മരണ വൃത്താന്തത്തിന്റെ കറുത്ത മഷി പുരണ്ട പത്രത്താളിൽ ക്യാപ്റ്റൻ രാജുവിന്റെ ചിത്രം തെളിഞ്ഞ് കണ്ടപ്പോൾ മനസിൽ, കണ്ണീരിന്റെ നനവ് പടർന്നു. ആഴങ്ങളിൽ രഹസ്യങ്ങൾ ഒളിപ്പിച്ചും ചെറു തിരകളിൽ അതിന്റെ ഗാംഭീര്യം അടയാളപ്പെടുത്തിയും ശാന്തമായി കിടക്കുന്ന കടൽ പോലെ ഒരാൾ... ക്യാപ്റ്റൻ രാജുവിന്റെ ജീവിതം വേറിട്ടു നിൽക്കുന്ന ഒരു തിരക്കഥ പോലെയാണ്.
പത്ത് വർഷങ്ങൾക്ക് മുമ്പ്... കൃത്യമായി പറഞ്ഞാൽ 2008 ലെ ഒരു ഞായറാഴ്ച... ഉച്ച ഭക്ഷണം കഴിച്ച് പത്രം വായിക്കുന്നതിനിടയിൽ വീട്ടിലെ ലാൻഡ് ഫോൺ ശബ്ദിക്കുന്നു.
മറുതലക്കൽ നിന്ന് ഗാംഭീര്യവും മുഴക്കവുമുള്ള ശബ്ദം. 'നമസ്‌കാരം... റിയാസല്ലേ... റിയാസ് പുളിയംപറമ്പ്? ഇത് ക്യാപ്റ്റൻ രാജുവാണ്. സിനിമാ നടൻ. റിയാസ് എന്നെ കുറിച്ച് എഴുതിയത് ഒരു സുഹൃത്താണ് ശ്രദ്ധയിൽ പെടുത്തിയത്. ഫ്രീ ആണെങ്കിൽ സംസാരിക്കാം. അല്ലെങ്കിൽ ഈ നമ്പറിലേക്ക് സൗകര്യം പോലെ തിരിച്ചു വിളിക്കൂ. നമ്പർ പറഞ്ഞ് തരുന്നു.'
അങ്കലാപ്പും മിമിക്രി കലാകാരൻമാരായ സുഹൃത്തുക്കളിൽ ആരെങ്കിലും ഒപ്പിച്ച തരികിടയാണോ എന്ന സംശയവും കാരണം അൽപം കഴിഞ്ഞ് അങ്ങോട്ട് വിളിക്കാം എന്ന് പറഞ്ഞ് ഫോൺ വെച്ചു.
ക്യാപ്റ്റൻ രാജുവിന്റെ നമ്പർ തന്നെയെന്ന് ഉറപ്പ് വരുത്തിയ ശേഷം തിരിച്ച് വിളിച്ചു. എഴുത്തിൽ സംഭവിച്ച ചില പിഴവുകൾ സ്‌നേഹപൂർവം എന്നെ ബോധ്യപ്പെടുത്തിയതോടൊപ്പം സന്തോഷ വർത്തമാനങ്ങളും പങ്കുവെച്ചു. അങ്ങനെ പുതിയൊരു സൗഹൃദത്തിന് തുടക്കമായി. കലയും സിനിമയും രാഷ്ട്രീയവും സാഹിത്യവും കുടുംബവും.... ഇതെല്ലാം ഞങ്ങളുടെ സൗഹൃദ സംഭാഷണങ്ങളിലെ ഇഷ്ട വിഷയങ്ങളായിരുന്നു.
സൗഹൃദം പൂത്തുലഞ്ഞു. ഫോണിലൂടെയുള്ള സംസാരത്തിന് പുറമേ പലതവണ നേരിൽ കാണുകയുമുണ്ടായി.
കണിശമായ ധാർമ്മിക ബോധവും ആരെയും അമ്പരപ്പിക്കുന്ന വിനയവും കൈമുതലായുള്ള രാജുവെന്ന വലിയ കലാകാരൻ സ്‌നേഹപൂർവ്വം ക്ഷണിച്ചപ്പോൾ 2012ൽ അദ്ദേഹത്തിന്റെ കൊച്ചിയിലെ വീട് സന്ദർശിച്ചു. ഓരോ കൂടിക്കാഴ്ചകളും ഫോൺ സംഭാഷണങ്ങളും ക്യാപ്റ്റൻ രാജുവിന്റെ എളിമയുടെ 'വലുപ്പം' വ്യക്തമാക്കുന്നതായിരുന്നു.
സമൂഹത്തോട് സല്ലപിച്ച്, തന്റെ കാഴ്ചപ്പാടുകളെ സവിനയം മുന്നോട്ടു വെച്ച് തന്റെ സാന്നിദ്ധ്യം ഓരോ സമയത്തും ഈ 'പ്രഫഷണൽ കില്ലർ' നിലപാടുകളിലൂടെ അറിയിച്ചുണ്ട്. ഓഗസ്റ്റ് ഒന്ന് എന്ന സിനിമയിലെ പോലെ ആയുധത്തെക്കാൾ മൂർച്ചയും ലക്ഷ്യബോധവുമുള്ള ഡയലോഗുകൾ പറയുന്ന രാജുവിനെ ജീവിതത്തിൽ മലയാളി പലപ്പോഴും കണ്ടിട്ടുണ്ട്.
സിനിമയുടെ വെള്ളി വെളിച്ചത്തിനപ്പുറമുള്ള സാധാരണക്കാരന്റെ ജീവിതത്തിന് മൂല്യം കൽപിച്ച ഈ കലാകാരൻ ഓരോ മനുഷ്യ ജന്മത്തിനും അതിന്റേതായ മഹത്വം അംഗീകരിച്ചു നൽകിയിരുന്നു. പട്ടാള ചിട്ടയും വീട്ടിൽ നിന്നും പകർന്ന് കിട്ടിയ അച്ചടക്കവും ജീവിത വഴിയിൽ വിളക്കാക്കി മാറ്റുകയായിരുന്നു ഈ മഹാ നടൻ. ഒരുതവണ പരിചയപ്പെട്ടവർക്ക് ജീവിത കാലം മുഴുവൻ ഓർക്കാൻ കഴിയുന്ന അനുഭവങ്ങൾ പകർന്നു നൽകുന്ന സ്വഭാവക്കാരനായിരുന്നു ഈ 'കാർക്കശ്യക്കാരൻ'. ബന്ധങ്ങളിലും പെരുമാറ്റങ്ങളിലും ജീവിതത്തിലും ധാർമ്മികത മുറുകെ പിടിച്ചു. ചുരുക്കി പറഞ്ഞാൽ കലാകാരൻ എന്ന പദത്തിന് ജീവിതം കൊണ്ട് വ്യാഖ്യാനമെഴുതി. അതുകൊണ്ട് തന്നെ മലയാളം നെഞ്ചേറ്റിയ ഈ താരത്തിന് മറ്റൊരു സിനിമാ നടനുമില്ലാത്ത നക്ഷത്ര ശോഭയുണ്ട്. സൂപ്പർ സ്റ്റാറുകൾ പോലും അദ്ദേഹത്തിന് നൽകിയ പരിഗണന തന്നെ അതിന് തെളിവ്.
ക്യാപ്റ്റൻ രാജുവിന്റെ സ്വഭാവ വൈശിഷ്ട്യം വ്യക്തമാകുന്ന ഒരു അനുഭവം ഇവിടെ പങ്കുവെക്കാം. ഒരിക്കൽ സംസാരിച്ചിരിക്കുന്നതിനിടയിൽ അദ്ദേഹത്തിനൊരു കോൾ വന്നു. ദുബായിൽനിന്ന് മലയാളിയായ ഒരാരാധികയാണ് വിളിക്കുന്നത്. 'റിയാസേ, ഒരു സീരിയസ് കേസാണെന്ന്' പറഞ്ഞ് ലൗഡ് സ്പീക്കറിലിട്ട് (എനിക്ക് കേൾക്കാൻ) ഫോൺ അറ്റൻഡ് ചെയ്തു. ക്യാപ്റ്റനെ ഇഷ്ടമാണെന്നും അഹിത ബന്ധത്തിന് അതിയായ ആഗ്രഹമുണ്ടെന്നും അറിയിച്ചുള്ള വിളിയുടെ തുടർച്ചയായിരുന്നു അത്. ഫോൺ വിളിയുടെ ഉറവിടം കൃത്യമാണെന്ന് മനസ്സിലാക്കിയ ക്യാപ്റ്റൻ ഒരു പിതാവിന്റേയും സഹോദരന്റേയും പുരോഹിതന്റേയുമൊക്കെ റോൾ ഭംഗിയായി കൈകാര്യം ചെയ്യുന്ന രംഗം എനിക്ക് അപ്പോൾ കാണാനായി. ആരാധികയെ ഗുണദോഷിച്ചു. ഇത്തരം ആഗ്രഹങ്ങൾ സൃഷ്ടിക്കുന്ന ഭവിഷ്യത്തുകളെ കുറിച്ച് സമർത്ഥമായി ബോധ്യപ്പെടുത്താൻ ശ്രമിച്ചു. ബെഡ് വിത്ത് ആക്ടിംഗ്, പാക്കേജ് എന്നി പദങ്ങൾ മലയാള സിനിമാ മേഖലയിൽ ചർച്ച ചെയ്യപ്പെടുന്ന, വലിയ വലിയ പുരോഹിതൻമാരുടെ കാമകഥകൾ കൊണ്ട് മലീമസമായ വർത്തമാന കാലത്ത്, വികാരത്തെ വിവേകം കൊണ്ട് നിയന്ത്രിച്ചില്ലെങ്കിൽ നാം പറയുന്ന മൂല്യങ്ങൾക്കൊക്കെ എന്ത് അർത്ഥമാണുള്ളതെന്ന ക്യാപ്റ്റന്റെ വാക്കുകൾ ആ ഗാംഭീര്യത്തിൽ എന്റെ കാതുകളിൽ ഇപ്പോഴും മുഴങ്ങുന്നു.
നടീനടൻമാർ സമൂഹത്തിൽ സ്വാധീനം ചെലുത്തുന്നവരായതിനാൽ താനുൾപ്പെടെയുള്ള ചലച്ചിത്ര താരങ്ങൾ മാതൃകാപരമായ ജീവിതം നയിക്കണമെന്നതായിരുന്നു ക്യാപ്റ്റന്റെ പക്ഷം.
ഡോക്ടറാക്കണമെന്നായിരുന്നു മാതാപിതാക്കളുടെ ആഗ്രഹമെങ്കിലും 21ാം വയസ്സിൽ സൈനികനാകാനായിരുന്നു ക്യാപ്റ്റന്റെ നിയോഗം. രാഷ്ട്രങ്ങൾ തമ്മിലുള്ള യുദ്ധങ്ങൾ സൃഷ്ടിക്കുന്ന ദുരന്തങ്ങൾ മനസ്സിനെ അലട്ടിയപ്പോൾ 1978ൽ സൈനിക ജോലി ഉപേക്ഷിച്ചു. അപ്പോഴേക്കും രാജു ഡാനിയേൽ ക്യാപ്റ്റൻ രാജുവായി മാറിയിരുന്നു.
1980ൽ പ്രേം നസീർ നായകനായ ജോഷിയുടെ രക്തം എന്ന സിനിമയിൽ പ്രതാപ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് അഭ്രപാളിയിലെ രംഗ പ്രവേശം. 38 വർഷത്തെ അഭിനയ ജീവിതത്തിനിടയിൽ ഇംഗ്ലീഷ് ഉൾപ്പെടെ 500 ലേറെ സിനിമകളിൽ അഭിനയിച്ച ഈ കലാകാരൻ നടന വിസ്മയം കൊണ്ട് പ്രേക്ഷക ഹൃദയങ്ങളിൽ സ്ഥിരപ്രതിഷ്ഠ നേടിയിട്ടുണ്ട്.
നിലപാടുകൾ പറയുമ്പോഴും മറ്റുള്ളവരെ അംഗീകരിക്കുകയും ബഹുമാനിക്കുകയും പരിഗണിക്കുകയും ചെയ്യുക എന്നത് ക്യാപ്റ്റന്റെ രീതിയായിരുന്നു. സംസാരത്തിനിടയിൽ 'നീ' എന്ന് അഭിസംബോധന ചെയ്യുന്നതിനു പകരം പേര് ഉപയോഗിച്ച് പറയുക എന്നതും 'രാജുച്ചായനെന്ന്' സ്വയം വിളിക്കുന്നതും ക്യാപ്റ്റനിൽ കണ്ട സവിശേഷതകളാണ്.
ഇന്നിപ്പോൾ നിറങ്ങളുടെ നൃത്ത മൊഴിഞ്ഞ തിരശ്ശീലയിൽ നിന്ന് രാജു അച്ചായന്റെ മുഖവും എന്നന്നേക്കുമായി മാഞ്ഞു പോയിരിക്കുന്നു. മനസിന്റെ ഇറയത്ത് മരിക്കാതെ പെയ്ത് കൊണ്ടിരിക്കട്ടെ ആ സൗഹൃദത്തിന്റെ പൂക്കാലം....നൻമയുടെ ഓർമ്മ പൂക്കളുമായി...