കേരളത്തിലോടുന്ന ട്രെയിനുകളില്‍ ജനപ്രിയ തീവണ്ടിയെന്ന വിശേഷണം ഇണങ്ങുക ജനശതാബ്ദിയ്ക്കാണ്. കണ്ണൂര്‍-തിരുവനന്തപുരം ജനശതാബ്ദി ട്രെയിന്‍ കണ്ടാലറിയാത്ത വിധം മാറിയിരിക്കുന്ന. ചരിത്ര സിനിമയായ കായംകുളം കൊച്ചുണ്ണിയുടെ പ്രചരണ വാഹനമായിട്ടാണ് ഇത് ഓടുന്നത്.
ചരിത്രം തിരുത്തിക്കുറിക്കാന്‍ തയ്യാറെടുക്കുകയാണ് റോഷന്‍ ആന്‍ഡ്രൂസ് ഒരുക്കുന്ന ചരിത്ര സിനിമ കായം കുളം കൊച്ചുണ്ണി. കേരളത്തില്‍ മാത്രം 300 സ്‌ക്രീനുകളിലാണ് ചിത്രം ഒക്ടോബര്‍ 11ന് പ്രദര്‍ശനത്തിനെത്തുന്നത്. കൂടാതെ കേരളത്തിലൊട്ടാകെയുള്ള 19 സെന്ററുകളില്‍ 24 മണിക്കൂര്‍ നീണ്ട നോണ്‍സ്‌റ്റോപ്പ് പ്രദര്‍ശനം നടത്താനാണ് അണിയറ പ്രവര്‍ത്തകര്‍ ലക്ഷ്യമിടുന്നത്.
കഴിഞ്ഞ മാസം മുംബൈയില്‍ ചിത്രത്തിന്റെ പ്രിവ്യു പ്രദര്‍ശനമുണ്ടായിരുന്നു. കായംകുളം കൊച്ചുണ്ണിയായി നിവിനും ഇത്തിക്കര പക്കിയായി മോഹന്‍ലാലും തകര്‍ത്ത് അഭിനയിച്ചിട്ടുണ്ടെന്നാണ് ചിത്രത്തെക്കുറിച്ചുള്ള ആദ്യ പ്രതികരണങ്ങള്‍.
ഇത്തിക്കര പക്കിയെന്ന അതിഥി വേഷത്തില്‍ മോഹന്‍ലാല്‍ വളരെ അതിശയകരമായ പ്രകടനമാണ് കാഴ്ച്ചവെച്ചിരിക്കുന്നതെന്നും പ്രിവ്യൂ ഷോ കണ്ടവര്‍ സാക്ഷ്യപ്പെടുത്തുന്നു. ബാബു ആന്റണി, സണ്ണി വെയ്ന്‍ എന്നിവരുടെ പ്രകടനവും എടുത്തു പറയത്തക്കതാണ് എന്നും ആദ്യ പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നു. 'എസ്ര' എന്ന പൃഥ്വിരാജ് ചിത്രത്തിലൂടെ മലയാളത്തിലേക്ക് എത്തിയ പ്രിയാ ആനന്ദാണ് 'കായംകുളം കൊച്ചുണ്ണി'യില്‍ നായികയായി എത്തുന്നത്.
ഗോകുലം ഫിലിംസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മ്മിക്കുന്നത്. സണ്ണി വെയ്ന്‍, ബാബു ആന്റണി, പ്രിയ ആനന്ദ്, സുധീര്‍ കരമന, മണികണ്ഠന്‍ എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍.ചിത്രത്തിനായി ബിനോദ് പ്രധാന്‍ ഛായാഗ്രഹണവും ദേശീയ പുരസ്‌കാര ജേതാവ് പിഎം സതീഷ് ശബ്ദമിശ്രണവും നിര്‍വ്വഹിക്കുന്നു. ഓണത്തിന് റിലീസ് ചെയ്യാനിരുന്ന ചിത്രം പ്രളയം മൂലം മാറ്റിവയ്ക്കുകയായിരുന്നു. കേരളത്തില്‍ ഒരു സിനിമയ്ക്ക് വേണ്ടി ട്രെയിന്‍ ബ്രാന്‍ഡ് ചെയ്യുന്നത് ഇതാദ്യമാണ്.