പനാജി- ഗോവയിൽ ഖനനാനുമതി നേരത്തെയുള്ളതുപോലെ അനുവദിച്ചില്ലെങ്കിൽ മുന്നണി വിടുന്നത് വരെയുള്ള കാര്യങ്ങൾ ആലോചിക്കുമെന്ന ഭീഷണിയുമായി ഗോവയിൽ ബി.ജെ.പിയുടെ സഖ്യകക്ഷി. ഗോവ ഫോർവേർഡ് പാർട്ടിയാണ് മുന്നറിയിപ്പുമായി രംഗത്തെത്തിയത്. ഖനനവുമായി ബന്ധപ്പെട്ട ജോലികളെടുത്ത് ഉപജീവനം തേടുന്ന നിരവധി പേർ പ്രയാസത്തിലാണെന്നും നിലവിലുള്ള നിയമത്തിൽ പരിഷ്‌കരണം വേണമെന്ന് ശിവസേനയും ആവശ്യപ്പെട്ടു. സംസ്ഥാനത്ത് ഖനനം അനുവദിക്കണമെന്നാവശ്യപ്പെട്ട് മുവായിരത്തോളം വരുന്ന തൊഴിലാളികൾ ആസാദ് മൈതാനിയിൽ നിരഹാരസമരം നടത്തുകയാണ്. ഇവർക്ക് പിന്തുണയുമായാണ് ഗോവ ഫോർവേഡ് പാർട്ടിയും ശിവസേനയും രംഗത്തെത്തിയത്. ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് 88 സ്ഥാപനങ്ങളുടെ ഖനാനുമതി പുതുക്കാനുള്ള അപേക്ഷ സുപ്രീം കോടതി നിരസിച്ചത്.
സംസ്ഥാന മന്ത്രിസഭയുടെ ഭാഗമായ തങ്ങൾക്ക് ഖനനാനുമതി നൽകാത്തതിൽ കനത്ത പ്രതിഷേധമുണ്ടെന്നും കേന്ദ്രം ഇക്കാര്യത്തിൽ ഇടപെടണമെന്നും ആവശ്യപ്പെട്ടു. ഇല്ലെങ്കിൽ തങ്ങളുടെ മൂന്ന് എം.എൽ.എമാരും മുന്നണി വിടുമെന്നും സർക്കാറിന് പിന്തുണ പിൻവലിക്കുമെന്നും ജി.എഫ്.പി നേതാവ് സന്തോഷ് കുമാർ സാവന്ത് മുന്നറിയിപ്പ് നൽകി. ശിവസേനയുടെ മുതിർന്ന നേതാവും രാജ്യസഭ എം.പിയുമായ സഞ്ജയ് റാവത്തും ഖനനാനുമതി ഉടൻ നൽകണമെന്ന് ആവശ്യപ്പെട്ടു.