ചാലക്കുടിക്കാരന്‍ ചങ്ങാതിയിലെ കഥാപാത്രം തന്നെ മാനസികവും ശാരീരികവുമായി തളര്‍ത്തിക്കളഞ്ഞെന്ന് സലിം കുമാര്‍. സിനിമയില്‍ മണിയുടെ പിതാവായാണ് സലിം കുമാര്‍ വേഷമിട്ടത്. മണിയെ അടുത്തറിയുന്നതുകൊണ്ടു തന്നെ ചാലക്കുടിക്കാരന്‍ ചങ്ങാതിയിലെ ഓരോ രംഗങ്ങളും വളരെ വിഷമത്തോടെയാണ് അഭിനയിച്ചു തീര്‍ത്തത്.
ചിത്രീകരണം പൂര്‍ത്തിയാകുന്നതു വരെ ശാരീരികമായി തളര്‍ന്ന അവസ്ഥയിലായിരുന്നു.
ഓരോ രംഗം എടുക്കുമ്പോഴും എന്തോ കുഴപ്പമുള്ളതു പോലെ തോന്നും. കോരിച്ചൊരിയുന്ന മഴയില്‍ നിന്നു രക്ഷപെടാന്‍ കുഞ്ഞുങ്ങളുമായി മേശയ്ക്കടിയില്‍ കയറിയിരിക്കുന്ന ഒരു രംഗമുണ്ട്. ഇതു ശരിക്കും മണിയുടെ ജീവിതത്തില്‍ ഉണ്ടായിട്ടുള്ളതാണെന്ന് അറിയുന്ന ആളാണു ഞാന്‍. അതുകൊണ്ടു തന്നെ വല്ലാത്ത വിഷമത്തോടെയാണ് അതൊക്കെ അഭിനയിച്ചത്.' ഇതുവരെ ഒരു സിനിമയിലും തനിക്ക് ഇത്തരത്തില്‍ ശാരീരികവും മാനസികവുമായ പ്രയാസം ഉണ്ടായിട്ടില്ലെന്നും സലിം കുമാര്‍ പറഞ്ഞു.
മണിയുടെ ജീവിതത്തിന്റെ ആദ്യകാലം മുതല്‍ മരണം വരെയുള്ള സംഭവങ്ങള്‍ ചിത്രത്തില്‍ ആവിഷ്‌കരിക്കുന്നുണ്ട്. എന്നാല്‍ ജീവിതം അതുപോലെ പകര്‍ത്തുകയല്ലെന്ന് വിനയന്‍ വ്യക്തമാക്കിയിട്ടുണ്ട്.