ബെയ്ജിങ്- പത്തു ദിവസം മുമ്പ് കാണാതായ ഇന്റര്‍പോള്‍ മേധാവി മെങ് ഹോങ്വെ ചൈനീസ് അധികൃതരുടെ കസ്റ്റഡിയിലെന്ന് റിപോര്‍ട്ട്. ചൈനക്കാരനായ ഹോങ്വെക്കെതിരെ നടക്കുന്ന ഒരു അന്വേഷണത്തിന്റെ ഭാഗ്യമായി ചോദ്യം ചെയ്യാന്‍ കസ്റ്റഡിയിലെടുത്തുവെന്നാണ് പറയപ്പെടുന്നത്. എന്നാല്‍ ഇതു സംബന്ധിച്ച് ചൈന ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഫ്രാന്‍സ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന രാജ്യാന്തര പോലീസ് സഹകരണ സംഘടനയായ ഇന്റര്‍പോളിന്റെ പ്രസിഡന്റ് പദവിയിലെത്തിയ ആദ്യ ചൈനക്കാരനാണ് ഹോങ്വെ. കഴിഞ്ഞയാഴ്ച ചൈനയില്‍ തിരിച്ചെത്തിയ ഉടന്‍ ഹോങ്വെയെ ചൈനീസ് അധികൃതര്‍ കസ്റ്റഡിയിലെടുത്ത് അജ്ഞാത കേന്ദ്രത്തിലേക്ക് കൊണ്ടു പോകുകയായിരുന്നെന്ന് ഹോങ്കോങില്‍ പ്രസിദ്ധീകരിക്കുന്ന സൗത്ത് ചൈന മോണിങ് പോസറ്റ് റിപോര്‍ട്ട് ചെയ്യുന്നു.
ചൈനയിലെ പൊതുസുരക്ഷാ മന്ത്രാലയത്തില്‍ ഉപ മന്ത്രി പദവി കൂടി വഹിക്കുന്ന ഹോങ്വെക്കെതിരെ ചൈനയില്‍ അന്വേഷണം നടന്നുവരുന്നുണ്ടെന്നും റിപോര്‍ട്ട് പറയുന്നു. ഏതു കേസുമായി ബന്ധപ്പെട്ടാണ് ഹോങ്വെയെ ചോദ്യം ചെയ്യുന്നതെന്ന് വ്യക്തമല്ല. ഹോങ്വെയെ കുറിച്ച് ദിവസങ്ങളായി ഒരു വിവരവുമില്ലെന്ന് ഭാര്യ ഫ്രഞ്ച് പോലീസില്‍ പരാതിപ്പെട്ടതോടെയാണ് തിരോധാനത്തില്‍ നിഗൂഢത ഏറിയത്. ഭാര്യയുടെ പരാതിയില്‍ അന്വേഷണം ആരംഭിച്ചതായി ഫ്രഞ്ച് പോലീസ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇക്കാര്യം മാധ്യമങ്ങളിലൂടെ അറിഞ്ഞിട്ടുണ്ടെന്നും ഫ്രഞ്ച്, ചൈനീസ് അധികൃതരാണ് ഇക്കാര്യത്തില്‍ ഇടപെടേണ്ടതെന്നുമായിരുന്നു ഇന്റര്‍പോളിന്റെ പ്രതികരണം.
ഹോങ്വെ അവസനമായി ഫ്രാന്‍സിലുണ്ടായിരുന്നത് സെപ്തംബര്‍ 29നാണ്. ഇതിനു ശേഷം അദ്ദേഹം സ്വന്തം നാടായ ചൈനയിലേക്കു പോയതായാണ് ഫ്രഞ്ച് അധികൃതര്‍ പറയുന്നത്. 64-കാരനായ ഹോങ്വെ 2016ലാണ് ഇന്റര്‍പോള്‍ പ്രസിഡന്റായി നിയമിതനായത്. 2020 വരെ കാലാവധിയുണ്ട്. രാജ്യാന്തര പോലീസ് അന്വേഷണ സഹകരണ സംഘടനയായ ഇന്റര്േപാളില് 192 രാജ്യങ്ങള്‍ അംഗങ്ങളായുണ്ട്.