Sorry, you need to enable JavaScript to visit this website.

ഇതര ജാതിക്കാരനായ കാമുകനൊപ്പം ഒളിച്ചോടിയ കൗമാരക്കാരിയെ മരത്തില്‍ കെട്ടിയിട്ടു തല്ലി

നവാഡ- ഇതര ജാതിക്കാരനായ യുവാവിനെ പ്രണയിക്കുകയും ഒളിച്ചോടിപ്പോകുകയും ചെയ്തതിന് ബിഹാറിലെ നവാഡയില്‍ 18കാരിയെ മരത്തില്‍ കെട്ടിയിട്ട് തല്ലിച്ചതച്ചു. ഗ്രാമീണര്‍ നാട്ടുകോടതി ചേര്‍ന്നാണ് ദുരഭിമാനത്തിന് പെണ്‍കുട്ടിക്ക് ശിക്ഷ വിധിച്ചത്. ഒളിച്ചോടിപ്പോയ പെണ്‍കുട്ടിയെ പിടികൂടി തിരിച്ചു കൊണ്ടുവന്നാണ് കുടുംബത്തിന്റെ ഒത്താശയോടെ പ്രാകൃത ശിക്ഷാ മുറ നടപ്പാക്കിയത്. അര്‍ധബോധാവസ്ഥയിലായ പെണ്‍കുട്ടിയെ കെട്ടിയിച്ച് മര്‍ദിക്കുന്ന വിഡിയോ ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. പ്രായമായ സ്ത്രീകളും കുട്ടികളും നോക്കി നില്‍ക്കെയാണ് ഗ്രാമ മുഖ്യര്‍ ചേര്‍ന്ന് പെണ്‍കുട്ടി മരത്തില്‍ കൂട്ടികെട്ടിയതും അടിച്ചതും. മറ്റൊരു വീഡിയോ ദൃശ്യത്തില്‍ പെണ്‍കുട്ടി നിലത്ത് വീണു കിടക്കുന്നതായും ഉണ്ട്. അപ്പോഴും മരത്തിലെ കെട്ട് അഴിച്ചിട്ടില്ല. ഒരാള്‍ പെണ്‍കുട്ടിയുടെ മുടിയില്‍ പിടിച്ച് വലിക്കുന്നതും തൊട്ടടുത്ത് വടിയുമായി മറ്റൊരാള്‍ നില്‍ക്കുന്നതും ദൃശ്യത്തിലുണ്ട്. അല്‍പ്പം കഴിഞ്ഞ് മറ്റൊരാളെത്തി പെണ്‍കുട്ടിയെ മുടിയില്‍ പിടിച്ച് വലിച്ചിഴക്കുകയും താക്കീത് നല്‍കുകയും ചെയ്യുന്നു. ആക്രമികളിലൊരാള്‍ പെണ്‍കുട്ടിക്ക് വെള്ളം നല്‍കുന്നതും വിഡിയോയിലുണ്ട്. 

'ഒരു കുറ്റവാളി ആയതു കൊണ്ടാണ് അവളെ കെട്ടിയിട്ടിരിക്കുന്നത്. ഇതര ജാതിയില്‍പ്പെട്ട ഒരാളുമായിട്ടാണ് അവള്‍ക്കു കഴിയേണ്ടത്. സ്വന്തം ജാതിയില്‍പ്പെട്ടയാള്‍ക്ക് അവളെ വിവാഹം ചെയ്തു നല്‍കും,' പെണ്‍കുട്ടിയുടെ അച്ഛന്‍ പറഞ്ഞു. രാത്രി വീട്ടില്‍ വൈദ്യുതി ഇല്ലാത്ത സമയത്താണ് പെണ്‍കുട്ടി കാമുകനൊപ്പം ഒളിച്ചോടിയതെന്നും അദ്ദേഹം പറഞ്ഞു. ഒടുവില്‍ ആളുകളെ കൂട്ടി തെരച്ചില്‍ നടത്തി പിടികൂടി തിരികെ കൊണ്ടുവരികയായിരുന്നു. ഇതര ജാതിക്കാരനെ പ്രണയിക്കുന്നുണ്ടെന്നാണ് അവള്‍ നാട്ടുകോടതിയില്‍ പറഞ്ഞതെന്നും അച്ഛന്‍ പറയുന്നു. സംഭവമറിഞ്ഞ് പോലീസെത്തിയാണ് പെണ്‍കുട്ടിയെ രക്ഷിച്ചത്.
 

Latest News