കാലിഫോര്‍ണിയ- സോഷ്യല്‍ മീഡിയ ഭീമന്‍മാരായ ഫേസ്ബുക്കിനോടും ട്വിറ്ററിനോടും മത്സരിച്ച് എങ്ങുമെത്താതെ പോയ ഗുഗ്ള്‍ പ്ലസ് ഒടുവില്‍ അടച്ചു പൂട്ടുകയാണെന്ന് കമ്പനി പ്രഖ്യാപിച്ചു. ഗുഗ്ള്‍ എഞ്ചിനീയര്‍മാര്‍ ഏതാനും മാസങ്ങള്‍ക്കു മുമ്പ് കണ്ടെത്തിയ വന്‍ സുരക്ഷാ പാളിച്ച അഞ്ചു ലക്ഷത്തോളം ഉപയോക്താക്കളുടെ പ്രൊഫൈലുകളെ ബാധിച്ചിട്ടുണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് അടച്ചു പൂട്ടല്‍. മൂന്ന് വര്‍ഷത്തോളം കണ്ണില്‍പ്പെടാതെ ഒളിഞ്ഞിരുന്ന ബഗ് കഴിഞ്ഞ മാര്‍ച്ചിലാണ് ഗുഗ്‌ളിന്റെ കണ്ണില്‍പ്പെട്ടത്. ഇത് ഉടന്‍ പരിഹരിക്കുകയും ചെയ്തിരുന്നു. ഈ പാളിച്ച കാരണം അപ്ലിക്കേഷന്‍ പ്രോഗ്രാമിങ് ഇന്റര്‍ഫേസ് (എ.പി.ഐ) എന്ന പേരിലറിയപ്പെടുന്ന കോഡിങ് ലിങ്കുകളിലൂടെ തേര്‍ഡ് പാര്‍ട്ടി കമ്പനികളുടെ 438 അപ്ലിക്കേഷനുകള്‍ക്ക് ഗുഗ്ള്‍ പ്ലസ് പ്രൊഫൈല്‍ വിവരങ്ങള്‍ ചോര്‍ത്താന്‍ വഴിയൊരുങ്ങിയിട്ടുണ്ടാകാമെന്നാണ് കരുതപ്പെടുന്നത്. അതേസമയം ഡാറ്റാ മോഷണം നടന്നതായി ഒരു തെളിവും തങ്ങളുടെ സൂക്ഷ്മ പരിശോധനയില്‍ ലഭിച്ചിട്ടില്ലെന്ന് ഗുഗ്ള്‍ വ്യക്തമാക്കുന്നു. 2015 മാര്‍ച്ച് മുതല്‍ 2018 മാര്‍ച്ച് വരെ ഈ ബഗ് ഗുഗ്ള്‍ പ്ലസില്‍ തുടര്‍ന്നു.
പ്രൊഫൈലുകളിലെ യൂസര്‍ നെയിം, ഇമെയില്‍ വിലാസം, ലിംഗം, വയസ്സ് തുടങ്ങിയ വിവരങ്ങള്‍ മാത്രമെ പുറത്തേക്ക് വെളിപ്പെടാന്‍ ഇടയുള്ളൂ. ഫോണ്‍ നമ്പറുകള്‍, മെസേജുകള്‍, ഗുഗ്ള്‍ പ്ലസ് പോസ്റ്റുകള്‍, ഗുഗ്ള്‍ അക്കൗണ്ടിലെ മറ്റു ഡാറ്റ എന്നിവ പുറത്തായിട്ടില്ലെന്നും ഗുഗ്ള്‍ പറയുന്നു. ഈ സുരക്ഷാ പാളിച്ച ആരുടേയും കണ്ണില്‍പ്പെട്ടിട്ടില്ലെന്നും പ്രോഫൈലുകളിലേക്ക് ആരും കടന്നു കയറിയിട്ടില്ലെന്നും ഗുഗ്ള്‍ വ്യക്തമാക്കി.
പൊതു ഉപഭോക്താക്കള്‍ക്കുള്ള ഗൂഗ്ള്‍ പ്ലസ് ആണ് പൂര്‍ണമായും അടച്ചു പൂട്ടുന്നത്. അടുത്ത വര്‍ഷം ഓഗസ്‌റ്റോടെയാണ് അടച്ചു പൂട്ടല്‍ പൂര്‍ണമാകുക. അതിനിടെ ഡാറ്റ് മാറ്റുന്നതിന് ഉപയോക്താക്കള്‍ക്ക് കമ്പനി 10 മാസത്തെ സമയം നല്‍കിയിട്ടുണ്ട്. ഗുഗ്ള്‍ പ്ലസ് പ്രൊഫൈല്‍ വിവരങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യാനും ഡാറ്റ മാറ്റാനുമുള്ള എളുപ്പ വഴികള്‍ താമസിയാതെ ഉപയോക്താക്കളെ അറിയിക്കുമെന്നും ഗുഗ്്ള്‍ വ്യക്തമാക്കി. അതേസമയം കമ്പനികള്‍ ഉപയോഗിക്കുന്ന എന്റര്‍പ്രൈസ് ഗുഗ്ള്‍ പ്ലസ് നിലനിര്‍ത്തുകുയും ബിസിനസ് സംരംഭങ്ങള്‍ക്കു വേണ്ടി കൂടുതല്‍ മെച്ചപ്പെട്ട സേവനങ്ങള്‍ അവതരിപ്പിക്കുകയും ചെയ്യമുമെന്നും ഗുഗ്ള്‍ അറിയിച്ചു.
അതേസമയം മാസങ്ങള്‍ക്കു മുമ്പ് അറിഞ്ഞിട്ടും യൂസര്‍മാരുടെ സ്വകാര്യ വിവരങ്ങള്‍ അപകടത്തിലായത് മറച്ചു വച്ചതിന് ഗുഗ്‌ളിനെതിരെ നിയമ നടപടികള്‍ക്ക് കാരണമായേക്കാമെന്നും സൈബര്‍ സുരക്ഷാ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. സ്വകാര്യ ലംഘനത്തിനെതിരെ നിയമങ്ങള്‍ കര്‍ശനമാക്കിയ പശ്ചാത്തലത്തിലാണിത്. യൂസര്‍മാരുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തിയതിന് ഈയിടെ ഫേസ്ബുക്ക് നിയമ നടപടി നേരിട്ടിരുന്നു.