കൊറിയന്‍ വാഹനനിര്‍മ്മാതാക്കളായ ഹുണ്ടെയ് ഇന്ത്യയില്‍ ഇരുപതാമത്തെ ജന്മദിനം ആഘോഷിക്കുന്ന വേളയാണിത്. ആഘോഷത്തിന് കൊഴുപ്പേകാന്‍ ഒരു കിടിലന്‍ ഓഫര്‍ ഉടനെത്തുമെന്ന പ്രതീക്ഷയിലായിരുന്നു വാഹന ലോകവും ഹുണ്ടെയ് ആരാധകരും. ഒടുവില്‍ കമ്പനി ആ വിവരം ഔദ്യോഗികമായി പുറത്തു വിട്ടിരിക്കുന്നു. എ.എച്ച്2 എന്ന ഓമനപ്പേരിട്ട് വിളിച്ചിരുന്ന പുതിയ ഹാച്ബാക്ക് മാസങ്ങളായി വലിയ സംസാര വിഷമയായിരുന്നു. അതിന്റെ പേരാണ് കമ്പനി ഇപ്പോള്‍ ചിത്രങ്ങള്‍ സഹിതം പുറത്തു വിട്ടിരിക്കുന്നത്. അത് പുത്തന്‍ സാന്‍ട്രോ തന്നെ. രണ്ടു പതിറ്റാണ്ടു മുമ്പ് ഇന്ത്യയില്‍ ആദ്യമായി ഹുണ്ടെയ് ഇറക്കിയ മോഡലാണ് സാന്‍ട്രോ. വിപണി പിടിച്ച് ജനപ്രിയ കാറായി മാറിയ സാന്‍ട്രോ നാലു വര്‍ഷം മുമ്പാണ് കമ്പനി അവസാനിപ്പിച്ചത്. ഇപ്പോഴിതാ രണ്ടു പതിറ്റാണ്ടു പിന്നിട്ട ശേഷം വീണ്ടും അതേ പേരില്‍ ഒട്ടേറെ പുതുമകളും സര്‍പ്രൈസുകളും നിറച്ച് തികഞ്ഞൊരു ഫാമിലി കാറായി സാന്‍ട്രോ വീണ്ടുമെത്തിയിരിക്കുന്നു. ഒക്ടോബര്‍ പത്തു മുതല്‍ ബുക്കിങ് തുടങ്ങും. 11,100 രൂപ നല്‍കിയ ഹുണ്ടെയ് ഷോറൂമുകളിലും ഓണ്‍ലൈനായും ബുക്ക് ചെയ്യാം. ഒക്ടോബര്‍ 23ന് നിരത്തിലിറങ്ങും.
അടിമുടി പുതുമകള്‍
പേരു മാത്രമെ പഴയതായി പുതിയ സാന്‍ട്രോയിലുള്ളൂ. പുതിയ ഗ്രില്ലിന് കുടൂതല്‍ മിഴിവേകി ക്രോം ആവരണവും ഇഴുകിച്ചേര്‍ന്ന് നില്‍ക്കുന്ന ഫോഗ് ലാമ്പുകളും. ഹെഡ് ലാംപും പുതിയത് തന്നെ. ലോഗോ ഗ്രില്ലില്‍ നിന്നും മാറി ബോണറ്റിലേക്ക് കയറിയിരിക്കുന്നു. മാരുതി സുസുക്കിയുടെ സെലീറിയോ, വാഗണാര്‍, ടാറ്റ ടിയാഗോ, റെനോ ക്വിഡ് എന്നിവയോടായിരിക്കും പുതിയ സാന്‍ട്രോ മത്സരിക്കുക. ഈ എതിരാളികളുടെ ശക്തി ദൗര്‍ബല്യങ്ങള്‍ കണ്ടറിഞ്ഞാണ് ഹുണ്ടെയ് സാന്‍ട്രോയെ അണിയിച്ചൊരുക്കിയിരിക്കുന്നത്. ഈ സെഗ്മെന്റില്‍ ആരും നല്‍കാത്ത ഫീച്ചറുകള്‍ എടുത്തു പറയാനുണ്ട്. പിന്‍സീറ്റില്‍ ഇരിക്കുന്നവര്‍ക്ക് പ്രത്യേക എസി വെന്റുകള്‍ ചെറുകാറില്‍ ആദ്യമാണ്. ആപ്പ്ള്‍ കാര്‍ പ്ലെ, ആന്‍ഡ്രോയ്ഡ് ഓട്ടോ പിന്തുണയ്ക്കുന്ന മള്‍ട്ടിമീഡിയ സംവിധാനം, റിയര്‍ പാര്‍ക്കിങ് കാമറ, ഇരട്ട എയര്‍ ബാഗ്, എ.ബി.എസ് തുടങ്ങി ധാരാളം ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.
1.1 ലീറ്റര്‍ നാലു സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ മികച്ച പ്രകടനവും ഉയര്‍ന്ന ഇന്ധന ക്ഷമതയും വാഗ്ദാനം ചെയ്യുന്നു. വിറയലും കുറയും. മാനുവല്‍ ട്രാന്‍സ്മിഷനു പുറമെ ഹുണ്ടെയ് സ്വന്തമായിവികസിപ്പിച്ചെടുത്ത സ്മാര്‍ട് ഓട്ടോ എ.എം.ടി സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന ആദ്യ മോഡലാകും സാന്‍ട്രോ. പെട്രോള്‍ മോഡലിന് 20.1 കിലോമീറ്റര്‍ ഇന്ധന ക്ഷമത പ്രതീക്ഷിക്കുന്നു. സിഎന്‍ജി മോഡലിന് 20.3 കിലോമീറ്ററും.