ക്വാലലംപൂര്‍- കാമറയുടെ എണ്ണം കാട്ടി വില്‍പ്പനയില്‍ മുന്നേറുന്ന ചൈനീസ് കമ്പനികളെ നേരിടാന്‍ കൊറിയന്‍ സ്മാര്‍ട്‌ഫോണ്‍ ഭീമന്മാരായ സാംസങ് അഞ്ചു കാമറകളടങ്ങിയ പുതിയ ഫോണ്‍ അവതരിപ്പിച്ചു. പിന്‍വശത്ത് നാലു പ്രധാന കാമറകളുള്ള ലോകത്തെ ആദ്യ ഫോണെന്നു പരിചയപ്പെടുത്തിയാണ് മലേഷ്യന്‍ തലസ്ഥാനത്ത് സാംസങ് ഗാലക്‌സി എ9 പുറത്തിറക്കിയത്. അടുത്ത മാസമെ ഈ ഫോണ്‍ വിപണിയിലെത്തൂ. പിന്‍വശത്ത് വരിവരിയായി ഘടിപ്പിച്ചിരിക്കുന്ന നാലു കാമറകള്‍ ഇനി കാഴ്ചകള്‍ക്ക് മിഴിവ് കൂട്ടും. എട്ട് മെഗാപിക്‌സല്‍ അള്‍ട്രാ വൈഡ് സെന്‍സര്‍, 24 എംപി മുഖ്യ സെന്‍സര്‍, അഞ്ച് എം.പി ഡെപ്ത് സെന്‍സര്‍, 10 എം.പി ടെലിഫോട്ടോ സെന്‍സര്‍ എന്നിവ അടങ്ങിയതാണ് ഈ ക്വാഡ്ര കാമറ ഫോണ്‍. ഇതിനെല്ലാം പുറമെ 24 എം.പി കിടിലന്‍ സെല്‍ഫി കാമറ മുന്നിലും ഉണ്ട്.
6.3 ഇഞ്ച് ഫുള്‍ എച്.ഡി ഇന്‍ഫിനിറ്റി ഡിസ്‌പ്ലേയാണ് ഈ ഫോണിന്റെ മറ്റൊരു സവിശേഷത. എട്ട്/ആറ് ജി.ബി റാമും ഉണ്ട്. 128 ജി.ബി ആണ് ഇന്‍ബില്‍റ്റ് സ്റ്റോറേജ്. ഇത് 512 ജി.ബി വരെ ആക്കാം. 3,800 എം.എ.എച് ബാറ്ററിയും ഈ ഫോണിന് കരുത്തേകുന്നു. ഫേയ്‌സ് അണ്‍ലോക്ക്, ബിക്‌സ്ബി അസിസ്റ്റന്റ്, സാംസങ് പേ സംവിധാനങ്ങളും ഉണ്ട്. ഫിംഗര്‍പ്രിന്റ് സെന്‍സര്‍ പിന്‍വശത്താണ്. 599 യൂറോയിലാണ് വില തുടങ്ങുന്നത്. ഏകദേശം 51,300 ഇന്ത്യന്‍ രൂപ വരുമിത്. ഇന്ത്യയിലെ വിലയോ എന്നെത്തുമെന്നോ പ്രഖ്യാപിച്ചിട്ടില്ല.