അഗര്‍ത്തല- ത്രിപുരയിലെ സി.പി.എമ്മിന്റെ നേതൃത്വത്തിലുളള ദിനപത്രമായ ഡെയ്‌ലി ദേശാര്‍ കഥ പ്രസിദ്ധീകരണം രജിസ്ട്രാര്‍ ഓഫ് ന്യൂസ് പേപ്പേഴ്‌സ് ഫോര്‍ ഇന്ത്യ (ആര്‍.എന്‍.ഐ) നിര്‍ത്തിച്ചു. 40 വര്‍ഷം പഴക്കമുള്ള പത്രത്തിന്റെ ഉടമസ്ഥതാ മാറ്റത്തില്‍ ചട്ടപ്രകാരമുള്ള നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്ന് കാണിച്ചാണ് പത്രത്തിന്റെ രജിസ്‌ട്രേഷന്‍ ആര്‍.എന്‍.ഐ റദ്ദാക്കിയത്. തുടര്‍ന്ന് നാലു പതിറ്റാണ്ടിനിടെ ആദ്യമായി പത്രത്തിന്റെ അച്ചടിയും വിതരണവും മുടങ്ങി. വെസ്റ്റ് ത്രിപുരം ജില്ലാ മജിസ്‌ട്രേറ്റ് സന്ദീപ് മഹാത്മെയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പ്രസിദ്ധീകരണം നിര്‍ത്തിക്കുന്നതെന്നു കാണിച്ച് ആര്‍.എന്‍.ഐ തിങ്കളാഴ്ചയാണ് കത്തു നല്‍കിയത്. ചൊവ്വാഴ്ച പത്രം പ്രസിദ്ധീകരിച്ചില്ല. വെസ്റ്റ് ത്രിപുര സ്വദേശിയായ ശ്യാമള്‍ ദേബനാഥ് എന്നയാളാണ് പത്രത്തിനെതിരെ മാസങ്ങള്‍ക്കു മുമ്പ് പരാതി നല്‍കിയിരുന്നത്. 1979ല്‍ ആരംഭിച്ച ബംഗാളി ഭാഷയില്‍ പ്രസിദ്ധീകരിക്കുന്ന ഈ ദിനപത്രം നേരത്തെ സിപിഎമ്മിന്റെ ഉമസ്ഥതയിലായിരുന്നു.
പത്രം പ്രസിദ്ധീകരണം വിലക്കിയ ആര്‍.എന്‍.ഐ നടപടി തീര്‍ത്തും നിയമവിരുദ്ധവും രാഷ്ട്രീയ പ്രേരിതവും ജനാധിപത്യ വിരുദ്ധവുമാണെന്ന് സി.പി.എം പ്രതികരിച്ചു. അറുപതുകളില്‍ പാര്‍ട്ടി ദേശാര്‍ കഥ എന്ന പേരില്‍ വാര്‍ത്താ വാരിക നടത്തി വന്നിരുന്നു. ഇത് 1979ല്‍ എല്ലാ നടപടിക്രമങ്ങളും പാലിച്ചാണ് ദിനപത്രമാക്കി മാറ്റിയതെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവും മുന്‍ എഡിറ്ററുമായ ഗൗതം ദാസ് പറഞ്ഞു. 2012ല്‍ പത്രത്തിന്റെ ഉടമസ്ഥത നിയമപ്രകാരം രൂപീകരിച്ച ഒരു സൊസൈറ്റിക്ക് പാര്‍ട്ടി കൈമാറിയിരുന്നു. പിന്നീട് ഈ വര്‍ഷം സിപിഎമ്മിന്റെ നേതൃത്വത്തില്‍ പുതുതായി ആരംഭിച്ച ഒരു ട്രസ്റ്റിന് പത്രത്തിന്റെ ഉടമസ്ഥാവകാശം കൈമാറുകയും സിപിഎം അംഗം സമിര്‍ പോളിനെ എഡിറ്ററായി നിയമിക്കുകയും ചെയ്തു- ദാസ് പറഞ്ഞു. 2015ലാണ് ദാസ് എഡിറ്റര്‍ പദവി ഒഴിഞ്ഞത്.
ഈ ഉമസ്ഥതാ കൈമാറ്റത്തില്‍ ഒരു നിയമ ലംഘനങ്ങളും നടത്തിയിട്ടില്ലെന്നും പത്രം പൂട്ടിച്ച നടപടിക്കെതിരെ സിപിഎം സുപ്രീം കോടതിയെ സമീപിക്കുമെന്നും ഗൗതം ദാസ് പറഞ്ഞു.