ന്യൂദൽഹി- രാജ്യത്തെ എല്ലാ സിനിമാ തിയറ്ററുകളിലും പ്രദർശനത്തിനു മുൻപായി ദേശീയ ഗാനം കേൾപ്പിക്കണമെന്നു സുപ്രീം കോടതി. ദേശീയ ഗാനത്തിന്റെ സമയത്ത് സിനിമാ സ്‌ക്രീനിൽ ദേശീയ പതാക പ്രദർശിപ്പിക്കണം. ഈ സമയത്ത് പ്രേക്ഷകർ തീയേറ്ററിൽ എഴുന്നേറ്റു നിൽക്കണമെന്നും സുപ്രീം കോടതി നിർദേശിച്ചു. ഭിന്നശേഷിയുള്ളവർ ഈ സമയത്ത് എഴുന്നേറ്റു നിൽക്കേണ്ടതില്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
തിയേറ്ററിൽ ദേശീയ ഗാനം കേൾപ്പിക്കുകയും ദേശീയ പതാക പ്രദർശിപ്പിക്കുകയും വഴി ജനങ്ങളിൽ രാജ്യസ്‌നേഹവും ദേശീയബോധവും ഉണർത്താൻ കഴിയുമെന്നും ജസ്റ്റിസുമാരായ ദീപക് മിശ്ര, അമിതവ് റോയ് എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. ഭോപ്പാലിൽനിന്നുള്ള വിരമിച്ച എൻജിനീയർ ശ്യാം നാരായൺ ചൗക്‌സെയ് സമർപ്പിച്ച പൊതു താൽപര്യ ഹരജിയിലാണ് കോടതിയുടെ ഉത്തരവ്. ദേശീയ ഗാനം ഉപയോഗിക്കുന്നതിൽ വ്യക്തമായ മാർഗരേഖ വേണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹരജി.
ഭരണഘടനാപരമായ രാജ്യസ്‌നേഹത്തിന്റെ ചിഹ്‌നമാണ് ദേശീയഗാനമെന്നു ജനങ്ങൾ മനസ്സിലാക്കണമെന്നും കോടതി അഭിപ്രായപ്പെട്ടു. ഇതെന്റെ രാജ്യമാണ്, എന്റെ മാതൃരാജ്യമാണ് എന്ന് ഓരോരുത്തർക്കും മനസ്സിൽ തോന്നണം. നിങ്ങൾ ആദ്യമായി ഒരു ഇന്ത്യക്കാരനാണ്. മറ്റു രാജ്യങ്ങളിൽ അവിടെയുള്ള നിയന്ത്രണങ്ങൾ നിങ്ങൾ അനുസരിക്കും. എന്നാൽ, ഇന്ത്യയിൽ ഒരു നിയന്ത്രണവും പാടില്ലെന്ന നിലപാടാണുള്ളതെന്നും കോടതി ചൂണ്ടിക്കാട്ടി. ദേശീയ സ്വത്വം, സമഗ്രത, ഭരണഘടനാപരമായ ദേശസ്‌നേഹം എന്നിവയുടെ അടിസ്ഥാനത്തിലാണ് കോടതി ഇതിനായി മാർഗരേഖ തയാറാക്കിയത്. കോടതി നിർദേശം നടപ്പാക്കാനും ബോധവത്കരിക്കുന്നതിനുമായി സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും ഒരാഴ്ച സമയവും നൽകിയിട്ടുണ്ട്.
ഉത്തരവിന്റെ പകർപ്പ് സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാർക്ക് അയച്ചു കൊടുക്കാൻ കോടതി നിർദേശിച്ചു. പത്ര, ദൃശ്യ മാധ്യമങ്ങളിലൂടെ പ്രചാരണവും നൽകണം. ജനങ്ങൾ ഈ ഉത്തരവിനെ ദേശീയ വികാരത്തോടെ ഉൾക്കൊള്ളണം. സാർവലൗകിക സങ്കൽപത്തിൽ തെറ്റില്ല. എന്നാൽ, ഉള്ളിൽ ഭാരതീയത ഉണ്ടാകുന്നത് സംസ്‌കാരത്തിന്റെ ഭാഗമാണെന്നും സുപ്രീം കോടതിയുടെ രണ്ടംഗ ബെഞ്ച് വ്യക്തമാക്കി. കോടതി തയാറാക്കിയ മാർഗരേഖ അംഗീകരിക്കുന്നതായും അത് അനിവാര്യമാണെന്നും കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായ അറ്റോണി ജനറൽ മുകുൾ റോഹ്തഗി പറഞ്ഞു.
മാർഗനിർദേശങ്ങൾ
* സിനിമാ ഹാളിൽ ദേശീയ ഗാനം കേൾപ്പിക്കാൻ തുടങ്ങും മുമ്പ് വാതിലുകൾ അടച്ച് ആരെയും ഉള്ളിലേക്കു പ്രവേശിക്കാനോ പുറത്തുപോവാനോ അനുവദിക്കാതിരിക്കുക. ദേശീയ ഗാനത്തിനു ശേഷമേ വാതിൽ തുറക്കാവൂ.
* ദേശീയ ഗാനത്തിന്റെ അംഗീകൃത മുഴുവൻ രൂപത്തിലുള്ളതല്ലാതെ സംഗ്രഹിക്കപ്പെട്ട ഗാനം ആലപിക്കുകയോ പ്രദർശിപ്പിക്കുകയോ ചെയ്യരുത്.
* അപകീർത്തികരവും അനാശാസ്യവുമായ സ്ഥലങ്ങളിലും രീതിയിലും ദേശീയ ഗാനം ഉപയോഗിക്കാൻ പാടില്ല.
* വാണിജ്യപരമായ ആവശ്യങ്ങൾക്ക് ദേശീയഗാനം കേൾപ്പിക്കലും ദേശീയപതാക ഉപയോഗിക്കലും നിരോധിച്ചിരിക്കുന്നു.
* ദേശീയഗാനം നാടകീയവത്കരിച്ചു വികൃതമാക്കാൻ പാടില്ല.