഥയില്ല.
പ്രായപൂര്‍ത്തിയാകുന്നതു വരെ പെണ്‍കുട്ടികളുടെ പൂര്‍ണ സംരക്ഷണം രക്ഷിതാക്കളുടെ ബാധ്യതയാക്കിയ ഇസ്്‌ലാം അവര്‍ക്ക് മികിച്ച വിദ്യാഭ്യാസം നല്‍കാനും ആവശ്യപ്പെടുന്നു. പ്രായപൂര്‍ത്തിയായാല്‍ പരുഷന്റെ അതേ നിയമപരമായ പദവി സ്ത്രീക്കും ലഭിക്കുന്നു. പുരുഷന്‍ ചെയ്യുന്നതു പോലെ തന്നെ എല്ലാ സാമ്പത്തിക ഇടപാടുകളും അവള്‍ക്കും നടത്താം. പുരുഷനുള്ള അതേ പദവി തന്നെയാണ് യാതൊരു വിവേചനവുമില്ലാതെ സ്ത്രീക്കും ഇസ്്‌ലാം വകവെച്ചു നല്‍കുന്നത്. പിതാവായാലും ഭര്‍ത്താവായാലും ഗോത്രമായാലും ഏതെങ്കിലും അധികാര പ്രയോഗത്തിന് സ്ത്രീ വഴങ്ങേണ്ടതില്ല.
ഇസ്്‌ലാമിക നിയമത്തില്‍ ചില കാര്യങ്ങളില്‍ സ്ത്രീക്കും പുരുഷനും തമ്മില്‍ കാണുന്ന നേരിയ വ്യത്യാസം കുടുംബത്തില്‍ സ്ത്രീ നിര്‍വഹിക്കുന്ന ചുമതലകളുമായി ബന്ധപ്പെട്ടതാണ്. ഇവ പൊതു പദവിയുമായി ബന്ധപ്പെട്ടതല്ല. ഇസ്്‌ലാമിക വ്യവസ്ഥയില്‍ ജീവിതം പുലര്‍ത്തുന്നതിന് സ്ത്രീ ജോലി ചെയ്യേണ്ടതില്ല. അവളെ സംരക്ഷിക്കേണ്ട ബാധ്യത ഭര്‍ത്താവിനും രക്ഷിതാക്കള്‍ക്കുമാണ്. ആരും സംരക്ഷിക്കാനില്ലെങ്കില്‍ സംരക്ഷണം ഭരണകൂടത്തിന്റെ ചുമതലയാണ്. ഇതേസമയം തന്നെ, സ്ത്രീ സ്വതന്ത്രമായി ജോലി ചെയ്യുന്നത് ഇസ്്‌ലാം വിലക്കിയിട്ടുമില്ല. ഒരു ജോലിയും പുരുഷനു മാത്രമായി സംവരണം ചെയ്തിട്ടില്ല. ഇസ്്‌ലാമിക മര്യാദകള്‍ പാലിച്ചുകൊണ്ട് സ്ത്രീക്ക് ഏതു ജോലിയും ചെയ്യാം. ഇസ്്‌ലാമിനു മുമ്പുള്ള കാലത്ത് സ്ത്രീകളോട് മോശമായാണ് പെരുമാറിയിരുന്നത്. അവര്‍ക്ക് സമൂഹത്തില്‍ ഒരു സ്ഥാനവുമുണ്ടായിരുന്നില്ല. ഗ്രീക്ക് സംസ്‌കാരത്തില്‍ സ്ത്രീകളെ ചന്തയില്‍ കൊണ്ടുവന്ന് വില്‍പന നടത്തിയിരുന്നു. രക്ഷിതാക്കള്‍ തെരഞ്ഞെടുക്കുന്ന ഭര്‍ത്താവിനെ നിരാകരിക്കാന്‍ സ്ത്രീക്ക് പാടുണ്ടായിരുന്നില്ല. റോമാ ഭരണകാലത്ത് സ്ത്രീക്ക് ഒന്നും തന്നെ സ്വന്തമാക്കാന്‍ അധികാരമുണ്ടായിരുന്നില്ല. സ്വന്തമായി എന്തെങ്കിലും സ്വത്തുക്കള്‍ ഉണ്ടെങ്കില്‍ സ്വമേധയാ അത് കുടുംബനാഥനില്‍ ചേരുമായിരുന്നു. 1805 വരെ ഇംഗ്ലീഷ് നിയമം പുരുഷന് ഭാര്യയെ വില്‍പന നടത്താന്‍ അനുമതി നല്‍കിയിരുന്നു. സ്ത്രീ മനുഷ്യനാണോ അല്ലയോ എന്ന കാര്യം തീരുമാനിക്കുന്നതിന് ഫ്രഞ്ച് പുരോഹിതന്മാര്‍ കണ്‍വെന്‍ഷന്‍ വിളിച്ചു ചേര്‍ത്ത കാലം കടന്നു പോയിട്ടുണ്ട്. പുരുഷനെ സേവിക്കാനായി മാത്രം സൃഷ്ടിച്ചവളാണ് സ്ത്രീയെന്നാണ് അവര്‍ ചര്‍ച്ച ഉപസംഹരിച്ചിരുന്നത്. ഫ്രഞ്ച് വിപ്ലവത്തിനു ശേഷം 18-ാം നൂറ്റാണ്ടിന്റെ അവസാനം പോലും സ്ത്രീകളെ ഇകഴ്ത്തുന്നതായിരുന്നു ഫ്രഞ്ച് നിയമം. രക്ഷിതാക്കളുടെ സമ്മതമില്ലാതെ സ്ത്രീക്ക് ഒരു കരാറിലും ഒപ്പിടാന്‍ പാടില്ലായിരുന്നു.