Sorry, you need to enable JavaScript to visit this website.

ചായമക്കാനിയിൽനിന്ന് ഐ.പി.എസിലേക്ക്; ഇത് അബ്ദുൽ കരീം ഐ.പി.എസ്‌

ചായ മക്കാനിയിലെ തീച്ചൂളയിലെ വിയർപ്പുമായി, റെയിൽപാതയുടെ ഓരം ചേർന്നു നടന്ന് ഐ.പി.എസ് നേടിയ ഒരാളുടെ കഥ


കുട്ടിക്കാലത്ത് സ്‌കൂളിൽ പോകുമ്പോൾ ഒരു ആൽമര ചുവട്ടിൽ നെപ്പോളിയൻ വലിയ ആൾക്കൂട്ടം കണ്ടു. ആൾക്കൂട്ടത്തിന്റെ നടുവിലായി ഒരു കൈനോട്ടക്കാരൻ ഭാവി, ഭൂതം, വർത്തമാനം പറയുന്നു. നെപ്പോളിയൻ ആകാംക്ഷയോടെ കൈ നീട്ടി ചോദിച്ചു. 
ഞാൻ ഒരു ചക്രവർത്തി ആകുമോ? 
കൈനോട്ടക്കാരൻ വിശദമായി പരിശോധിച്ച ശേഷം വിഷമത്തോടെ പറഞ്ഞു. 
ചക്രവർത്തി ആകാനുള്ള ഒരു രേഖയും ഈ കൈകളിൽ ഇല്ല. 
നെപ്പോളിയൻ പിന്മാറിയില്ല. തൊട്ടടുത്ത് ഇരുന്ന ചെറിയ കത്തി എടുത്ത് കൈവെള്ളയിൽ വരഞ്ഞിട്ട് ചോദിച്ചു. ഈ വരകൊണ്ട് ഞാൻ ചക്രവർത്തി ആകുമോ. കൈനോട്ടക്കാരൻ പറഞ്ഞു. 
ലോകത്തിൽ ഒരു ശക്തിക്കും നീ ചക്രവർത്തി ആകുന്നത് തടയാൻ ആകില്ല. കാരണം ഈ വര വരച്ചത് നീയാണ്. 
വിധി സ്വയം തീരുമാനിക്കണം. സ്വയം വിശ്വസിക്കാതെ മറ്റുള്ളവരുടെ പരാമർശങ്ങളിൽ വിശ്വസിക്കുന്നതിൽ യുക്തിയില്ല. തലവരക്ക് അനുസരിച്ച് അല്ല ഒരു ജീവിതവും ക്രമപ്പെടുന്നത്. വരയില്ലെങ്കിൽ സ്വന്തമായി വരയ്ക്കണം. 
കൈരേഖയാണ് ജീവിതം തീരുമാനിക്കുന്നത് എങ്കിൽ, കയ്യില്ലാത്തവർ എങ്ങനെ ജീവിതം കരുപ്പിടിപ്പിക്കും?. ഒരു കാര്യം തുടങ്ങാതിരിക്കാനും പാതിവഴിയിൽ ഉപേക്ഷിക്കാനും പ്രേരകമായ ന്യായയുക്തമായ ഒട്ടേറെ കാരണങ്ങൾ കണ്ടേക്കാം. 
കാരണങ്ങൾക്കപ്പുറം കാര്യങ്ങൾ ചെയ്യുന്നവർ ആണ് കർമശേഷി ഉള്ളവർ. മറ്റുള്ളവർ ചൂണ്ടിക്കാണിക്കുന്ന പരിമിതികൾ അല്ല, അവനവന്റെ ഉള്ളിലെ  നിശ്ചയദാർഢ്യമാണ് ജീവിതത്തിന് വിലയിടേണ്ടത്. 
സ്വന്തം ജീവിതത്തിൽ എന്ത് സംഭവിക്കും എന്ന് മറ്റുള്ളവരോട് ചോദിക്കരുത്. അവനവൻ തീരുമാനിക്കണം. സ്വയം പ്രേരിതമായ ചില ചോദ്യങ്ങൾ ഓരോ പുലർകാലത്തും ഉണ്ടാകണം. ഓരോ സായന്തനവും ചില ചോദ്യങ്ങൾക്കെങ്കിലും ഉള്ള മറുപടി നൽകണം. 


സ്വയം കണ്ടെത്തിയ ഉത്തരങ്ങൾ ആകണം ജീവിതം.  അതാണ് അങ്ങാടിപ്പുറം ചാത്തോലിക്കുണ്ടിലെ യു.അബ്ദുൽ കരീം എന്ന ഇന്ത്യൻ പോലീസ് സർവീസ് ജേതാവിന്റെ ജീവിതയാത്ര. പാരമ്പര്യത്തിന്റെ വഴിയേ നടക്കാനാണ് പലർക്കും താൽപര്യം. വേറിട്ട വഴികളിലൂടെ നടന്ന് സ്വന്തമായി ഒരിടം കണ്ടെത്തിയപ്പോൾ മലപ്പുറം ജില്ലയുടെ ചരിത്രത്താളുകളിൽ നാലാമത്തെ ഐ.പി.എസുകാരനായി അമ്പത്തിയേഴാം വയസ്സിൽ അബ്ദുൽ കരീം ഇടം നേടി. വള്ളുവനാട്ടിലെ പാരമ്പര്യ കർഷക കുടുംബങ്ങൾ താമസിക്കുന്ന അങ്ങാടിപ്പുറം ചാത്തോലിക്കുണ്ട്, നിലമ്പൂർ-ഷൊർണൂർ റെയിൽവേ പാതയുടെ ഓരം ചേർന്നുള്ള പഴയ നെൽപാട ഗ്രാമം. കൽക്കരി ഇന്ധനമാക്കി ഓടുന്ന തീവണ്ടിയുടെ കൂക്കിവിളിയും ശബ്ദവും മാത്രം കേട്ടുണരുന്ന ഗ്രാമത്തിലെ ഉപ്പുക്കോടൻ അബ്ദു ഹാജിയുടേയും പരേതയായ കൈതക്കോട്ട്‌തൊടി ആമിനക്കുട്ടിയുടേയും രണ്ടാമത്തെ മകൻ. നാട്ടിലെ മദ്‌റസയിൽ മതപഠനം. ഒഴിവു സമയങ്ങളിൽ കൃഷിപ്പണികൾ, കാളപൂട്ട് മുതൽ കൃഷിയുമായി ബന്ധപ്പെട്ടുള്ള എല്ലാ ജോലികളും ചെയ്തു തീർത്ത് ചെളിയും ചേറുമായി പാടവരമ്പിലൂടെ കിലോമീറ്ററുകൾ താണ്ടി അങ്ങാടിപ്പുറം തരകൻ സ്‌കൂളിലെത്തുന്നു. പഠന വിഷയങ്ങളിലും കായിക മൽസരത്തിലും മുൻ നിരക്കാരനായി മാറുന്നു. നാട്ടിലെ ചായ മക്കാനിയിലും ജോലി ചെയ്ത് പഠന ചെലവുകൾക്കുള്ള വക കണ്ടെത്തുന്നു. കടലാസു കൊണ്ടുണ്ടാക്കിയ പന്തുകൾ തട്ടിക്കളിച്ച് കാൽപന്തു പരിശീലനം നേടുന്നു. 1977-ൽ തിരൂർക്കാട് എ.എം ഹൈസ്‌കൂളിൽ നിന്ന് 277 മാർക്കിന് പത്താംതരം വിജയിച്ചു. പെരിന്തൽമണ്ണ പി.ടി.എം കോളേജിന്റെ സ്ഥാപക കാല പ്രീഡിഗ്രി വിദ്യാർഥിയായിരിക്കെ പോളിടെക്‌നിക് മൈതാനിയിലായിരുന്നു ഫുട്‌ബോൾ പരിശീലനം നേടിയിരുന്നത്. പെരിന്തൽമണ്ണ കോസ്‌മോ ക്ലബ്, മലപ്പുറം സോക്കർ ക്ലബ്, ഒതുക്കുങ്ങൽ ബാസ്‌കോ ക്ലബ് എന്നിവയിലൂടെ അരങ്ങേറ്റം. പെരിന്തൽമണ്ണ എലൈറ്റ് ബ്ലൂസിലൂടെ സെവൻസ് ഫുട്‌ബോൾ ടീം അംഗമായി കേരളത്തിനകത്തും പുറത്തും ശ്രദ്ധേയമായ സാന്നിധ്യമായി മാറി. പെരിന്തൽമണ്ണ ഖാദറലി ക്ലബിനു വേണ്ടി കളിക്കുമ്പോൾ ജില്ലാ സീനിയർ ഫുട്‌ബോൾ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1981-82ൽ മലപ്പുറം ഗവ. കോളേജ് ജനറൽ ക്യാപ്റ്റനായി തെരഞ്ഞെടുക്കപ്പെട്ടു. ജില്ലയിലെ പകരം വെക്കാനില്ലാത്ത സെവൻസ് കളിക്കാരന്റെ ജൈത്രയാത്ര തുടരുകയായിരുന്നു. കളിയിൽ നിന്ന് കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ട് വീട്ടിൽ കുളിമുറി, കിണറിന് സുരക്ഷാ ഭിത്തി, ഗെയ്റ്റ് എന്നിവ തീർത്തു. കളിത്തിരക്കുകൾക്കിടയിൽ തന്നെ അങ്ങാടിപ്പുറം റെയിൽവേ ഗേറ്റിനടുത്തുള്ള പ്രതിഭ കോളേജിൽ ട്യൂഷൻ അധ്യപകനായി ജോലിയെടുത്തു. സ്വയം തൊഴിൽ പദ്ധതിയിലൂടെ വായ്പയെടുത്ത് പ്രഭ എന്ന പേരിലുള്ള ടൈപ്പ്‌റൈറ്റിംഗ് പരിശീലന കേന്ദ്രവും റെയിൽവേ ഗേറ്റിനടുത്തുള്ള വീട്ടുവരാന്തയിൽ തുടങ്ങി. ജീവിതം രണ്ടറ്റം കൂട്ടിമുട്ടിക്കാനുള്ള നെട്ടോട്ടങ്ങൾക്കിടയിലും എല്ലാ പി.എസ്.സി പരീക്ഷകളിലും പങ്കെടുക്കും. ഒടുവിൽ പോലീസ് സേനയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.

1988ൽ കോഴിക്കോട് നാദാപുരത്തായിരുന്നു ആദ്യ നിയമനം. പിന്നീട് പേരാമ്പ്ര, കൊയിലാണ്ടി, വടകര എന്നിവിടങ്ങളിലെ സേവനത്തിന് ശേഷമാണ് തേഞ്ഞിപ്പലത്ത് ഹെഡ് കോൺസ്റ്റബിളായും വേങ്ങര, കൊണ്ടോട്ടി, വളാഞ്ചേരി, തിരൂർ, നിലമ്പൂർ എന്നിവിടങ്ങളിൽ എസ്.ഐ ആയും വടകര, കണ്ണൂർ, വണ്ടൂർ, കുന്ദംകുളം, പയ്യോളി, താനൂർ തുടങ്ങിയ സ്ഥലങ്ങളിൽ സി.ഐയായും പ്രമാദമായ നിരവധി കേസുകളുടെ അന്വേഷണത്തിന് ചുക്കാൻ പിടിച്ചത്. കോഴിക്കോട് ക്രൈംബ്രാഞ്ച്, തളിപ്പറമ്പ്, തിരൂർ, കാഞ്ഞങ്ങാട്, മലപ്പുറം ക്രൈം റെക്കോർഡ്‌സ് ബ്യൂറോ, തൃശൂർ സിറ്റി ഭരണ വിഭാഗം, മലപ്പുറം ഭരണ വിഭാഗങ്ങളിൽ ഡിവൈ.എസ്.പി, തിരുവനന്തപുരം കംപ്യൂട്ടർ സെന്റർ എസ്.പിയായി. കോഴിക്കോട് ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിലും എസ്.പിയായിരിക്കെ 2017 ഏപ്രിലിൽ വിരമിച്ചു. 2010  സംസ്ഥാന ഹജ് സെൽ ഓഫീസർ, 2017 ഹജ് ക്യാമ്പ് സ്‌പെഷ്യൽ ഓഫീസർ, 2016 ശബരിമല പമ്പ സ്‌പെഷ്യൽ ഓഫീസർ, 2010 മുതൽ 17 വരെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് സംസ്ഥാന ക്യാമ്പുകളുടെ കമാൻഡന്റ്, അഡീഷണൽ സ്‌റ്റേറ്റ് നോഡൽ ഓഫീസർ, എന്നീ പദവികൾ വഹിച്ചു. കേരള പോലീസിലെ മാതൃകാ ഓഫീസറായി സത്യസന്ധവും നീതിപൂർകവുമായ സേവനത്തിന് 2010ൽ ഇന്ത്യൻ രാഷ്ട്രപതിയുടെ മെഡലിനും 2011 ലെ മുഖ്യമന്ത്രിയുടെ മെഡലിനും അർഹനായി ഈയിടെയാണ് അബ്ദുൽ കരീമിന് ഐ.പി.എസ് ലഭിച്ചത്.

കിട്ടിയ എല്ലാ അംഗീകാരത്തിലും സന്തോഷിക്കുക, പ്രതിസന്ധികളെ വിവേകപൂർവം തരണം ചെയ്ത് സമൂഹ നന്മക്കായി ഉപയോഗപ്പെടുത്തുക, സഹജീവിയുടെ പ്രയാസവും പരാതികളും സ്വന്തമാണന്ന ധാരണയിൽ പ്രവർത്തിക്കുക എന്നതാണ് ഒരു നിയമ പാലകനു വേണ്ടതെന്ന് കരീം തന്റെ പ്രവർത്തനത്തിലൂടെ തെളിയിക്കുന്നു. 1921-ലെ മലബാർ ലഹളയുടെ കാലത്ത് ആർ.എച്ച് ഹിച്ച്‌കോക്ക് പ്രഥമ കമാൻഡറായി ബ്രിട്ടീഷ് സർക്കാർ മലപ്പുറത്ത് സ്ഥാപിച്ച മലബാർ സ്‌പെഷ്യൽ പോലീസ് ആസ്ഥാനത്തിന്റെ അൻപത്തി അഞ്ചാമത്തെ കമാൻഡന്റ് പദവിയിലേക്കാണ് ഐ.പി.എസ് റാങ്കുമായി കരീം നടന്നു കയറിയത്. സ്വപ്‌നത്തിൽ പോലും ആഗ്രഹിക്കാത്ത രാജകീയ പ്രൗഢിയുള്ള പദവിയിലേക്ക് കലെടുത്തു വെക്കുമ്പോൾ വിവേകവും അർപ്പണബോധവും സംവേദനശക്തിയും ഉൾക്കരുത്തായി സ്വപ്‌നം കാണൂ, ലോകം കീഴടക്കാം എന്നാണ് കരീം തെളിയിച്ചിരിക്കുന്നത്. മലപ്പുറം ഗവൺമെന്റ് കോളേജ്, പെരിന്തൽമണ്ണ പി.ടി.എം കോളേജ് അലുംനി പ്രസിഡന്റ്, മലപ്പുറം വെറ്ററൽ ഫുട്‌ബോൾ അസോസിയേഷൻ പ്രസിഡന്റ്, പെരിന്തൽമണ്ണ പ്രീമിയർ ക്ലബ് പ്രസിഡന്റ്, സെക്രട്ടറി, ചാത്തനല്ലൂർ റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിക്കുന്നു. പൊന്ന്യാകുർശി പുളിയകുന്നൻ നസീമയാണ് ഭാര്യ. ശിബില, ഷനിൽ, സ്വനീദ് എന്നിവർ മക്കളും, പൊന്ന്യാകുർശി കാരയിൽ ഷുഹൈബ് മരുമകനുമാണ്. 
 

Latest News