Sorry, you need to enable JavaScript to visit this website.

ഇന്റര്‍പോള്‍ പ്രസിഡന്റിനെ കാണാനില്ല; ഫ്രഞ്ച് പോലീസ് അന്വേഷിക്കുന്നു

പാരീസ്- ഇന്റര്‍പോള്‍ പ്രസിഡന്റ് മെങ് ഹോങ്‌വെയിയുടെ തിരോധാനം സംബന്ധിച്ച് ഫ്രഞ്ച് പോലീസ് അന്വേഷണം ആരംഭിച്ചു. പത്ത് ദിവസം മുമ്പാണ് അവസാനമായി മെങ് ഭാര്യയുമായി ഫോണില്‍ ബന്ധപ്പെട്ടതെന്ന് ഇന്റര്‍പോള്‍ വക്താവ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
ഔദ്യോഗികാവശ്യാര്‍ഥം മെങ് ചൈനയില്‍ പോയതാണെന്നാണ് സൂചന. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിക്കാന്‍ ഇന്റര്‍പോള്‍ വക്താവ് തയാറായിട്ടില്ല.
പ്രസിഡന്റിന്റെ തിരോധാനം ഫ്രാന്‍സിലേയും ചൈനയിലേയും ബന്ധപ്പെട്ട അധികൃതര്‍ പരിശോധിക്കുന്നുവെന്ന് മാത്രമാണ് ഇന്റര്‍പോള്‍ പ്രസ്താവനയില്‍ പറഞ്ഞത്. ജനറല്‍ സെക്രട്ടറിയേറ്റ് ആസ്ഥാനത്തു നിന്ന് മറ്റു കാര്യങ്ങളൊന്നും വെളിപ്പെടുത്തിയിട്ടില്ല.
കുറ്റകൃത്യങ്ങള്‍ക്കെതിരായ അന്താരാഷ്ട്ര പോലീസ് സഹകരണ ഏജന്‍സിയായ ഇന്റര്‍പോളിന്റെ ആസ്ഥാനം ഫ്രാന്‍സിലെ ലിയോണ്‍ ആണ്. തിരോധാനത്തെ കുറിച്ച് പ്രതികരിക്കാന്‍ ഫ്രഞ്ച് നാഷണല്‍ പോലീസോ ഫ്രഞ്ച് ആഭ്യന്തര മന്ത്രാലയമോ തയാറാകുന്നില്ലെന്ന് സി.എന്‍.എന്‍ റിപ്പോര്‍ട്ട് ചെയ്തു.
ചൈനയില്‍ പൊതുസുരക്ഷാ ഉപമന്ത്രി പദവി വഹിച്ചിരുന്ന മെങ് 2016 നവംബറിലാണ് ഇന്റര്‍പോള്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. ഇന്റര്‍പോള്‍ പ്രസിഡന്റാകുന്ന ആദ്യത്തെ ചൈനക്കാരനാണ് ഇദ്ദേഹം. ഇന്റര്‍പോളിന്റെ ദൈനം ദിന പ്രവര്‍ത്തനങ്ങളുടെ ചുമതല സെക്രട്ടറി ജനറലിനാണ്.

 

Latest News