വാഷിങ്ടണ്‍- സിഖ് വിഘടനവാദ ഭീകര സംഘടനയായ ബബ്ബര്‍ ഖല്‍സ ഇന്റര്‍നാഷണല്‍ വിദേശത്തെ തങ്ങളുടെ താല്‍പര്യങ്ങള്‍ക്ക് ഭീഷണിയാണെന്ന് അമേരിക്ക. വിദേശങ്ങളിലെ സാമ്പത്തിക, രാഷ്ട്രീയ, സാമൂഹിക രംഗങ്ങളിലെ പ്രമുഖരെ ഉന്നമിട്ട് ബബ്ബര്‍ ഖല്‍സ നടത്തുന്ന കൊലപാതകങ്ങളും ആക്രമണങ്ങളും അമേരിക്കയുടെ താല്‍പര്യങ്ങളെ അപകടപ്പെടുത്തുന്നതാണെന്നും ട്രംപ് ഭരണകൂടം പുറത്തിറക്കിയ ഏറ്റവും പുതിയ ഭീകരവിരുദ്ധ പദ്ധതി രേഖയില്‍ പറയുന്നു. ഇന്ത്യ വിഘടിപ്പിച്ച് തങ്ങള്‍ക്ക് ഒരു സ്വതന്ത്ര രാജ്യം വേണമെന്ന ആവശ്യവുമായി പ്രവര്‍ത്തിക്കുന്ന ഈ സംഘടന ഇന്ത്യയിലും വിദേശത്തും നിരവധി സാധാരണക്കാരുടെ ജീവനെടുത്ത് ഭീകരാക്രമണങ്ങള്‍ക്ക് ഉത്തരവാദികളാണെന്നും യുഎസ് രേഖ പറയുന്നു.
യുഎസും ഇന്ത്യയും കാനഡയും ഉള്‍പ്പെടെ നിരവധി രാജ്യങ്ങള്‍ നിരോധിച്ച ഭീകരസംഘടനാണ് ബബ്ബര്‍ ഖല്‍സ. എന്നാല്‍ നോര്‍ത്ത് അമേരിക്കയില്‍ ഇവര്‍ക്ക് ചെറിയ തോതില്‍ പിന്തുണ ലഭിക്കുന്നുണ്ട്. ആഗോള തലത്തില്‍ സ്വീകാര്യത ലഭിക്കുന്നതിന് സിഖ് വിഘടനവാദികള്‍ യുഎസിനെ ഉപയോഗപ്പെടുത്തുന്നുണ്ടെന്ന് ഈയിടെ ഇന്ത്യ യുഎസിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു.