ബോളുഡില്‍ നിന്ന് ഒരു പീഡന കഥ കൂടി. ചലച്ചിത്ര നിര്‍മാതാവ് ഗൗരംഗ് ദോഷി തന്നെ ശാരീരികമായി പീഡിപ്പിച്ചുവെന്ന് തുറന്ന് പറയുകയാണ് നടി ഫ്‌ളോറ സൈനി. 2007 ല്‍ നടന്ന സംഭവമാണ് സൈനി ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.
താനുമായി ദോഷി പ്രണയത്തിലായിരുന്നുവെന്നും 2007 ല്‍ വാലന്റൈന്‍സ് ഡേയില്‍ തന്നെ മര്‍ദ്ദിച്ച് താടിയെല്ല് തകര്‍ത്തുവെന്നും സൈനി ആരോപിച്ചു. സിനിമയില്‍ തുടക്കക്കാരിയായതിനാല്‍ താന്‍ പറയുന്നത് ആരും വിശ്വസിക്കില്ലെന്ന് തോന്നിയതിനാല്‍ അന്ന് പുറത്ത് പറയാന്‍ സാധിച്ചില്ലെന്നും സൈനി പറയുന്നു. മര്‍ദ്ദനമേറ്റ സമയത്തെ ചിത്രവും സൈനി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു.
ആ സമയത്ത് തന്നെ ആരും പിന്തുണയ്ക്കാന്‍ ഉണ്ടായിരുന്നില്ലെന്നും എന്നാല്‍ തന്നെ മനസ്സിലാക്കിയ നടി ഐശ്വര്യ റായ് ദോഷിയുടെ സിനിമയില്‍ നിന്ന് പിന്‍മാറിയെന്നും സൈനി പറയുന്നു. 'ഐശ്വര്യ ഇപ്പോള്‍ അത് ഓര്‍ക്കുന്നുവോ എന്ന് എനിക്കറിയില്ല, പക്ഷേ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് ഞാന്‍ നന്ദി പറയുന്നു' സൈനി പറഞ്ഞു.
തനിക്ക് ശേഷം ദോഷിയില്‍ നിന്ന് പല പെണ്‍കുട്ടികള്‍ക്ക് സമാനമായ അനുഭവം ഉണ്ടായിട്ടുണ്ടെന്നും എന്നാല്‍ ധൈര്യമില്ലാത്തത് കൊണ്ടാണ് അവര്‍ പുറത്ത് പറയാത്തതെന്നും സൈനി കൂട്ടിച്ചേര്‍ത്തു.