Sorry, you need to enable JavaScript to visit this website.

ഭിന്നശേഷിക്കാർക്ക്  വോട്ട് ചെയ്യാൻ  സർക്കാർ വാഹനം വീട്ടിലെത്തും

തിരുവനന്തപുരം - ജനാധിപത്യ പ്രക്രിയകളിൽ പങ്കാളികളാകാൻ വൈഷമ്യം നേരിടുന്ന അംഗപരിമിതർക്ക് ഇനി ആഹ്ലാദിക്കാം. സർക്കാർ വാഹനം വീട്ടിലെത്തി കൂട്ടിക്കൊണ്ടു പോയി പോളിംഗ് ബൂത്തിലെത്തിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം  അതുപോലെ തിരികെ എത്തിക്കും. അംഗപരിമിതർക്ക് വോട്ട് രേഖപ്പെടുത്തുന്നതിന് സർക്കാർ ചെലവിൽ വാഹനം ഏർപ്പെടുത്താൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശം നൽകി.   
അടുത്ത തെരഞ്ഞെടുപ്പ് മുതൽ അംഗപരിമിതർക്ക് വോട്ട് രേഖപ്പെടുത്താൻ പോളിംഗ് സ്‌റ്റേഷനുകളിൽ എത്താൻ സർക്കാർ ചെലവിൽ വാഹനം തയ്യാറാക്കണം. ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറോ റിട്ടേണിംഗ് ഓഫീസറോ വാഹനങ്ങൾ ഏർപ്പെടുത്തുന്നതിന്റെ ഉത്തരവാദിത്തം വഹിക്കണം. എല്ലാ ജില്ലയിലും വാഹനങ്ങൾക്കായി ഒരു ഓഫീസറെ ചുമതലപ്പെടുത്തണം. അംഗപരിമിതരെ വീട്ടിൽനിന്നും കൂട്ടിക്കൊണ്ടുവന്ന് വോട്ട് രേഖപ്പെടുത്താൻ ഒരു ജീവനക്കാരനെ ഏർപ്പെടുത്തണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശപ്രകാരം കേന്ദ്ര പ്രിൻസിപ്പൽ സെക്രട്ടറി സുമിത്രാ മുഖർജി പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു. 
ബൂത്ത്‌ലെവൽ ഓഫീസർമാർ ഇനിമുതൽ അംഗപരിമിതരുടെ പട്ടികകൂടി പ്രത്യേകം തയ്യാറാക്കേണ്ടതായി വരും. ഇവർക്ക് വോട്ടേഴ്‌സ് സ്ലിപ്പ് നൽകുന്നതോടൊപ്പം അവരുടെ യാത്ര സംബന്ധിച്ച വിവരങ്ങളും തയ്യാറാക്കി റിട്ടേണിംഗ് ഓഫീസർമാർക്ക് കൈമാറണം. ബൂത്ത് ലെവൽ ഓഫീസർമാർ നൽകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും വാഹനങ്ങൾ സജ്ജീകരിക്കുക. നിലവിൽ അംഗപരിമിതർക്ക് പോളിംഗ് സ്റ്റേഷനിൽ കയറുന്നതിനായി  പടിക്കെട്ടുകൾ ഒഴിവാക്കി കൈപിടിച്ചു കയറുന്നതിന്  പ്രത്യേക പാതകളാണ് തയ്യാറാക്കിയിട്ടുള്ളത്. പോളിംഗ് സ്റ്റേഷനിൽ എത്തുന്നതും പരസഹായത്താലാണ്. ഇത് പലപ്പോഴും പോളിംഗ് ബൂത്തുകളിൽ സംഘർഷത്തിന് വരെ വഴിയൊരുക്കിയിട്ടുണ്ട്.  
പാർട്ടി പ്രവർത്തകർ വീട്ടിൽ വന്ന് ആദരവോടെ വാഹനത്തിൽ കൂട്ടിക്കൊണ്ടുപോയി  പോളിംഗ് ബൂത്തിലെത്തിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം അംഗപരിമിതരെ അവിടെ ഉപേക്ഷിക്കുന്ന കാലത്തിനും ഇതോടെ  അവസാനമാകുന്നു.


 

Latest News