Sorry, you need to enable JavaScript to visit this website.

ഫേസ്ബുക്കില്‍ പുതിയ ഫീച്ചര്‍; ഓണ്‍ലൈന്‍ ശല്യക്കാരെ പൂട്ടാം

ഓണ്‍ലൈന്‍ വഴിയുള്ള ഭീഷണിയും ഉപദ്രവങ്ങളും തടയുന്നതിന് ഉപയോക്താക്കളെ സഹായിക്കാന്‍ പുതിയ ഫീച്ചറുകളുമായി ഫേസ്ബുക്ക്. സമൂഹമാധ്യമങ്ങളില്‍ ഏറ്റവും കൂടുതല്‍ പേര്‍ ഉപയോഗിക്കുന്ന ഫേസ്ബുക്ക് സ്വീകാര്യത പോലെ തന്നെ ആരോപണങ്ങള്‍ക്കും വേദിയാണ്.
വിദ്വേഷ പ്രചാരണം, ഭീഷണിപ്പെടുത്തല്‍, പീഡനം തുടങ്ങിയവ തടയുന്നതില്‍ പരാജയപ്പെട്ട ഫേസ്ബുക്ക് മറുവഴി കണ്ടെത്താനുളള ശ്രമത്തിലായിരുന്നു. തങ്ങളുടെ പോസ്റ്റുകളോട് ആളുകളുടെ പ്രതികരണം നിയന്ത്രിക്കാനുതകുന്ന ടൂളുകളും ഫീച്ചറുകളുമാണ് ഫേസ്ബുക്ക് ഉപയോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്തിരിക്കുന്നത്. ചില പോസ്റ്റുകളില്‍ ആളുകള്‍ ഒരേപ്രതികരണം ആവര്‍ത്തിച്ച് കമന്റ് ബോക്‌സ് നിറയ്ക്കുന്ന പ്രവണതയുണ്ട്. ഇത്തരം ഇരട്ട കമന്റുകള്‍ മറച്ചുവെക്കാന്‍ അവസരം നല്‍കുന്നതാണ് പുതുതായി ഏര്‍പ്പെടുത്തുന്ന ഒരു പ്രധാന ഫീച്ചര്‍. പോസ്റ്റിന്റെ മെനുവില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ഈ ഫീച്ചര്‍ തുടക്കത്തില്‍ ഡെസ്‌ക്ടോപ്പിലും ആന്‍ഡ്രോയിഡ് ഫോണുകളിലുമാണ് ലഭിക്കുകയെങ്കിലും വൈകാതെ ഐ.ഒ.എസിലും ഏര്‍പ്പെടുത്തുമെന്ന് ഫേസ്ബുക്ക് അറിയിച്ചു.
ഭീഷണിപ്പെടുത്തലിനും ഓണ്‍ലൈന്‍ ഉപദ്രവങ്ങള്‍ക്കും ഇരയാകുന്നവരെ കുറിച്ച് സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും റിപ്പോര്‍ട്ട് ചെയ്യാന്‍ അവസരം നല്‍കുന്നതാണ് മറ്റൊരു പുതിയ ഫീച്ചര്‍. ഇങ്ങനെ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പോസ്റ്റുകള്‍ തങ്ങളുടെ കമ്മ്യൂണിറ്റി ഓപ്പറേഷന്‍സ് ടീം വിലയിരുത്തുമെന്നും റിപ്പോര്‍ട്ട് രഹസ്യമായി സൂക്ഷിക്കുമെന്നും ഫേസ്ബുക്ക് ഗ്ലോബല്‍ സേഫ്റ്റി മേധാവി ആന്റിഗോണ്‍ ഡേവിസ് ബ്ലോഗ് പോസ്റ്റില്‍ അറിയിച്ചു. ഇത്തരം പോസ്റ്റുകള്‍ ഫേസ്ബുക്ക് കമ്മ്യൂണിറ്റി മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമാണോ എന്നു പരിശോധിച്ചാണ് നടപടി സ്വീകരിക്കുക. കമ്പനി കൈക്കൊള്ളുന്ന തീരുമാനമങ്ങളില്‍ അപ്പീല്‍ നല്‍കാനും ഉപയോക്താക്കളെ അനുവദിക്കും.
മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി നീക്കം ചെയ്യുന്ന ഫോട്ടോകളുടേയും വിഡിയോകളുടേയും പോസ്റ്റുകളുടേയും കാര്യത്തില്‍ പുനഃപരിശോധന അഭ്യര്‍ഥിക്കാന്‍ അനുവദിക്കുമെന്ന് ഫേസ്ബുക്ക് ഈ വര്‍ഷം ആദ്യം പ്രഖ്യാപിച്ചിരുന്നു. ഈ പുനഃപരിശോധന ഭീഷണിപ്പെടുത്തല്‍, ഉപദ്രവിക്കല്‍ എന്നിവ സംബന്ധിച്ച പരാതികളിലേക്ക് കൂടി വ്യാപിപ്പിക്കുകയാണ്.
തങ്ങളുടെ കമന്റുകളില്‍ അസഭ്യമെന്ന് കരുതാവുന്ന വാക്കുകള്‍ തിരയാനും ബ്ലോക്ക് ചെയ്യാനും ഉപയോക്താക്കളെ അനുവദിക്കുന്ന മാര്‍ഗം കൂടി ഫേസ്ബുക്ക് പരിശോധിച്ചുവരികയാണ്. അമേരിക്കയിലെ ഭൂരിഭാഗം കൗമാരക്കാരും തങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ഭീഷണിപ്പെടുത്തലിനും പീഡനത്തിനും ഇരയാകുന്നുണ്ടെന്ന് ഈയിടെ ഒരു സര്‍വേയില്‍ വെളിപ്പെടുത്തിയിരുന്നു. ഈ പ്രശ്‌നം പരിഹരിക്കാന്‍ സമൂഹമാധ്യമങ്ങള്‍ കാര്യമായ നടപടികളൊന്നും സ്വീകരിക്കുന്നില്ലെന്നും പരാതി ഉയര്‍ന്നിരുന്നു. സര്‍വേയില്‍ പങ്കെടുത്ത 59 ശതമാനം യു.എസ് കൗമാരക്കാരും തങ്ങള്‍ ഓണ്‍ലൈനില്‍ ഭീഷണിപ്പെടുത്തലിന് ഇരയാകുന്നുണ്ടെന്നാണ് പീ റിസേര്‍ച്ച് സെന്റര്‍ നടത്തിയ സര്‍വേയില്‍ വെളിപ്പെടുത്തിയത്. 63 ശതമാനം പേരും സമൂഹ മാധ്യമങ്ങളില്‍ കൗമാരക്കാര്‍ നേരിടുന്ന വലിയ പ്രശ്‌നമായാണ് ഇതിനെ ചൂണ്ടിക്കാട്ടിയത്. അഭ്യൂഹങ്ങള്‍ക്കും അപവാദ പ്രചാരണങ്ങള്‍ക്കും ഇരയാകുന്നതാണ് കൗമാര ജീവിതത്തില്‍ വലിയെ പ്രശ്‌നമെന്ന് ഗവേഷണത്തിനു നല്‍കിയ മോണിക്ക ആന്‍ഡേഴ്‌സണ്‍ പറയുന്നു.
 

Latest News