Sorry, you need to enable JavaScript to visit this website.

ഗീര്‍ വനത്തില്‍ 18 ദിവസത്തിനിടെ 21 സിംഹങ്ങള്‍ ചത്തു; രോഗവും പോരും കാരണം

അഹമ്മദാബാദ്- ഗുജറാത്തിലെ ഗീര്‍ വനത്തില്‍ പത്ത് സിംഹങ്ങളുടെ ജഡങ്ങള്‍ കൂടി കണ്ടെത്തി. ഒരു പെണ്‍സിംഹത്തിന്റെയും കുഞ്ഞിന്റെയും ജഡങ്ങള്‍ ഒരാഴ്ച മുമ്പ് കണ്ടെത്തിയിരുന്നു. ഇതോടെ കഴിഞ്ഞ 18 ദിവസങ്ങളിലായി മാത്രം 21 സിംഹങ്ങളാണ് ഗീര്‍ വനങ്ങളില്‍ ചത്തത്. ഇന്ത്യയുടെ ദേശീയോദ്യാനത്തില്‍ കുറഞ്ഞ സമയത്ത് ഇത്രയും സിംഹങ്ങള്‍ ചത്തൊടുങ്ങിയത് വനം വകുപ്പ് ഉദ്യോഗസ്ഥരേയും സംരക്ഷകരേയും ആശങ്കയിലാക്കി.
സിംഹങ്ങള്‍ തമ്മിലുള്ള പോരും കരളിനും വൃക്കക്കുമുള്ള അണുബാധയുമാണ് സിംഹങ്ങളുടെ മരണത്തിന് പ്രധാന കാരണമായി വനം വകുപ്പ് ചൂണ്ടിക്കാണിക്കുന്നത്. അടിയന്തര നടപടികളുടെ ഭാഗമായി ഗീര്‍ അധികൃതര്‍ 31 സിംഹങ്ങളെ മൃഗസംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി വേറിട്ട് പാര്‍പ്പിച്ചിരിക്കയാണ്. ഗീര്‍ വനത്തിലെ സമര്‍ദി പ്രദേശത്തെ സിംഹങ്ങളെയാണ് മാറ്റിയത്. മറ്റു ഭാഗങ്ങളില്‍ ഇതുവരെ സിംഹങ്ങള്‍ ചത്തതായി റിപ്പോര്‍ട്ടുകളില്ലെന്ന് ജുനാഗഡിലെ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ദുശ്യന്ത് വാസവ്ദ പറഞ്ഞു. അസുഖ ബാധിതരായ സിംഹങ്ങളെ രക്ഷാ കേന്ദ്രങ്ങളിലേക്ക് മാറ്റുന്നതിന് 64 സംഘങ്ങളെ കഴിഞ്ഞയാഴ്ച നിയോഗിച്ചിരുന്നു. സിംഹങ്ങള്‍ പൊടുന്നനെ ചത്തതിന്റെ കാരണം കണ്ടെത്താന്‍ വന്യജീവി വിദഗ്ധരെ കേന്ദ്ര സര്‍ക്കാര്‍ ഗീര്‍ വനങ്ങളിലേക്ക് അയക്കുകയും ചെയ്തു.
ഒരു വര്‍ഷം ഇവിടെ സാധാരണ 100 ആണ് സിംഹങ്ങളുടെ മരണസംഖ്യ. വര്‍ഷ കാലത്താണ് ഏറ്റവും കൂടുതല്‍ സിംഹങ്ങള്‍ ചാകാറുള്ളത്. കാലവര്‍ഷ സമയത്ത് ശരാശരി 31-32 സിംഹങ്ങള്‍ ചാകാറുണ്ടെന്ന് വനം വകുപ്പ് വ്യക്തമാക്കുന്നു. 2015ലെ കണക്ക് പ്രകാരം ഗീര്‍ ഉദ്യാനത്തില്‍ 523 സിംഹങ്ങളാണുള്ളത്. 109 ആണ്‍ സിംഹങ്ങളും 201 പെണ്‍ സിംഹങ്ങളും.
ഗീറിനു സമീപം തുടരുന്ന വികസന പ്രവര്‍ത്തനങ്ങള്‍ വലിയ ഭീഷണിയായി മാറിയിട്ടുണ്ട്. വനത്തിനകത്തു കൂടി 1400 ചതുരശ്ര കി.മീ റോഡുകള്‍ നിര്‍മിക്കുന്നതും ഗ്രാമങ്ങള്‍ വികസിപ്പിക്കുന്നതിനും പുറമെ, അനിധികൃത ഖനനവും ദേശീയോദ്യാനത്തിന് വെല്ലുവിളിയായി മാറി.

 

 

Latest News