ലണ്ടണ്‍- വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ സംഘര്‍ഷങ്ങള്‍ക്കിരയായ സ്ത്രീകളുടെ അവകാശ സംരക്ഷണത്തിന് പ്രവര്‍ത്തിക്കുകയും ഭീഷണി മൂലം ഇന്ത്യ വിടുകയും ചെയ്ത് സാമൂഹ്യ പ്രവര്‍ത്തക ബിനാലക്ഷ്മി നെപ്രാമിന് ബ്രിട്ടനിലെ ഉന്നത മനുഷ്യാവകാശ പുരസ്‌ക്കാരം. വനിതാ മനുഷ്യാവകാശ പ്രവര്‍ത്തകരുടെ ധീരമായ ഇടപെടലുകള്‍ക്ക് നല്‍കുന്ന റീച്ച് ഓള്‍ വിമണ്‍ ഇന്‍ വാര്‍ അന്ന പോളിത്‌കോവ്‌സ്‌ക്യ പുരസ്‌ക്കാരം ഈ വര്‍ഷം നോബേല്‍ ജേതാവും ബെലാറസ് മാധ്യമ പ്രവര്‍ത്തകയുമായ സ്വറ്റ്‌ലാന അലെക്‌സിവിച്ചിനൊപ്പമാണ് നെപ്രാം പങ്കിട്ടത്. തങ്ങളുടെ നാടുകളില്‍ സായുധ സംഘര്‍ഷങ്ങളെ തുടര്‍ന്നുണ്ടാകുന്ന അനീതി, അതിക്രമം, ഭീകരത എന്നിവയ്‌ക്കെതിരെ ധീരമായി രംഗത്തിറങ്ങിയതിനുള്ള അംഗീകാരമായാണ് ഈ പുരസ്‌ക്കാരം.
അതിക്രമത്തിനെതിരെ ഉച്ചത്തില്‍ സംസാരിച്ചതിന് വധഭീഷണി നേരിടുകയും സ്വന്തം നാടുപേക്ഷിക്കേണ്ടി വന്നവരുമാണ് പുരസ്‌ക്കാര ജേതാക്കളായ നെപ്രാമും അലെക്‌സിവിച്ചും. യുദ്ധ ഇരകളേയും വനിതാ മനുഷ്യാവകാശ പ്രവര്‍ത്തകരേയും പിന്തുണയ്ക്കുന്ന ഒരു ബ്രിട്ടീഷ് സംഘടനയാണ് വര്‍ഷം തോറും ഈ പുരസ്‌ക്കാരം നല്‍കി വരുന്നത്.
നിരന്തര വധ ഭീഷണികളെ തുടര്‍ന്ന് ഒരു വര്‍ഷം മുമ്പാണ് നെപ്രാം ഇന്ത്യ വിട്ടത്. ഇപ്പോള്‍ യുഎസിലാണ് കഴിയുന്നത്. നിരായുധീകരണം, സൈനികവല്‍ക്കരണം എന്നിവയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്ന നിരപധി പൗരാവകാശ സംഘടനകളുടെ ഭാഗമായിരുന്നു നെപ്രാം. മണിപ്പൂര്‍ വിമണ്‍ ഗണ്‍ സര്‍വൈവേഴ്‌സ് നെറ്റ്വര്‍ക്ക് എന്ന പേരില്‍ സംഘടന രൂപീകരിച്ച് 20,000 ഓളം സായുധാക്രമണ ഇരകളായ സ്ത്രീകളെ സഹായിക്കുന്നതില്‍ നെപ്രാം നിര്‍ണായക പങ്കുവഹിച്ചു. അച്ഛന്‍മാരും ഭര്‍ത്താക്കന്മാരും മക്കളും നഷ്ടപ്പെട്ട സ്ത്രീകള്‍ക്കു വേണ്ടിയായിരുന്നു ഇതിന്റെ പ്രവര്‍ത്തനം. കൂടാതെ സംഘര്‍ഷങ്ങള്‍ക്കിടെ ലൈംഗികാതിക്രമങ്ങള്‍ക്ക് ഇരയാകുന്ന സ്ത്രീകള്‍ക്കും സഹായമെത്തിച്ചു.